നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഗജരാജ സംവിധാനം; പുതിയ പദ്ധതിയുമായി റെയിൽവേ

പാലക്കാട്: നിർമിതബുദ്ധി (എഐ)യിൽ പ്രവർത്തിക്കുന്ന ഗജരാജ സംവിധാനം റെയിൽവേ നേരിട്ടു സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. ഒരു മാസത്തിനിടയിൽ രണ്ടു കാട്ടാനകൾ ട്രെയിനിടിച്ചു ചരിഞ്ഞ കോട്ടേക്കാട് ഭാഗത്ത് അപകടങ്ങൾ തടയാൻ വേണ്ടിയാണ് പുതിയ നടപടി. മധുക്കര സെക്ഷനിൽ തമിഴ്‌നാട് വനംവകുപ്പ് എഐ അടിസ്ഥാനമാക്കി വിപുലമായ ക്യാമറ പദ്ധതി നടപ്പാക്കി.

അവിടെ നിന്നു കോട്ടേക്കാടു വരെ തുടർച്ചയായി നിരീക്ഷണം സാധ്യമാകുന്ന വിധം 32 കിലോമീറ്റർ ദൂരത്താണ് ഗജരാജ് എന്നറിയപ്പെടുന്ന ഇഐഡിഎസ്( എലിഫന്റ് ഇൻക്ലൂഷൻ ഡിറ്റക്ഷൻ സിസ്റ്റം) ആരംഭിക്കുന്നത്. 15.42 കോടി രൂപയാണ് ചെലവ്. ആനകൾ കൊല്ലപ്പെട്ടതിനെ തുടർന്ന് വനം റെയിൽവേ അധികൃതർ സംയുക്തമായി പരിഹാര നടപടി ചർച്ച ചെയ്തിരുന്നു.

ബിഎസ്എൻഎൽ സഹായത്തോടെ എഐ ക്യാമറ സ്ഥാപിക്കൽ വനംവകുപ്പ് പരിഗണിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി തടസ്സമാണ്. ഇതിനിടയിലാണു നേരിട്ടു നടപടിക്ക് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അനുമതി നൽകിയത്. ഡിവിഷനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.