ജമ്മു കശ്മീരിലുണ്ടായ ഡ്രോൺ ആക്രമണം; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നത തല യോഗം നടത്തിയതിന് പിന്നാലെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണം നടന്നതിന്റെ ഞെട്ടലിലാണ് രാജ്യം. ആദ്യമായാണ് രാജ്യത്ത് ഇത്തരത്തിൽ ഡ്രോൺ ആക്രമണം നടക്കുന്നത്. അതിനാൽ തന്നെ വിഷയത്തെ അതിഗൗരവമായി തന്നെയാണ് അധികൃതർ നോക്കിക്കാണുന്നതും. വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ ഭീകരർക്ക് സംഭവിച്ച ചെറിയ പിഴവ് കാരണം വലിയ ദുരന്തമാണ് ഒഴിവായിരിക്കുന്നത്. ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്തിയ ഭീകരർക്ക് കനത്ത തിരിച്ചടി നൽകണമെന്നാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം.

ഡ്രോൺ ആക്രമണത്തെ കുറിച്ച് ഇന്ത്യ യു എൻ അംഗരാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. പൊതുസഭയിൽ അംഗരാജ്യങ്ങളുടെ തീവ്രവാദ വിരുദ്ധ ഏജൻസികളുടെ തലവന്റെ രണ്ടാം ഉന്നതതല സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി അറിയിച്ചു.

ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രതിരോധ മേഖലയിലെ വെല്ലുവിളികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. പാകിസ്താന് തിരിച്ചടി നൽകാൻ വേണ്ടിയാണ് യോഗം ചേർന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച്ച പുലർച്ചെയാണ് ജമ്മുവിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. രണ്ടുതവണയായാണ് ആക്രമണം നടന്നത്.