ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി. പ്രകൃതി ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമാനമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമാണ് കോടതി നിർദ്ദേശം.
കോവിഡ് വൈറസ് ബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ മാനദണ്ഡം അനുസരിച്ച് സഹായം നൽകണമെന്ന് കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരമായി എത്ര തുക വീതം നൽകണം എന്ന കാര്യത്തിൽ മാനദണ്ഡം തയ്യാറാക്കാൻ സുപ്രീംകോടതി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് നിർദ്ദേശം നൽകി. എത്രതുക നൽകണമെന്നതും ഇതിനുള്ള മാർഗരേഖയുംആറാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കണമെന്നാണ് നിർദ്ദേശം. നാല് ലക്ഷം രൂപ വീതം ധനസഹായം നൽകണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യമെങ്കിലും കേന്ദ്രം ഇതിനെ എതിർത്തു.
എന്നാൽ നഷ്ടപരിഹാരം നൽകിയെ മതിയാകൂവെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ഔദ്യോഗിക കണക്ക് പ്രകാരം മൂന്നര ലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണസർട്ടിഫിക്കറ്റ് ലഘൂകരിക്കാനും കോടതി നിർദേശം നൽകി. അതേസമയം കോവിഡ് ബാധിച്ച് മരിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകിയാൽ വലിയ സാമ്പത്തിക ബാധ്യത വരുമെന്നാണ് കേന്ദ്രം പറയുന്നത്.

