കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന പരാമർശം: ഡിജിപിയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാകണമെന്ന് പോപ്പുലർ ഫ്രണ്ട്‌

തിരുവനന്തപുരം: കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന പ്രസ്താവനയിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വിമർശനവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ഡിജിപി ഉന്നയിച്ച കാര്യങ്ങൾക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടു. ഡിജിപിയുടെ വെളിപ്പെടുത്തലുകൾക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ആരോപിച്ചു.

കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന വിവാദ പ്രസ്താവനയിൽ ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തത വരുത്തണം. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് പറയുന്ന ഡിജിപി ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയാണ്. വിദ്യാസമ്പന്നർ ഭീകരവാദികളുടെ വലയിലാണെന്നാണ് ഡിജിപി പറയുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തി വിശദാംശങ്ങൾ വ്യക്തമാക്കേണ്ട ഉത്തരവാദിത്വവും ഡിജിപിക്കുണ്ട്. അത്തരക്കാരെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടേണ്ടത് പോലിസ് മേധാവിയാണ്. എന്നാൽ ഇതൊന്നും പറയാതെ ഒരു സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന പരാമർശം നടത്തിയല്ല സംസ്ഥാനത്തിന്റെ പോലിസ് മേധാവി പടിയിറങ്ങേണ്ടത്. സമാനമായ പ്രസ്താവനകൾ നടത്തിയ മുൻ ഡിജിപി ടി പി സെൻകുമാർ അധികാരക്കസേരയിൽ നിന്നിറങ്ങി ആർഎസ്എസിനൊപ്പം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പേക്കൂത്തുകൾ നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അത്തരത്തിലേക്ക് ലോക്‌നാഥ് ബെഹ്‌റയും അധ:പതിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാലങ്ങൾക്ക് മുമ്പുതന്നെ സംഘപരിവാർ ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാൽ തന്നെ ലോക്‌നാഥ് ബെഹ്‌റയുടെ പരാമർശം ദുരൂഹമാണ്. ഗുജറാത്തിൽ 2004 ലെ മലയാളിയായ പ്രണേഷ്‌കുമാർ- ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായെയും വെള്ളപൂശുന്ന റിപ്പോർട്ട് നൽകി രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ബെഹ്‌റ. കേരളാ പോലിസിൽ സംഘപരിവാരത്തിന് സ്വാധീനമേറിയതും ബെഹ്‌റയുടെ കാലത്താണ്. അദ്ദേഹത്തിന്റെ വായിൽ നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത് സംശയത്തോടെ മാത്രമേ നോക്കിക്കാണാനാവൂവെന്ന് അബ്ദുൽ സത്താർ ആരോപിച്ചു.

രാജ്യത്തിന്റെ കെട്ടുറപ്പിനേയും സമാധാനത്തേയും തകർക്കുന്ന വിധത്തിൽ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രചാരകരായ സംഘപരിവാർ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ ഉദ്ദേശിച്ചാണോ ഡിജിപി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വിശദീകരിക്കണം. ആർഎസ്എസിനൊപ്പം നാടിന്റെ കെട്ടുറപ്പിനെ തകർക്കുന്ന ദുഷ്ടശക്തികൾ ഇനിയുമുണ്ടെങ്കിൽ അവരെ തുറന്നുകാട്ടാനുള്ള ആർജവം ഡിജിപി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപിയുടെ വിവാദ പരാമർശം പലരും ഏറ്റുപിടിച്ചതിലൂടെ ഇസ്ലാം വിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയക്കും കാരണമായിട്ടുണ്ട്. എവിടെനിന്നും എത്രപേരെ ഭീകരസംഘങ്ങൾ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുള്ളതെന്ന് ഡിജിപി വ്യക്തമാക്കണം. വിദ്യാസമ്പന്നരായ എത്രപേരാണ് ഇവരുടെ വലയിലായതെന്നും സമൂഹത്തോട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.