ഡാം സുരക്ഷാ ബില്ല് പാസാക്കി രാജ്യസഭ; പ്രധാന അണക്കെട്ടുകളെല്ലാം ഇനി കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ

ന്യൂഡൽഹി: ഡാം സുരക്ഷാ ബില്ല് പാസാക്കി രാജ്യസഭ. രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലാക്കാനുള്ള ബില്ലിനാണ് രാജ്യസഭ അംഗീകാരം നൽകിയത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും ബില്ലിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം പിന്തള്ളി ബില്ല് രാജ്യസഭ പാസാക്കുകയായിരുന്നു. ഫെഡറൽ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. നേരത്തെ ബില്ലിന് ലോക്‌സഭ അംഗീകാരം നൽകിയിരുന്നു.

പുതിയ ബില്ല് അനുസരിച്ച് രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം, ദേശീയ തലത്തിൽ രൂപീകരിക്കുന്ന ഡാം സുരക്ഷാ അതോറിറ്റിയുടെ പരിധിയിൽ ഉൾപ്പെടും. അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റിയായിരിക്കും നിയമം നിലവിൽ വന്നതിന് ശേഷം നിർവ്വഹിക്കുന്നത്. ദേശീയ അതോറിറ്റിക്ക് കീഴിൽ സംസ്ഥാനതല സമിതികളും ഉണ്ടായിരിക്കും. പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയിൽ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നത്. രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകകളായിരിക്കും നിയമത്തിന്റെ കടന്നു വരവോടെ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാകുന്നത്. മുല്ലപ്പെരിയാർ തൽക്കാലം സുപ്രീംകോടതി മേൽനോട്ടത്തിൽ തുടരും. എന്നാൽ ഭാവിയിൽ ഡാം സുരക്ഷാ നിയമത്തിന് പരിധിയിലേക്ക് വരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

അതേസമയം ബിജെഡി, അണ്ണാ ഡിഎംകെ പാർട്ടികളും ബില്ലിനെതിരെ എതിർപ്പുമായി രംഗത്തെത്തി. സാധാരണ കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന പാർട്ടികളായിരുന്നു ഇവ. എന്നാൽ മുല്ലപ്പെരിയാറിൽ ഒരു വൈദ്യുതി കണക്ഷൻ വേണമെങ്കിൽ പോലും സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിന് മാറ്റം വരണ്ടേ എന്നായിരുന്നു കേരളത്തിന്റെയും തമിഴ് നാടിന്റെയും എതിർപ്പിന് കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പ്രതികരിച്ചത്. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.