സർക്കാർ രാഷ്ട്രീയ വൈരാഗ്യം കാണിക്കുന്നു: 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറി കിറ്റെക്‌സ്‌

കൊച്ചി: സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻവാങ്ങി കിറ്റെക്സ്. സർക്കാരിന്റെ രാഷ്ട്രീയവൈരാഗ്യം തീർക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് പിൻവാങ്ങൽ. പദ്ധതികൾ സംബന്ധിച്ച് ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബാണ് അറിയിച്ചത്.

അപ്പാരൽ പാർക്കും മൂന്ന് വ്യവസായ പാർക്കും തുടങ്ങാനായിരുന്നു സർക്കാരും കിറ്റെക്‌സുമായി ധാരണാ പത്രത്തിൽ ഏർപ്പെട്ടിരുന്നത്. അനാവശ്യമായി പരിശോധനകൾ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കിറ്റെക്‌സിന്റെ ആരോപണം.

മലിനീകരണ നിയന്ത്രണ ബോർഡ്, തൊഴിൽ വകുപ്പ് തുടങ്ങിയവ ഉൾപ്പെടെ പല വകുപ്പുകളുടെയും 11 പരിശോധനകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നതെന്ന് കിറ്റെക്‌സ് പറയുന്നു. എന്നാൽ ഈ പരിശോധനകളിൽ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുന്ന നടപടിയാണികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കിറ്റെക്‌സ് വിശദമാക്കുന്നു.

സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇതത്രത്തിലുള്ള സമീപനം കാരണം വികസന പദ്ധതികളുമായി കമ്പനി മുന്നോട്ടു പോകുന്നില്ലെന്നാണ് തീരുമാനം. 2020 ജനുവരിയിൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിൽ വെച്ചാണ് കിറ്റെക്സ് സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടത്.