ന്യൂഡൽഹി: ഭാരത് ബയോടെക്കിൽ നിന്ന് രണ്ട് കോടി ഡോസ് കൊവാക്‌സിൻ വാങ്ങാനുള്ള ബ്രസീൽ സർക്കാരിന്റെ കരാറിനെതിരെ എതിർപ്പുമായി പ്രതിപക്ഷ പാർട്ടികൾ. എതിർപ്പുയർന്നതോടെ കരാർ നടപടികൾ നിർത്തിവെയ്ക്കാനാണ് ബ്രീസിൽ സർക്കാരിന്റെ തീരുമാനം. 32.4 കോടി ഡോളറിന്റെ ഇടപാടിൽ ക്രമക്കേടുണ്ടെന്നാണ് പ്രസിഡൻറ് ജയിർ ബോൾസൊനാരോയ്‌ക്കെതിരെ ഉയർന്ന ആരോപണം. വാക്‌സിൻ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് ഫെഡറൽ കംട്രോളർ ജനറൽ വാഗ്‌നർ റൊസാരിയോ അറിയിച്ചു.
2 കോടി ഡോസ് കൊവാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഭാരത് ബയോടെക്കും ബ്രസീലിലെ ഫെഡറൽ സർക്കാരും ഒപ്പുവെച്ചത് ഫെബ്രുവരി മാസത്തിലാണ്. ബ്രസീലിയൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ നീഡ് മെഡിസിൻസ് ആയിരുന്നു കരാറിലെ ഇടനിലക്കാർ. എന്നാൽ കരാർ പ്രകാരമുള്ള വാക്‌സിൻ ഇതുവരെ ബ്രസീലിൽ എത്തിയിട്ടില്ല. വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് നാഷണൽ ഹെൽത്ത് സർവൈലൻസ് ഏജൻസി അറിയിച്ചരിക്കുന്നത്. തുടർന്നാണ് കരാറിന്റെ അഴിമതി ആരോപണം ഉയർന്നത്.
വാക്‌സിൻ ഇറക്കുമതിയുടെ മറവിൽ അഴിമതി നടന്നെന്നും പ്രസിഡന്റ് ജയിർ ബോൾസൊനോരോ കൂട്ടുനിന്നെന്നും ആരോപിച്ച് മൂന്ന് സെനറ്റർമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

