Highlights (Page 3)

തിരുവനന്തപുരം: പതിനഞ്ചു വർഷത്തിനു ശേഷം സംസ്ഥാനത്ത് ആദ്യമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പൊലീസിനും മറ്റു ചില വിഭാഗങ്ങൾക്കും ഒന്നാം തീയതി ശമ്പളം ലഭിച്ചില്ല. ഈ വിഭാഗങ്ങൾക്ക് ഒന്നാം തീയതിയാണ് ശമ്പളം വിതരണം ചെയ്തിരുന്നത്. പതിനഞ്ച് വർഷങ്ങൾക്കിടെ ആദ്യമായാണ് ഇത് മുടങ്ങുന്നത്. ഇതിനു മുമ്പ് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടായത്.

സാങ്കേതികപ്രശ്‌നങ്ങൾ മൂലം ട്രഷറി സേവിംഗ്‌സ് അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ കഴിഞ്ഞില്ലെന്നാണ് ട്രഷറി ഡയറക്ടറുടെ വിശദീകരണം. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം ഇന്നും നടത്താൻ കഴിഞ്ഞില്ല. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി അടിയന്തരമായി പണം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ധനവകുപ്പ്. രണ്ടാം ദിവസമായിട്ടും ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ വലിയ അതൃപ്തിയിലാണ്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ശമ്പളം നൽകിയിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ലഭിച്ചു

ലാൻഡ് റവന്യൂ, എക്സൈസ്, വെഹിക്കൾ ടാക്സ്, സെയിൽ ടാക്സ്, മറ്റg നികുതി വിഭാഗങ്ങൾ, ചീഫ് ഇലക്ട്രൽ ഇൻസ്പക്ട്രേറ്റ്, സ്റ്റാംപ്സ്, റജിസ്ട്രേഷൻ, നിയമസഭ, ഇലക്ഷൻ, പൊതുഭരണവകുപ്പിനു കീഴിൽവരുന്ന സ്ഥാപനങ്ങൾ, നീതിന്യായവകുപ്പ്, ജയിൽ, പൊലീസും ഫയർഫോഴ്സും, സ്റ്റേഷനറി ആൻഡ് പ്രിന്റിങ്, ഇൻഷുറൻസ്, ചെക്കുകൾ നൽകുന്ന എല്ലാ വകുപ്പുകളും, ഹരിജൻ വെൽഫെയർ, മുനിസിപ്പാലിറ്റീസ്, ജല ഗതാഗതം തുടങ്ങിയവയ്ക്കാണ് മാസത്തിലെ ആദ്യ ദിനം ശമ്പളം ലഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ്, മെഡിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് എന്നിവയ്ക്ക് രണ്ടാം ദിവസവും കൃഷി, ഫിഷറീസ്, അനിമൽ ഹസ്ബൻഡറി, സഹകരണം, വ്യവസായം, സയന്റിഫിക് ഡിപ്പാർട്ട്മെന്റുകൾ, ലേബർ, റൂറൽ ഡെവലെപ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, പോർട്ട്, സിവിൽ സപ്ലൈസ്, ഡയറി ഡെവലെപ്മെന്റ് എന്നിവയ്ക്ക് മൂന്നാം ദിവസവും ശമ്പളം ലഭിക്കും.

തിരുവനന്തപുരം: ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം അവലോകനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു.

ഇടുക്കി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിനായി ഒരു എസ്.പി.വി രൂപികരിക്കും. മെഡിക്കൽ കോളേജിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന 50 ഏക്കർ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയും മറ്റനുബന്ധ പരിശോധനകളും നടത്തണം. ഇത് ജില്ലാ കളക്ടർ ഉറപ്പ് വരുത്തും. എം.പി. ഫണ്ടിൽ നിന്ന് അനുവദിക്കുന്ന 1.50 കോടി രൂപ ഉപയോഗിച്ച് മോഡ്യുലാർ ഓപ്പറേഷൻ തീയറ്റർ സജ്ജമാക്കും. മോഡ്യുലാർ ലാബ് എത്രയും വേഗം സജ്ജമാക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി.

ചെറുതോണി ബസ് സ്റ്റാന്റ് മുതൽ ഇടുക്കി മെഡിക്കൽ കോളേജ് വരെയുള്ള റോഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ഇടുക്കി മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. പുതിയ ആശുപത്രി ബ്ലോക്കിന്റെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കി ഐസിയു ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കും. മെഡിക്കൽ കോളേജിനുള്ളിലെ റോഡുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കാനും തീരുമാനമായി.

ലേഡീസ് ഹോസ്റ്റലിന്റെ നിർമ്മാണം ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ നിർദേശം നൽകി. ചുറ്റുമതിൽ നിർമ്മിക്കാനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും നടപടി സ്വീകരിക്കും. വൈദ്യുതി വിതരണം സുഗമമാക്കുന്നതിന് 11 കെവി ഫീഡർ ലൈൻ സ്ഥാപിക്കും. മാലിന്യ സംസ്‌കരണത്തിനായുള്ള സംവിധാനം ഒരുക്കും. നഴ്‌സിംഗ് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് ആലോചിക്കും. ഡോക്ടർമാരുടേയും അനുബന്ധ ജീവനക്കാരുടേയും ഹാജർ കൃത്യമായി ഉറപ്പ് വരുത്തണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കൊച്ചി: ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരൻ ഫെറിയുടെ ഉദ്ഘാടനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. തൂത്തുകുടിയിൽ നിന്ന് വെർച്വൽ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത്.

കൊച്ചിൻ ഷിപ്യാർഡാണ് ഹൈഡ്രജൻ ഫ്യൂവൽ സെൽ കാറ്റമരൻ ഫെറി നിർമ്മിച്ചത്. ഭാവി ഇന്ധന സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ നിർണായക ചുവടുവയ്പ്പാണിത്. പൂർണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്ത ഹൈഡ്രജൻ കപ്പലാണിത്. 2070 ഓടെ ഇന്ത്യയിൽ ഹരിതഗൃഹ വാതകങ്ങൾ മൂലമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമായി ഒരു പൈലറ്റ് പദ്ധതി ആയാണ് ഈ ഹൈഡ്രജൻ ഫെറി നിർമിച്ചത്.

മാരിടൈം ഇന്ധനമായി ഹൈഡ്രജനെ സ്വീകരിക്കാനുള്ള പരിശ്രമങ്ങളുടെ കൂടി ഭാഗമാണിത്. ശബ്ദമില്ലാതെ ഓടുന്ന ഈ ഫെറി മലിന വാതകങ്ങളൊന്നും പുറന്തള്ളുന്നില്ല. ഊർജ്ജ ഉപയോഗവും കാര്യക്ഷമമാണ്. ഫലത്തിൽ ഇത് ആഗോള താപനത്തിന്റെ ആഘാതം കുറയ്ക്കാനും നല്ലതാണ്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ വിഭാവനം ചെയ്യുന്നതു പോലെ ഹൈഡ്രജനെ ഒരു മാരിടൈം ഇന്ധനമായി ഉപയോഗിക്കുന്നതിന് ഈ പദ്ധതി ഊർജ്ജം പകരും.

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വിന്യസിക്കുമ്പോൾ ജോലി ചെയ്തിരുന്ന അതേ പാർലമെന്റ് മണ്ഡലത്തിന്റെ് പരിധിയിൽ തന്നെ നിയമിക്കരുതെന്ന് സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. സ്വന്തം ജില്ലയിലുള്ളവരോ ഒരേ സ്ഥലത്ത് മൂന്നു വർഷം പൂർത്തിയാക്കിയവരോ ആയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റി നിയമിക്കണമെന്ന് നേരത്തെ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

കമ്മീഷൻ നേരത്തേ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊട്ടടുത്ത ജില്ലയിലേക്ക് സ്ഥലം മാറ്റുമ്പോൾ അതേ പാർലമെന്റ് മണ്ഡലം ഉൾപ്പെടുന്ന സ്ഥലത്തേക്കാകരുതെന്നാണ് നിർദേശം. സംസ്ഥാനത്തും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം. കൗൾ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാന ശുചിത്വ മിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. പരസ്യ പ്രചാരണ ബാനറുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പിവിസി ഫ്ളെക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നാണ് ശുചിത്വ മിഷൻ അറിയിച്ചത്. സർക്കാർ നിർദേശിച്ചതും 100 ശതമാനം കോട്ടൺ/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പർ, റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലിൻ എന്നിവയിൽ പിവിസി ഫ്രീ റീസൈക്ലബിൾ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ/ ക്യൂ.ആർ കോഡ് എന്നിവ പതിച്ചു മാത്രമേ ഉപയോഗിക്കാവൂ. സർക്കാർ നിർദേശിച്ച കോട്ടൺ, പോളി എത്തിലിൻ എന്നിവ നിർമിക്കുന്ന/വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് മുഖേന സാമ്പിളുകൾ സമർപ്പിക്കണം. കോട്ടൺ വസ്തുക്കൾ കേന്ദ്ര സർക്കാർ സ്ഥാപനമായ ടെക്സ്റ്റൈൽ കമ്മിറ്റിയിൽ നിന്നും ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടൺ എന്ന് സാക്ഷ്യപ്പെടുത്തിയതും പോളി എത്തിലീൻ വസ്തുക്കൾ ഇകജഋഠ നിന്നും പിവിസി -ഫ്രീ, റീസൈക്ലബിൾ പോളി എത്തിലീൻ എന്ന് സാക്ഷ്യപ്പെടുത്തിയും മാത്രമേ വിൽപന നടത്താവൂവെന്നാണ് നിർദ്ദേശം.

തിരുവനന്തപുരം: രാജ്യത്തെ രണ്ടാമത്തെ റോക്കറ്റ് നിലയത്തിന് ഉടൻ തറക്കല്ലിടും. ഫെബ്രുവരി 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടാമത്തെ റോക്കറ്റ് നിലയത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ കുലശേഖരപട്ടണത്താണ് തറക്കല്ലിടൽ കർമ്മം നടക്കുക. രണ്ടുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും. പുതുക്കപ്പാത്ത്, പള്ളാകുറിച്ചി, മാതവൻകുറിച്ചി സ്ഥലങ്ങളിലായി 2233 ഏക്കർ ഭൂമിയിലാണ് റോക്കറ്റ് കേന്ദ്രം നിർമ്മിക്കുക. 950 കോടി രൂപയാണ് ചെലവ്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഭാവിയിൽ ഇവിടെ നിന്നും ചെറിയ റോക്കറ്റുകൾ ഉപയോഗിച്ചുള്ള വിക്ഷേപണം നടക്കും. ശ്രീഹരിക്കോട്ടയിൽ വൻകിട റോക്കറ്റ് വിക്ഷേപണം തുടരും. ഐഎസ്ആർഒ പുതുതായി വികസിപ്പിച്ച സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചുള്ള വിക്ഷേപണമാണിവിടെ നടക്കുക. വളരെ ചെറിയ ചെലവിൽ ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ കഴിയും. ഇന്ധനവും കുറച്ച് മതി. വിക്ഷേപണത്തിന് സജ്ജമാവാൻ ഒരാഴ്ചയോളം മതിയാകും.

.എസ്.എസ്.എൽ.വി റോക്കറ്റിനുള്ള വിക്ഷേപണത്തറയാണ് കുലശേഖരപട്ടണത്ത് ഒരുക്കുന്നത്. രണ്ടു മീറ്റർ വ്യാസവും 34മീറ്റർ ഉയരവുമുള്ള മൂന്ന് ഭാഗങ്ങളുള്ള ചെറുറോക്കറ്റാണ് എസ്.എസ്.എൽ.വി. 120 ടണ്ണാണ് ഭാരം. 500കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ 500കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഇതിന് കഴിയും.

കണ്ണൂർ: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭാരത് അരിയുടെ ഡിമാൻഡ് വർദ്ധിക്കുന്നു. കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിലാണ് കഴിഞ്ഞ ദിവസം വിറ്റഴിക്കപ്പെട്ടത്. ആയിരത്തോളം പേരാണ് അരി വാങ്ങിയത്.

ബിജെപിയുടെ പ്രാദേശിക പ്രവർത്തകരാണ് വിൽപന നടത്തുന്നത്. അഞ്ചാം പീടികയിൽ സി വി സുമേഷ്, പി ആർ രാജൻ, അരുൺ കൈതപ്രം, റജീവ് കല്യാശ്ശേരി, സത്യൻ കരിക്കൻ, പ്രകാശൻ കീച്ചേരി, ഒ പി രതീഷ് എന്നിവരാണ് വിൽപ്പനയ്ക്ക് നേതൃത്വം നൽകിയത്.

കിലോയ്ക്ക് 29 രൂപ നിരക്കിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച അരിയാണ് ഭാരത് റൈസ്. അഞ്ച് കിലോ, പത്ത് കിലോ പായ്ക്കറ്റുകളായിട്ടായിരിക്കും അരി ലഭിക്കുക. 10 കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല. ഒറ്റത്തവണ പത്ത് കിലോ അരി വരെ ലഭിക്കും

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടി എന്ന നിലയിലാണ് കേന്ദ്രസർക്കാർ ഭാരത് റൈസ് വിതരണം ആരംഭിച്ചത്. നേരത്തെ ഭാരത് ആട്ട (ഗോതമ്പുപൊടി), ഭാരത് ദാൽ (പരിപ്പ്) എന്നിവ കുറഞ്ഞ നിരക്കിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്തിരുന്നു.

ന്യൂഡൽഹി: രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. രാജസ്ഥാനിൽ നിന്നും എതിരില്ലാതെയാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിയഞ്ച് വർഷം ലോക്‌സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്. ബിജെപി സ്ഥാനാർത്ഥികളായ ചുന്നിലാൽ ഗരാസിയ, മദൻ റാത്തോർ തുടങ്ങിയവരും രാജ്യസഭ എംപിമാരായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

തൃണമൂൽ എംപിമാരായി പശ്ചിമ ബംഗാളിൽ നിന്ന് സാഗരിക ഘോഷ്, സുഷ്മിത ദേവ്, മമത ബാല താക്കൂർ, നദിമുൽ ഹഖ് എന്നിവരും രാജ്യസഭയിലേക്ക് എത്തി. പതിറ്റാണ്ടുകളായി റായ്ബറേലി മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചാണ് സോണിയാ ഗാന്ധി ലോക്‌സഭയിൽ എത്തിയിരുന്നത്.

ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും കാരണമാണ് സോണിയ റായ്ബറേലിയിൽ ഇത്തവണ മത്സരിക്കാത്തത് എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 25 വർഷം സോണിയാ ഗാന്ധി റായ്‌ബേലിയിൽ നിന്നും മത്സരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.

നിർദ്ദേശങ്ങൾ

  • പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

തിരുവനന്തപുരം: സംസ്ഥാനത്തെ ഡേ കെയർ സെന്ററുകളുടെ പ്രവർത്തനം പരിശോധിക്കാൻ തീരുമാനിച്ച് സർക്കാർ. പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കൂണുപോലെയാണ് ഇപ്പോൾ ഡേ കെയർ സെന്ററുകൾ പ്രവർത്തിക്കുന്നതെന്നും ഇവയിൽ പലതിനും മതിയായ യോഗ്യതയില്ലെന്നാണ് മനസിലാകുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നേമത്ത് രണ്ടര വയസ്സുകാരൻ ഡേ കെയറിൽ നിന്ന് ഇറങ്ങി മണിക്കൂറുകളോളം നടന്ന് വീട്ടിലെത്തിയ സംഭവം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പല ഡേ കെയർ നടത്തിപ്പുകാർക്കും മതിയായ യോഗ്യതയില്ല. അനുമതികൾ ഇല്ലാതെയും മതിയായ സൗകര്യങ്ങൾ ഇല്ലാതെയുമാണ് ഏറെയും പ്രവർത്തിക്കുന്നത്. ഇനി ഇത്തരത്തിൽ മുന്നോട്ടുപോകാൻ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. രണ്ടര വയസുകാരൻ സ്വമേധയാ ഇറങ്ങി രണ്ട് കിലോമീറ്ററോളം റോഡിലൂടെ നടന്ന് വീട്ടിലെത്തിയ ദൃശ്യങ്ങൾ ഞെട്ടലോടെയാണ് നാം ഏവരും കണ്ടതെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.

യാതൊരു ഉത്തരവാദിത്വവും നിയന്ത്രണവുമില്ലാതെ കൂണുപോലെ ഡേ കെയർ സെന്ററുകൾ ആരംഭിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഇക്കാര്യത്തിൽ ഏതൊക്കെ തരത്തിൽ ഉത്തരവാദിത്തം കൊണ്ടു വരാമെന്ന് വനിതാ ശിശുക്ഷേമ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളിൽ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാൽ ആരംഭത്തിൽതന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. എന്നിവ നൽകുന്നത് വഴി നിർജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ. എസിനൊപ്പം ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിങ്ക് ഗുളികയും നൽകേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. വയറിളക്കം നിൽക്കുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

2024 ഫെബ്രുവരി 14 മുതൽ 28 വരെ സംസ്ഥാനത്ത് വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം നടത്തും. വയറിളക്കരോഗമുള്ള കുട്ടികൾക്ക് ഒ.ആർ.എസ്., സിങ്ക് ഗുളികകൾ നൽകുന്നുവെന്ന് ഉറപ്പാക്കുക, വയറിളക്കം മൂലമുള്ള ശിശുമരണം ഇല്ലാതാക്കുക, ഒ.ആർ.എസ്, സിങ്ക് ഗുളികകൾ എന്നിവ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ പക്ഷാചരണത്തിന്റെ ലക്ഷ്യങ്ങൾ.

പക്ഷാചരണത്തിന്റെ ഭാഗമായി ആശാ പ്രവർത്തകർ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളിൽ ഒ.ആർ. എസ്. എത്തിക്കുകയും അമ്മമാർക്ക് ബോധവത്ക്കരണം നൽകുകയും ചെയ്യും. കൂടാതെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരുടെ 4 മുതൽ 8 പേരടങ്ങുന്ന ഗ്രൂപ്പുകളെ ഒ.ആർ.എസ്. ലായിനി തയ്യാറാക്കാൻ പരിശീലിപ്പിക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒ.ആർ.എസ്., സിങ്ക് കോർണറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും.

രോഗപ്രതിരോധത്തിനായി കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനായി സ്‌കൂൾ അസംബ്ലിയിൽ സന്ദേശം നൽകുക, ശാസ്ത്രീയമായി കൈ കഴുകുന്ന രീതി കുട്ടികളെ പഠിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ കൈകഴുകുന്ന സ്ഥലത്ത് പതിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി നടത്തുന്നതാണ്.

വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം സിങ്ക് നൽകുന്നത് ശരീരത്തിൽ നിന്നും ഉണ്ടായ ലവണ നഷ്ടം പരിഹരിക്കുന്നതിനും രോഗം വേഗം ഭേദമാകുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. രണ്ട് മുതൽ ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ദിവസം 10 മില്ലി ഗ്രാം സിങ്ക് ഗുളികയും ആറ് മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 20 മില്ലി ഗ്രാം സിങ്ക് ഗുളികയും 14 ദിവസം വരെ നൽകേണ്ടതാണ്. രോഗം ഭേദമായാലും 14 ദിവസം വരെ ഗുളിക നൽകേണ്ടതാണ്.

കുഞ്ഞുങ്ങൾക്ക് 6 മാസം വരെ മുലപ്പാൽ മാത്രമേ നൽകാവൂ. വയറിളക്ക രോഗമുള്ളപ്പോഴും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകേണ്ടതാണ്. 6 മാസത്തിൽ കൂടുതൽ പ്രായമുള്ള, മറ്റ് ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്ന, കുഞ്ഞുങ്ങൾക്ക് രോഗം ഭേദമായതിനുശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനായി സാധാരണ നൽകുന്നത് കൂടാതെ അധിക തവണ ഭക്ഷണം നൽകേണ്ടതാണ്.

രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വയറിളക്ക രോഗം പ്രതിരോധിക്കുന്നതിനായി വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞുങ്ങളിൽ വയറിളക്ക രോഗം പ്രതിരോധിക്കാം

Ø 6 മാസം വരെ മുലപ്പാൽ മാത്രം നൽകുക.

Ø പാൽക്കുപ്പി കഴിവതും ഉപയോഗിക്കാതിരിക്കുക.

Ø പാൽ നന്നായി തിളപ്പിച്ച ശേഷം മാത്രം നൽകുക.

Ø തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക.

Ø ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും ശുദ്ധജലം ഉപയോഗിക്കുക.

Ø പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

Ø ആഹാര സാധനങ്ങൾ നന്നായി അടച്ചു സൂക്ഷിക്കുക.

Ø പഴകിയ ആഹാര പദാർത്ഥങ്ങൾ നൽകരുത്.

Ø ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപും കൈകൾ നിർബന്ധമായും സോപ്പുപയോഗിച്ച് കഴുകണം.

Ø കുഞ്ഞുങ്ങളുടെ പല്ല് വൃത്തിയാക്കുന്നതിന് ശുദ്ധജലം ഉപയോഗിക്കുക

Ø മത്സ്യം, മാംസം എന്നിവ നന്നായി പാകം ചെയ്ത് മാത്രം നൽകുക.

Ø മുട്ട വേവിക്കുന്നതിന് മുൻപ് നന്നായി കഴുകുക

Ø വഴിയരികിൽ വൃത്തിയില്ലാതെയും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണ പാനീയങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകരുത്.

Ø കുഞ്ഞുങ്ങളുടെ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് നന്നായി കഴുകുക

Ø മലമൂത്ര വിസർജ്ജനം ശുചിമുറിയിൽത്തന്നെ ചെയ്യുന്നതിന് കുഞ്ഞുങ്ങളെ ശീലിപ്പിക്കുക.

Ø മലമൂത്ര വിസർജനം കഴിഞ്ഞ് കുഞ്ഞുങ്ങളെ കഴുകിയതിന് ശേഷം മുതിർന്നവർ കൈകൾ സോപ്പുപയോഗിച്ച് കഴുകണം.

Ø ഉപയോഗശേഷം ഡയപ്പെറുകൾ വലിച്ചെറിയരുത്.

Ø കുഞ്ഞുങ്ങളുടെ കൈനഖങ്ങൾ വെട്ടി കൈകൾ വൃത്തിയായി സൂക്ഷിക്കുക.

Ø വയറിളക്ക രോഗമുള്ളവരുമായി കുഞ്ഞുങ്ങൾ ഇടപഴകുന്നത് ഒഴിവാക്കുക.