സംസ്ഥാനത്തെ ഡേ കെയർ സെന്ററുകളുടെ പ്രവർത്തനം പരിശോധിക്കും; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡേ കെയർ സെന്ററുകളുടെ പ്രവർത്തനം പരിശോധിക്കാൻ തീരുമാനിച്ച് സർക്കാർ. പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കൂണുപോലെയാണ് ഇപ്പോൾ ഡേ കെയർ സെന്ററുകൾ പ്രവർത്തിക്കുന്നതെന്നും ഇവയിൽ പലതിനും മതിയായ യോഗ്യതയില്ലെന്നാണ് മനസിലാകുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നേമത്ത് രണ്ടര വയസ്സുകാരൻ ഡേ കെയറിൽ നിന്ന് ഇറങ്ങി മണിക്കൂറുകളോളം നടന്ന് വീട്ടിലെത്തിയ സംഭവം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പല ഡേ കെയർ നടത്തിപ്പുകാർക്കും മതിയായ യോഗ്യതയില്ല. അനുമതികൾ ഇല്ലാതെയും മതിയായ സൗകര്യങ്ങൾ ഇല്ലാതെയുമാണ് ഏറെയും പ്രവർത്തിക്കുന്നത്. ഇനി ഇത്തരത്തിൽ മുന്നോട്ടുപോകാൻ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. രണ്ടര വയസുകാരൻ സ്വമേധയാ ഇറങ്ങി രണ്ട് കിലോമീറ്ററോളം റോഡിലൂടെ നടന്ന് വീട്ടിലെത്തിയ ദൃശ്യങ്ങൾ ഞെട്ടലോടെയാണ് നാം ഏവരും കണ്ടതെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.

യാതൊരു ഉത്തരവാദിത്വവും നിയന്ത്രണവുമില്ലാതെ കൂണുപോലെ ഡേ കെയർ സെന്ററുകൾ ആരംഭിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഇക്കാര്യത്തിൽ ഏതൊക്കെ തരത്തിൽ ഉത്തരവാദിത്തം കൊണ്ടു വരാമെന്ന് വനിതാ ശിശുക്ഷേമ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.