General (Page 1,273)

തിരുവനന്തപുരം: നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി മൂന്നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വില്ലൻ വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലായും അഭിനയിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

പതിഞ്ചാമത്തെ വയസ്സിൽ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. പന്ത്രണ്ട് വർഷം അദ്ദേഹം പട്ടാളത്തിൽ ജോലി ചെയ്തു. അതിനിടയ്ക്കാണ് പ്രേം നസീറിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ജി.കെ പിള്ളയെ സിനിമ മേഖലയിലെത്തിച്ചത്.

1954 ൽ പുറത്തിറങ്ങിയ സ്നേഹസീമ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ടെലവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അശ്വമേധം, ആരോമൽ ഉണ്ണി, ചൂള, ആനക്കളരി, കാര്യസ്ഥൻ, നായരു പിടിച്ച പുലിവാൽ, ജ്ഞാനസുന്ദരി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

മുംബൈ: ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം. നൈജീരിയിൽ നിന്നെത്തിയ 52കാരനാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലാണ് അദ്ദേഹം മരിച്ചത്. പിന്നീട് നടന്ന പരിശോധനയിൽ അദ്ദേഹത്തിന് ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു.

ഹൃദസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ഇദ്ദേഹത്തിന്റെ സാമ്പിൾ അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഇദ്ദേഹത്തിന് ഒമിക്രോൺ രോഗബാധ കണ്ടെത്തിയത്. ലോകത്തിലെ തന്നെ നാലാമത്തെ ഒമിക്രോൺ മരണമെന്നാണ് വിവരം.

ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ അതീവ ജാഗ്രത നിർദേശവും പുറപ്പെടിവിച്ചിട്ടുണ്ട്.

വ്യാഴാഴ്ച മഹാരാഷ്ട്രയിൽ 198 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആകെ 450 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

കൊച്ചി: ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറി സിനുവാണ് അറസ്റ്റിലായത്. കൊലപാതകം നടത്താനുള്ള ഗൂഢാലോചനയിൽ നേരിട്ടു ബന്ധമുള്ളയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത വെള്ളക്കിണർ സ്വദേശി അനൂപ് അഷ്‌റഫ്, റസീബ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനൂപ് അഷ്‌റഫിനെ ബംഗളുരുവിൽ നിന്നും റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. 12 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്.

കേരളത്തിന് പുറത്തുള്ള എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. മറ്റ് പ്രതികളെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. കേസിൽ ഉൾപ്പെട്ട പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. ഇതിനുള്ള സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.

തൃശൂർ: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് മുഖ്യമന്ത്രി പ്രദീപിന്റെ വീട് സന്ദർശിച്ചത്. പ്രദീപിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ അദ്ദേഹം പങ്കുചേർന്നു.

പ്രദീപിന്റെ ചിത്രത്തിൽ മുഖ്യമന്ത്രി പുഷ്പങ്ങൾ അർപ്പിച്ചു. പ്രദീപിന്റെ അച്ഛനെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു. പ്രദീപിന്റെ മക്കളായ ദക്ഷ്വിൻദേവ്, ദേവപ്രയാഗ എന്നിവരോട് അദ്ദേഹം വിശേഷങ്ങൾ ചോദിച്ചു. അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, സഹോദരൻ പ്രസാദ് എന്നിവരേയും അദ്ദേഹം സാന്ത്വനിപ്പിച്ചു. മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഡിസംബർ എട്ടിനാണ് കുനൂരിൽ ഹെലികോപ്റ്റർ അപകടം ഉണ്ടായത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണ് മരിച്ചത്.

അതേസമയം പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എം.കോം ബിരുദധാരിയാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി. പ്രദീപിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നൽകുമെന്നാണ് സർക്കാർ അറിയിക്കുന്നത്. പ്രദീപിന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ധനസഹായം നൽകുന്നതിന്റെയും സർക്കാർ ഉത്തരവ് റവന്യു മന്ത്രി കൈമാറിയിട്ടുണ്ട്. സൈനികക്ഷേമ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു മൂന്നു ലക്ഷം രൂപയുമാണ് നൽകുന്നത്.

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വികസന പ്രവർത്തനങ്ങൾക്ക് വേഗം പകർന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനത്ത് 17500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. 23 പദ്ധതികളാണ് ഉത്തരാഖണ്ഡിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 14100 കോടിയിലധികം വരുന്ന 17 പദ്ധതികളുടെ തറക്കല്ലിടലാണ് പ്രധാനമന്ത്രി നടത്തിയത്. ജലസേചനം, റോഡ്, പാർപ്പിടം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം, ശുചിത്വം, കുടിവെള്ള വിതരണം തുടങ്ങിയ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പിത്തോരഗഡിലെ ജലവൈദ്യുത പദ്ധതി, നൈനിറ്റാളിലെ മലിനജല ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, ഒന്നിലധികം റോഡ് വീതി കൂട്ടൽ പദ്ധതികൾ തുടങ്ങിയവ ഉൾപ്പെടെ ആറ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു. 3400 കോടി രൂപയുടെ പദ്ധതികളാണിവ.

8700 കോടി രൂപയുടെ റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിച്ചു. വിദൂര, ഗ്രാമ, അതിർത്തി പ്രദേശങ്ങളിലെ കൈലാസത്തിലേക്കും മാനസരോവറിലേക്കുമുള്ള യാത്രയ്ക്ക് മെച്ചപ്പെട്ട സൗകര്യമാണ് റോഡുകൾ പൂർത്തിയാകുന്നതോടെ ലഭിക്കുന്നത്. ഉദംസിംഗ് നഗറിൽ എയിംസ് ഋഷികേശ് ഉപഗ്രഹ കേന്ദ്രത്തിനും പിത്തോരഗഡിലെ ജഗ്ജീവൻ റാം സർക്കാർ മെഡിക്കൽ കോളേജിനും നരേന്ദ്ര മോദി തറക്കല്ലിട്ടു. കാശിപൂരിലെ അരോമ പാർക്കിന്റെയും സിതാർഗഞ്ചിലെ പ്ലാസ്റ്റിക് ഇൻഡസ്ട്രിയൽ പാർക്കിന്റെയും സംസ്ഥാനത്തുടനീളമുള്ള പാർപ്പിടം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയിലെ മറ്റ് നിരവധി സംരംഭങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചു. ഉത്താരഖണ്ഡിലെ മുൻ സർക്കാരുടെ പ്രധാനമന്ത്രി വിമർശിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി ആവിഷ്‌ക്കരിച്ച പദ്ധതികൾക്ക് കാലതാമസം വരുത്തിയതിനാണ് അദ്ദേഹത്തിന്റെ വിമർശനം.

ശൗചാലയങ്ങളുടെ നിർമാണവും മെച്ചപ്പെട്ട മലിനജല സംവിധാനവും ആധുനിക ജല ശുദ്ധീകരണ സൗകര്യങ്ങളും വന്നതോടെ ഗംഗ കൂടുതൽ ശുദ്ധമായെന്നും ഡൽഹിയിലെയും ഡെറാഡൂണിലെയും സർക്കാരുകളെ നയിക്കുന്നത് അധികാരമോഹമല്ല മറിച്ച് സേവനമനോഭാവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നത് വികസനത്തിന്റെ വേഗം വർധിപ്പിക്കാനാണ്. നിങ്ങളുടെ സ്വപ്നങ്ങളാണ് ഞങ്ങളുടെ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ് വിപുലീകരണ പദ്ധതികൾ വിദൂര പ്രദേശങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക മാത്രമല്ല, ഈ മേഖലയിലെ ടൂറിസം, വ്യാവസായിക, വാണിജ്യ പ്രവർത്തനങ്ങൾക്ക് പുഷ്ടി പകരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: മുസ്ലീം ലീഗിനും ജമാ അത്തെ ഇസ്ലാമിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് ജമാ അത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവർഗീയതയുടെ കാര്യത്തിൽ എസ്ഡിപിഐയോട് മത്സരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കാനാകാത്തതിനാൽ കോൺഗ്രസ് ശോഷിച്ചുവെന്നും ഇത് ലീഗിനും സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലീഗ് മതേതര വിശ്വാസികളെ പുച്ഛിക്കുകയാണ്. പൊയ്മുഖം കാണിക്കാറുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ വർഗീയ ശക്തികളോട് ഒരു വിട്ടുവീഴ്ച്ചയും കാണിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നുണ പ്രചരിപ്പിച്ചാൽ വേഗം തിരിച്ചറിയും ഇത് പഴയ കാലമല്ലെന്ന് ലീഗ് നേതൃത്വം മനസിലാക്കണമെന്നും അദ്ദേഹം അറിയിച്ചു. വഖഫ് നിയമം നിയമസഭയിൽ വന്നപ്പോൾ ലീഗ് നേതാവ് എതിർത്തില്ലെന്നും നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യക്തിപരമായ ആക്ഷേപങ്ങൾക്കും അദ്ദേഹം മറുപടി നൽകി. തന്റെ അച്ഛനും വഖഫ് ബോർഡ് പിഎസ്‌സിക്കു വിടുന്നതും തമ്മിൽ എന്താണ് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. ചെത്തുകാരന്റെ മകൻ എന്നത് തനിക്ക് അഭിമാനകരമാണ്. അമ്മയേയും പെങ്ങളേയും മുസ്ലീം ലീഗ് തിരിച്ചറിയണം. മുസ്ലീം ലീഗിൽ അണിചേർന്നവരിൽ ഭൂരിഭാഗവും മതനിരപേക്ഷതയുള്ളവരാണെന്നും ഇവർ നേതൃത്വത്തെ തിരുത്താൻ പറ്റുമെങ്കിൽ തിരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകമെന്ന് ദുരന്തനിവാരണ വകുപ്പ്. സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദ്ദേശമുണ്ട്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ജില്ല കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡിസംബർ 31 ന് രാത്രി 10 മണിയ്ക്ക് ശേഷം പുതുവത്സരാഘോഷങ്ങൾ അനുവദിക്കില്ല.

ന്യൂഡൽഹി: ക്രിപ്‌റ്റോകറൻസിയെ ഇന്ത്യയിൽ പൂർണമായും നിരോധിക്കണമെന്ന ആവശ്യവുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രിപ്‌റ്റോകറൻസി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിക്ക് കടുത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നാണ് ആർബിഐ അറിയിക്കുന്നത്. ഭാഗികമായ നിയന്ത്രണങ്ങൾ കൊണ്ട് നേരിടാൻ സാധിക്കാത്തതിനാൽ സമ്പൂർണ നിരോധനമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിപ്‌റ്റോ കറൻസി വി,യത്തിൽ പ്രധാനമന്ത്രിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമാണ് ആർബിഐയുടേത്.

ക്രിപ്‌റ്റോകറൻസി പോലുള്ള ആധുനിക ടെക്‌നോളജികളെ കണ്ണടച്ച് തള്ളിക്കളയാതെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അവയ്ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നാണ് നോക്കേണ്ടതെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നത്. ക്രിപ്‌റ്റോകറൻസിയിൽ നേരത്തെയും ആർബിഐ എതിർപ്പ് അറിയിച്ചിട്ടുണ്ട്. 2018 ൽ ക്രിപ്‌റ്റോ കറൻസി വഴിയുള്ള എല്ലാ ഇടപാടുകളും നിർത്തലാക്കണമെന്ന് ആർ ബി ഐ ഇന്ത്യയിലെ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ക്രിപ്‌റ്റോ കറൻസി ഇന്ത്യയിൽ നിരോധിച്ച അവസ്ഥയിലാണെങ്കിലും നിയമം വഴി ഇതുവരെ നിരോധനം നടപ്പാക്കിയിട്ടില്ല.

2017 ലാണ് ലോകത്തിലെ ആദ്യ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ നിലവിൽ വരുന്നത്. എന്നാൽ ഇതിന് നാല് വർഷം മുമ്പ് 2013 ൽ തന്നെ ആർ ബി ഐ ക്രിപ്‌റ്റോകറൻസികൾക്കെതിരെയുള്ള തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. സാമ്പത്തികപരവും നിയമപരവും സുരക്ഷാപരവുമായ വെല്ലുവിളികളെ കുറിച്ച് ഇന്ത്യക്കാരെ ബോധവാന്മാരാക്കുന്നതിന് വേണ്ടി ആർബിഐ ഒരു പത്രക്കുറിപ്പും ഇറക്കിയിരുന്നു.

മലപ്പുറം: കെ- റെയിൽ പദ്ധതിയെ എതിർക്കുന്നവർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയർന്നുവരുന്നത് അനാവശ്യ ബഹളമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ പദ്ധതികൾ ആരെയും ഉപദ്രവിക്കാനല്ല. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ ആരും ദുഃഖിക്കേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സർക്കാർ കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നത് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും. ആർക്കൊക്കെ നഷ്ടങ്ങൾ സംഭവിക്കുന്നുവോ അവർക്കൊപ്പം ഇടത് സർക്കാർ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു. നാടിന്റെ വികസനത്തിനെതിരായ ചില ക്ഷുദ്ര ശക്തികളുടെ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ദേശീയപാതയക്കായി സ്ഥലം ഏറ്റെടുത്തപ്പോഴും ആദ്യഘട്ടത്തിൽ സമാനമായ പ്രതിഷേധമുണ്ടായി. പക്ഷെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഒരാൾക്കും വിഷമിക്കേണ്ടി വന്നില്ല. മലപ്പുറത്ത് വലിയ പ്രശ്‌നമുണ്ടായിരുന്നു. ദേശീയപാതയ്ക്കായി 203 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വന്നു. ഇതിൽ 200 ഹെക്ടർ ഏറ്റെടുത്ത് നൽകി. ഇതിനായി നഷ്ടപരിഹാരത്തിന് മാത്രം 2772 കോടി രൂപ ചിലവാക്കി. എല്ലാവർക്കും കൈനിറയെ കാശാണ് വിട്ട് നൽകിയ ഭൂമിക്ക് പകരം നൽകിയത്. നാട്ടിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകൾക്ക് വീതി കൂട്ടുമ്പോൾ അതിന് സമീപത്തുള്ള സ്ഥലം വിട്ടുകൊടുക്കേണ്ടി വരികയെന്നത് സ്വാഭാവികമാണ്. പക്ഷേ അതിൽ ആരും ദുഃഖം അനുഭവിക്കാൻ സർക്കാർ ഇടവരുത്തില്ലെന്നും കെ റെയിൽ പദ്ധതിയിൽ തിരൂർ വരെയുള്ള പാത റെയിൽവേ പാതയ്ക്ക് സമാന്തരമായാണ്. ഏറ്റെടുക്കുന്നത് കൂടുതലും റെയിൽവേ ഭൂമിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോടതി അയച്ച നോട്ടീസ് കൈപ്പറ്റാൻ ഗവർണർ തയ്യാറായില്ല.

നോട്ടീസ് സർക്കാരിന് കൈമാറാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശിച്ചു. ഹൈക്കോടതി നോട്ടീസ് സർവകലാശാല ചാൻസലർക്കാണെന്നും എട്ടാം തീയതി മുതൽ താൻ ചാൻസലർ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. നോട്ടീസിൽ സർക്കാർ തന്നെ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം നിലപാടെടുത്തു.

ജനുവരി 12 നാണ് കേസിൽ കോടതി വാദം കേൾക്കുന്നത്. ചാൻസലർ പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി ഗവർണർ സർക്കാരിന് കത്തയച്ചിരുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും അതുകൊണ്ട് ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ ഗവർണറുടെ നിലപാടിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഇടതുപക്ഷം ആരോപിച്ചത്.