നെടുമ്പാശേരി വിമാനത്താവളത്തിൽ പങ്കാളിത്തം ഉറപ്പാക്കി ടാറ്റാ ഗ്രൂപ്പ്; വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനി

മുംബൈ: നെടുമ്പാശേരി വിമാനത്താവളത്തിൽ പങ്കാളിത്തം ഉറപ്പാക്കി ടാറ്റാ ഗ്രൂപ്പ്. എയർ ഇന്ത്യ സർക്കാരിൽ നിന്ന് ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. മൂന്നു ശതമാനം ഓഹരിയാണ് ടാറ്റാ ഗ്രൂപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലുള്ളത്. എയർ ഇന്ത്യയുടെ കൈമാറ്റം പൂർണമാകുന്നതോടെ നെടുമ്പാശേരിയെ ടാറ്റയ്ക്കും നിയന്ത്രിക്കാൻ കഴിയും.

45 കോടി രൂപയുടെ നിക്ഷേപമാണ് എയർ ഇന്ത്യയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ മൂന്ന് ശതമാനം ഓഹരിപങ്കാളിത്തം സർക്കാർ എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡിലേക്ക് മാറ്റിയിട്ടില്ല.

പുനഃസംഘടനാ പദ്ധതി അനുസരിച്ച് എയർ ഇന്ത്യയുടെ ആസ്തികളും കടബാധ്യതയും എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടില്ല. ഇതെല്ലാം ഇനി ടാറ്റയുടെ ഭാഗമാകും. അടുത്ത വർഷം ജനുവരി അവസാനത്തോടെ കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കൽ രേഖ പ്രകാരം ഇതെല്ലാം ടാറ്റയ്ക്ക് തന്നെ ലഭിക്കുന്നതാണ്. വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനി എന്ന വിശേഷണമാണ് ടാറ്റാ ഗ്രൂപ്പിനെ തേടിയെത്തുന്നത്. അതേസമയം എസ്ബിഐ, ഭാരത് പെട്രോളിയം, ഹൗസിങ് ആന്റ് അർബൻ ഡവലപ്പ്മെന്റ് കോർപ്പറേഷൻ തുടങ്ങിയ കമ്പനികൾക്കും നെടുമ്പാശേരി വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തമുണ്ട്.