General (Page 1,298)

കോഴിക്കോട്: വഖഫ് നിയമം പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് മുസ്ലീം ലീഗ്. പ്രതിഷേധത്തിൽ നിന്നും പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലി പ്രഖ്യാപിച്ചു. വിഷയത്തിൽ സമുദായം ഒറ്റക്കെട്ടാണെന്നും ഐക്യത്തിൽ വിളളൽ വിഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ന്യൂനപക്ഷ അവകാശങ്ങളിൽ തൊട്ടുകളിക്കേണ്ടെന്ന മുന്നറിയിപ്പാണ് വഖഫ് റാലിയെന്ന് കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ട വിഷയത്തിൽ തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന സർക്കാർ നിലപാടിൽ വിശ്വാസമില്ലെന്നും 2017 ൽ കൊണ്ടുവന്ന നിയമ ഭേദഗതി പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. വഖഫ് ബോർഡ് നിയമനത്തിനെതിരെ മുസ്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്.

വിഷയത്തിൽ സർക്കാരുമായി ചർച്ച നടത്തിയ സംഘത്തിലെ അബ്ദുസമദ് പൂക്കോട്ടൂർ ഉൾപ്പെടെ ഒരു വിഭാഗം സമസ്ത നേതാക്കളും റാലിക്കെത്തിയിരുന്നു. എന്നാൽ ഇവരൊന്നും റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ ഇന്നലെ പിന്നോട്ട് പോയിരുന്നു. വഖഫ് നിയമന വിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സർക്കാർ പിന്മാറാൻ തീരുമാനിച്ചത്.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനം നവംബർ 9 ന് സഭയിൽ പാസാക്കി ഗവർണർ ഒപ്പിട്ട് 14 ന് ഗസറ്റ് വിജ്ഞാപനം ഇറക്കി. പ്രതിഷേധം ഉയർന്നതോടെ മുഖ്യമന്ത്രി സനസ്ത നേതാക്കളുമായി ചർച്ച നടത്തുകയും വിഷയത്തിൽ സർക്കാരിന് പി
ടിവാശിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിഎസ്‌സി നിയമനത്തിൽ വഖഫ് ബോർഡാണ് തീരുമാനമെടുത്തതെന്നും സർക്കാരിന്റെ നിർദേശമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബിൽ സഭയിൽ വന്നപ്പോൾ പിഎസ്സി നിയമനത്തെ അനുകൂലിച്ച മുസ്ലീം ലീഗ് ഇപ്പോൾ ഇതൊരു വൈകാരിക വിഷയമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് ഒരു രാഷ്ട്രീയപാർട്ടിയാണോ മത സംഘടനയാണോ എന്നത് ലീഗ് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് വിഷയത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യകതമാക്കിയതാണ്, സർക്കാരിന് ഈ വിഷയത്തിൽ പിടിവാശിയോ നിർബന്ധമോ ഇല്ല. മത സംഘടനാ നേതാക്കളോട് ഈ വിഷയം ചർച്ച ചെയ്തതാണ്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെയാകെ ആട്ടിപ്പേറവകാശം തങ്ങൾക്കാണ് എന്ന് പറഞ്ഞു വന്നാൽ അത്
അംഗീകരിക്കാൻ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചർച്ച ചെയ്യേണ്ടവരുമായി ചർച്ച ചെയ്ത് പരിഹാരം കാണും. അവർക്ക് ഇതിൽ കൃത്യമായ ബോധ്യമുണ്ട്. എന്നാൽ ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു. ലീഗിന് ചെയ്യാനുള്ളത് ചെയ്യൂ, തങ്ങൾക്കതിൽ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: അനിശ്ചിതക്കാല സമരം ആരംഭിക്കാനൊരുങ്ങി കോൺഗ്രസ്. തേവര കെയുആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്ന ലോ ഫ്‌ളോർ ബസ്സുകൾ ഉടൻ സർവീസ് തുടങ്ങിയില്ലെങ്കിൽ അനിശ്ചികാലസമരം ആരംഭിക്കുമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നത്. കോടികൾ വിലയുള്ള ബസുകൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനാലാണ് കോൺഗ്രസ് സമരം നടത്താനൊരുങ്ങുന്നത്. സമരരീതി തീരുമാനിക്കാൻ ഉടൻ ഡിസിസി പ്രത്യേക യോഗം ചേരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

35 ദീർഘദൂരബസ്സുകൾ ഉൾപ്പടെ 85 ലോ ഫ്‌ളോർ എസി ബസ്സുകളാണ് തേവര കെയുആർടിസി ഡിപ്പോയിൽ കിടന്ന് നശിക്കുന്നത്. ഇങ്ങനെ തുരുമ്പെടുത്ത് നശിക്കുന്നത്. ജൻറം പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ കൊച്ചിക്കായി പ്രത്യേകം അനുവദിച്ച ബസ്സുകളാണ് നശിച്ചു കൊണ്ടിരിക്കുന്നത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുറയുന്നതോടെ അറ്റകുറ്റപണി പൂർത്തിയാക്കി സർവീസ് തുടങ്ങുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് ഇതുവരെ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിനെതിരെയാണ് കോൺഗ്രസ് സമരം നടത്താനൊരുങ്ങുന്നത്.

veena

തിരുവനന്തപുരം: 30 ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയർ ആശുപത്രികളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച 600 ഓളം കേന്ദ്രങ്ങളിലും 12 മെഡിക്കൽ കോളേജുകളിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറൽ ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് 1284 ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി അറിയിച്ചു.

കുടുംബരോഗ്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് ഭാരിച്ച തുക ആവശ്യമായിട്ടുണ്ട്. എന്നിരുന്നാലും ഇ ഹെൽത്ത് പദ്ധതിയുടെ സേവനം കൂടുതൽ ടെറിഷ്യറി കെയർ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തിൽ 30 ജില്ലാ, ജനറൽ ആശുപത്രികളിലെ ഒപി വിഭാഗത്തിൽ ഇ ഹെൽത്ത് ആരംഭിക്കുന്നത്. ഇതോടെ ഈ ആശുപത്രികളിൽ തിരക്കൊഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാകുന്നതാണെന്ന് വീണാ ജോർജ് വിശദീകരിച്ചു.

ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രി, ചെങ്ങന്നൂർ ജില്ലാ ആശുപത്രി, എറണാകുളം ആലുവ ജില്ലാ ആശുപത്രി, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, തൃശൂർ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി എന്നീ ജില്ലാ ആശുപത്രികളിലും ആലപ്പുഴ ജനറൽ ആശുപത്രി, എറണാകുളം മൂവാറ്റുപുഴ ജനറൽ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, കണ്ണൂർ തലശേരി ജനറൽ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, പാലാ ജനറൽ ആശുപത്രി, ചങ്ങനാശേരി ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, മലപ്പുറം മഞ്ചേരി ജനറൽ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി എന്നീ ജനറൽ ആശുപത്രികളിലുമാണ് ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: പത്ത് പുതിയ ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്ത് നാസ. ആർട്ടിമിസ് അടക്കമുള്ള ഭാവി ദൗത്യങ്ങൾക്ക് വേണ്ടിയാണ് നാസ ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തത്. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെയുള്ളവരെയാണ് തെരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. നികോൾ അയേർസ്, മാർകോസ് ബെറിയോസ്, ക്രിസ്റ്റീന ബിർച്ച്, ഡെനിസ് ബർനഹാം, ലൂക് ഡെലാനി, ആൻഡ്രേ ഡഗ്ലസ്, ജാക്ക് ഹാത്ത്‌വേ, ക്രിസ്റ്റിഫർ വില്യംസ്, ജെസിക്ക വിറ്റ്‌നർ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ത്യൻ വംശജനായ അനിൽ മേനോനും സംഘത്തിലുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീർഘകാല സഞ്ചാരികൾക്കൊപ്പം ഡെപ്യൂട്ടി ക്രൂ സർജനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അനിൽ മേനോൻ. 2014ലാണ് അദ്ദേഹം നാസയുടെ ഭാഗമാകുന്നത്.

വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തത്. 2022 ജനുവരിയിൽ പുതിയ ആസ്ട്രനോട്ടുകൾക്കുള്ള പരിശീലനത്തിന് തുടക്കം കുറിക്കും. രണ്ട് വർഷത്തെ പ്രാരംഭ പരിശീലനമാണ് ജനുവരിയിൽ ആരംഭിക്കുന്നത്. പരിശീലനത്തിന് ശേഷം സംഘാങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയ ദൗത്യങ്ങളിലേക്കോ, ആർട്ടെമിസ് പ്രോഗ്രാമിലേക്കോ വിന്യസിക്കുമെന്നും നാസ വ്യക്തമാക്കി.

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ചൈനയാണ്. ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വാക്കുകളാണിവ. ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറാൻ അവരുടെ നിയമം അനുവദിക്കുകയാണെങ്കിൽ അവിടെ തർക്കം ഉണ്ടാകും. ചൈന കളിക്കുന്ന മനശാസ്ത്രപരമായ കളികൾക്ക് കീഴ്‌പ്പെടുന്നവരായി നാം മാറരുത്. അതാണ് അവർക്ക് വേണ്ടത്. പാക്കിസ്ഥാനല്ല, ചൈനയാണ് നമ്മുടെ ഏറ്റവും വലിയ ശത്രുവെന്നായിരുന്നു നവംബറിൽ നടന്ന ടൈംസ് നൗ സമ്മിറ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ചൈനയാണോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വടക്കൻ അതിർത്തിയിൽ ചൈന സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. പരസ്പരം ഭീഷണിയാവില്ലെന്ന ഇരു രാജ്യങ്ങളുടേയും നേതാക്കന്മാരുടെ നയതന്ത്ര മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതാണ് ബിപിൻ റാവത്തിന്റെ പ്രതികരണമെന്നായിരുന്നു ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് കേണൽ വു ക്വിയാൻ അറിയിച്ചത്.

ജനറൽ റാവത്തിന്റെ അഭിപ്രായം അപകടകരവും ഭൗമരാഷ്ട്രീയ ഏറ്റുമുട്ടലിന് പ്രേരിപ്പിക്കുന്നതുമാണെന്ന് ചൈന പ്രതികരിച്ചിരുന്നു. ബിപിൻ റാവത്തിന്റെ വിയോഗ വാർത്ത കേട്ടതിന്റെ നടുക്കലിനിടയിലും അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഓരോ ഇന്ത്യക്കാരന്റെ മനസിലും മുഴങ്ങി കേൾക്കുന്നുണ്ട്.

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പളം സർക്കാർ ജീവനക്കാർക്ക് തുല്യമായി പരിഷ്‌കരിക്കുവാൻ തീരുമാനമായി. കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 2021 ജൂൺ മുതൽ പുതിയ ശമ്പളസ്‌കെയിൽ നിലവിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

2022 ജനുവരിയിലെ ശമ്പളം മുതൽ പുതിയ നിരക്കിലുള്ള ശമ്പളം ലഭിച്ചു തുടങ്ങും. നിലവിലുള്ള അടിസ്ഥാന ശമ്പളം 8730 രൂപയിൽ നിന്നും 23,000 രൂപയായി വർദ്ധിപ്പിക്കും. ഡി.എ. 137 ശതമാനം പുതിയ ശമ്പള സ്‌കെയിലിൽ ലയിപ്പിക്കും. ഫിറ്റ്‌മെന്റ് അലവൻസ് 10 ശതമാനം നിലനിർത്തും. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് തസ്തികയിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് 6 മാസം പ്രസവാവധിയ്ക്ക് പുറമെ 5000 രൂപ അലവൻസോട് കൂടി ഒരു വർഷത്തെ ശൂന്യവേതനാവധി അനുവദിക്കും. സർവ്വീസ് ആനുകൂല്യങ്ങൾക്ക് ഈ കാലയളവു പരിഗണിക്കുകയും ചെയ്യുന്ന സ്ത്രീ സൗഹൃദ പ്രഖ്യാപനവും പുതിയ ശമ്പളപരിഷ്‌കരണത്തിലുണ്ട്. വീട്ടു വാടക ബത്ത 4 ശതമാനം നിരക്കിൽ കുറഞ്ഞത് 1200/ രൂപ മുതൽ 5000/ രൂപ വരെ വർദ്ധിപ്പിക്കും. ഡി.സി.ആർ.ജി. 7 ലക്ഷത്തിൽ നിന്നും 10 ലക്ഷമായി വർദ്ധിപ്പിക്കും. സി.വി.പി. 20 ശതമാനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്ക് 50 രൂപയും 20ൽ കൂടുതൽ ഡ്യൂട്ടി ചെയ്യുന്നവർക്ക് 100 രൂപയും അധിക ബത്ത നൽകും. പ്രമോഷൻ ഘട്ടംഘട്ടമായി നടപ്പാക്കും. മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ട് അനുസരിച്ച് നിയമപരമായി ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരിക്കും. എല്ലാ വിഭാഗം ജീവനക്കാരുടെയും ജോലി മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് ഉത്പാദനക്ഷമത വർദ്ധിപ്പിക്കും. 500 കിലോമീറ്റർ വരെയുള്ള ദീർഘദൂര സർവ്വീസുകളിൽ ഡ്രൈവർ കം കണ്ടക്ടറെ നിയോഗിക്കും. അന്തർസംസ്ഥാന ബസുകളിൽ ക്രൂ ചെയിഞ്ച് നടപ്പാക്കും. ഡ്രൈവർ കം കണ്ടക്ടർ, അക്കൗണ്ടിംഗ് വിഭാഗം എന്നീ പുതിയ കേഡർ തസ്തികകൾ സൃഷ്ടിക്കും. മെക്കാനിക്കൽ ജനറൽ, മെക്കാനിക്കൽ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കൽ വിഭാഗം രണ്ടായി പുനസംഘടിപ്പിക്കും. 45 വയസിലധികം പ്രായമുള്ള ജീവനക്കാർക്ക് 50 ശതമാനം ശമ്പളത്തോടുകൂടി 5 വർഷം വരെ സർവ്വീസ് ആനുകൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് അവധി അനുവദിക്കും. പൊതു അവധി 15 ആയും, നിയന്ത്രിതാവധി 4 ആയും നിജപ്പെടുത്തും. പെൻഷൻ പരിഷ്‌കരണം സംബന്ധിച്ച് പെൻഷൻകാരുടെ സംഘടനകളുമായും സഹകരണ, ധനകാര്യ വകുപ്പുമായും ചർച്ച നടത്തി മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനിക്കും. എംപാനൽ ജീവനക്കാരെ സംബന്ധിച്ച കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുവാൻ 3 അംഗ സമിതിയെ നിയോഗിക്കും. കെഎസ്ആർടിസി സിഫ്റ്റ് സർക്കാരിന്റെ പ്രഖ്യാപിത നയമായതിനാൽ 2022 ജനുവരിയിൽ ആരംഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ജീവനക്കാർക്കായി ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നത് കണക്കിലെടുത്ത് ജീവനക്കാർ സംതൃപ്തരാകുമെന്നും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ ജനുവരി 31 വരെ പുനരാരംഭിക്കില്ല. കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണിനെപ്പറ്റിയുള്ള ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ‘എയർ ബബിൾ’ മാനദണ്ഡം പാലിച്ചുള്ള വിമാന സർവീസുകൾ പഴയതുപോലെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിദ്ധ്യം പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന തീരുമാനത്തിലെത്തിയത്.

അതേസമയം അന്താരാഷ്ട്ര സർവ്വീസുകൾക്കുള്ള നിയന്ത്രണം അന്താരാഷ്ട്ര കാർഗോ വിമാനങ്ങൾക്കോ ഡിജിസിഎ പ്രത്യേകം അംഗീകരിച്ച ഫ്‌ലൈറ്റുകൾക്കോ ബാധകമല്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിൽ മരംമുറിക്ക് ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെയുള്ള നടപടി പിൻവലിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനായ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷനാണ് പിൻവലിച്ചത്. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് തീരുമാനം.

നവംബർ 11-നായിരുന്നു മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്ക് അനുമതി നൽകിയതിന് ബെന്നിച്ചൻ തോമസിസിനെതിരെ നടപടി സ്വീകരിച്ചത്. ബെന്നിച്ചൻ തോമസിന്റെ ഉത്തരവ് പ്രകാരം മരംമുറി നടന്നിട്ടില്ലെന്നാണ് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി നൽകിയ ശുപാർശയിൽ വ്യക്തമാക്കിയിട്ടുള്ളത്. മേലിൽ മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് എടുക്കുന്ന നടപടികൾ വനംവകുപ്പു മേധാവിയെയും സർക്കാരിനെയും അറിയിച്ചാകണം എന്ന ഉപാധിയുടെ അടിസ്ഥാനത്തിൽ ബെന്നിച്ചനെ തിരിച്ചെടുക്കണമെന്നും ശുപാർശയിൽ വിശദമാക്കുന്നുണ്ട്. ഇത് അംഗീകരിച്ചു കൊണ്ടാണ് ബെന്നിച്ചന്റെ സസ്‌പെൻഷൻ പിൻവലിച്ചത്.

ഐ.എഫ്.എസ്. അസോസിയേഷനും വനംവകുപ്പിലെ ഉദ്യോഗസ്ഥ സംഘനകളും സിവിൽ സർവീസസ് അസോസിയേഷനും ബെന്നിച്ചന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിൽ സമ്മർദ്ദം ചൊലുത്തിയിരുന്നു. ഉദ്യോഗസ്ഥതലത്തിലെ മറ്റ് വീഴ്ചകളെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ റിപ്പോർട്ടും സർക്കാരിന് ലഭിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ കാര്യമായ കണ്ടെത്തലുകളോ കുറ്റപ്പെടുത്തലുകളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹെലികോപ്ടർ അപകടത്തിൽ മരിച്ച മറ്റ് 12 പേർക്കും അദ്ദേഹം അന്ത്യാഞ്ജലി അറിയിച്ചു. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തി അപകടത്തിൽ മരിച്ച ഓരോരുത്തരുടേയും ചിത്രങ്ങൾക്ക് മുന്നിൽ അദ്ദേഹം റീത്ത് സമർപ്പിച്ചു. ഭൗതിക ശരീരം അടങ്ങിയ പെട്ടികളിൽ അദ്ദേഹം പുഷ്പാർച്ചനയും നടത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു. വിവിധ സൈനികമേധാവികളും ഹെലിക്‌പോക്ടർ അപകടത്തിൽ മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും വിമാനത്താവളത്തിലെത്തി മരണപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ റീത്തുകൾ സമർപ്പിച്ചു. രാവിലെ 11 മുതൽ 12 മണി വരെ ബിപിൻ റാവത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. പൊതുജനങ്ങൾക്കും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടായിരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും മൃതദേഹം സംസ്‌കാരിക്കുന്നത്. അപകടത്തിൽ മരിച്ച 13 പേരിൽ നാലു പേരുടെ മൃതദേഹങ്ങൾമാത്രമെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം മാത്രമെ ബന്ധുക്കൾക്ക് വിട്ടു നൽകൂ.

അതേസമയം അപകടത്തിൽ മരിച്ച വരുൺ സിംഗിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. വിദഗ്ദ്ധ ചികിത്സ നൽകാനായി അദ്ദേഹത്തെ ബംഗളൂരൂവിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.