ഭാരത് അരിയ്ക്ക് ഡിമാൻഡ് വർദ്ധിക്കുന്നു; 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിൽ വിറ്റു

കണ്ണൂർ: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭാരത് അരിയുടെ ഡിമാൻഡ് വർദ്ധിക്കുന്നു. കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിലാണ് കഴിഞ്ഞ ദിവസം വിറ്റഴിക്കപ്പെട്ടത്. ആയിരത്തോളം പേരാണ് അരി വാങ്ങിയത്.

ബിജെപിയുടെ പ്രാദേശിക പ്രവർത്തകരാണ് വിൽപന നടത്തുന്നത്. അഞ്ചാം പീടികയിൽ സി വി സുമേഷ്, പി ആർ രാജൻ, അരുൺ കൈതപ്രം, റജീവ് കല്യാശ്ശേരി, സത്യൻ കരിക്കൻ, പ്രകാശൻ കീച്ചേരി, ഒ പി രതീഷ് എന്നിവരാണ് വിൽപ്പനയ്ക്ക് നേതൃത്വം നൽകിയത്.

കിലോയ്ക്ക് 29 രൂപ നിരക്കിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച അരിയാണ് ഭാരത് റൈസ്. അഞ്ച് കിലോ, പത്ത് കിലോ പായ്ക്കറ്റുകളായിട്ടായിരിക്കും അരി ലഭിക്കുക. 10 കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല. ഒറ്റത്തവണ പത്ത് കിലോ അരി വരെ ലഭിക്കും

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടി എന്ന നിലയിലാണ് കേന്ദ്രസർക്കാർ ഭാരത് റൈസ് വിതരണം ആരംഭിച്ചത്. നേരത്തെ ഭാരത് ആട്ട (ഗോതമ്പുപൊടി), ഭാരത് ദാൽ (പരിപ്പ്) എന്നിവ കുറഞ്ഞ നിരക്കിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്തിരുന്നു.