വാഷിംഗ്ടൺ: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി വാക്‌സിൻ നിർമ്മാതാക്കളായ ഫൈസർ. എല്ലാ വർഷവും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ഫൈസർ പറയുന്നത്. ഫൈസർ സിഇഒ ഡോ ആൽബർട്ട് ബുർലയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ എല്ലാ വർഷവും വാക്‌സിനുകൾ വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള വാക്‌സിനേഷൻ ആളുകളിൽ പ്രതിരോധശേഷി ശക്തിപ്പെടുത്തുമെന്നും വർഷന്തോറും വാകിസിൻ സ്വീകരിക്കുന്നത് ശക്തവും ഉയർന്ന തലത്തിലുള്ളതുമായ സംരക്ഷണം നൽകുകയും ചെയ്‌തേക്കാമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകാനുള്ള യുഎസിന്റെ തീരുമാനത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. യുകെയിലെയും യൂറോപ്പിലെയും ഈ പ്രായത്തിലുള്ളവരിൽ കുത്തിവെപ്പ് നൽകുന്നത് മികച്ച തീരുമാനമായിരിക്കും. സ്‌കൂളുകളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യം തടയാൻ ഈ പ്രായത്തിലുള്ളവരിലെ വാക്‌സിനേഷൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം എല്ലാ വർഷവും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കേണ്ടിവരുമെന്ന ഫൈസറിന്റെ നിലപാടിന് അമേരിക്ക പിന്തുണ നൽകി. ബൂസ്റ്റർ ഡോസിലൂടെ ജനങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസി പറഞ്ഞു. രോഗബാധയെ പ്രതിരോധിക്കാൻ അമേരിക്കൻ ജനത എല്ലാ വർഷവും വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

