വീണ്ടും അശാസ്ത്രീയ നിർമ്മാണം; പണിഞ്ഞിട്ടും തീരാതെയുള്ള അറ്റക്കുറ്റപ്പണികളുമായി പാപ്പിനിശേരി റെയിൽവേ മേൽപ്പാലം

പാപ്പിനിശ്ശേരി: പാലാരിവട്ടം മേൽപ്പാലത്തിന് സമാനമായി അശാസ്ത്രീയ നിർമ്മാണത്തിന്റെ മറ്റൊരു മാതൃകയായി പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം. പാലം തുറന്നു നൽകിയത് മുതൽ നടക്കുന്ന അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയായിട്ടില്ല. മേൽപ്പാല നിർമ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വന്നതോടെയാണ് കരാറുകാർ അറ്റക്കുറ്റപ്പണി നടത്തുന്നത്.

45 കോടി രൂപ ചെലവിട്ടാണ് പാപ്പിനിശേരി മേൽപ്പാലത്തിന്റെ നർമ്മാണം നടത്തിയത്. എന്നാൽ ഏതാനും മാസങ്ങളായി പാലത്തിന്റെ മുകളിലും താഴെയുമായി അറ്റക്കുറ്റപ്പണികൾ നടക്കുകയാണ്. തൂണുകൾക്ക് ബലക്ഷയമില്ലെന്നു കെഎസ്ടിപി അധികൃതർ പറയുമ്പോഴും ഇതിനോടകം 4 തൂണുകൾ പൈൽ ക്യാപ് മുതൽ കോൺക്രീറ്റ് ചെയ്തു കനം കൂട്ടിയിട്ടുണ്ട്. പാലത്തിന് അടിയിലെ ബീമിന് മിക്കയിടത്തും കോൺക്രീറ്റ് അടർന്നു വീണു. ഇവിടങ്ങളിൽ തുരുമ്പെടുത്തു പുറത്തു കാണുന്ന ഇരുമ്പുകമ്പികൾ വലിയ ക്രെയിൻ ഉപയോഗിച്ച് പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. കരാർ കാലാവധി തീർന്ന കരാറുകാരാണ് അറ്റക്കുറ്റപ്പണികൾ നടത്തുന്നത്.