രാജ്യത്തെ രണ്ടാമത്തെ റോക്കറ്റ് നിലയം; തറക്കല്ലിടൽ കർമ്മം ഫെബ്രുവരി 28 ന്

തിരുവനന്തപുരം: രാജ്യത്തെ രണ്ടാമത്തെ റോക്കറ്റ് നിലയത്തിന് ഉടൻ തറക്കല്ലിടും. ഫെബ്രുവരി 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടാമത്തെ റോക്കറ്റ് നിലയത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ കുലശേഖരപട്ടണത്താണ് തറക്കല്ലിടൽ കർമ്മം നടക്കുക. രണ്ടുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും. പുതുക്കപ്പാത്ത്, പള്ളാകുറിച്ചി, മാതവൻകുറിച്ചി സ്ഥലങ്ങളിലായി 2233 ഏക്കർ ഭൂമിയിലാണ് റോക്കറ്റ് കേന്ദ്രം നിർമ്മിക്കുക. 950 കോടി രൂപയാണ് ചെലവ്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഭാവിയിൽ ഇവിടെ നിന്നും ചെറിയ റോക്കറ്റുകൾ ഉപയോഗിച്ചുള്ള വിക്ഷേപണം നടക്കും. ശ്രീഹരിക്കോട്ടയിൽ വൻകിട റോക്കറ്റ് വിക്ഷേപണം തുടരും. ഐഎസ്ആർഒ പുതുതായി വികസിപ്പിച്ച സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചുള്ള വിക്ഷേപണമാണിവിടെ നടക്കുക. വളരെ ചെറിയ ചെലവിൽ ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ കഴിയും. ഇന്ധനവും കുറച്ച് മതി. വിക്ഷേപണത്തിന് സജ്ജമാവാൻ ഒരാഴ്ചയോളം മതിയാകും.

.എസ്.എസ്.എൽ.വി റോക്കറ്റിനുള്ള വിക്ഷേപണത്തറയാണ് കുലശേഖരപട്ടണത്ത് ഒരുക്കുന്നത്. രണ്ടു മീറ്റർ വ്യാസവും 34മീറ്റർ ഉയരവുമുള്ള മൂന്ന് ഭാഗങ്ങളുള്ള ചെറുറോക്കറ്റാണ് എസ്.എസ്.എൽ.വി. 120 ടണ്ണാണ് ഭാരം. 500കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ 500കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഇതിന് കഴിയും.