ജമ്മു കശ്മീരിലെ ഡ്രോൺ ആക്രമണം; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ചൊവ്വാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് ഉന്നത തല യോഗം ആരംഭിച്ചത്.

പ്രതിരോധ മേഖലയിലെ വെല്ലുവിളികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. ഞായറാഴ്ച്ച പുലർച്ചെയാണ് ജമ്മുവിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. രണ്ടുതവണയായാണ് ആക്രമണം നടന്നത്. ഇന്ത്യൻ വിമാനങ്ങളേയും ഹെലികോപ്ടറുകളേയും ലക്ഷ്യമിട്ടാണ് ഭീകരർ സ്‌ഫോടനം നടത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചിരുന്നു.

ആക്രമണത്തിൽ രണ്ടു പേർക്ക് ചെറിയ രീതിയിൽ പരിക്കേറ്റിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യോമസേന സ്റ്റേഷന് സമീപമുള്ള സത്വാരി പ്രദേശത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്.