Highlights (Page 4)

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.

നിർദ്ദേശങ്ങൾ

  • പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

തിരുവനന്തപുരം: സംസ്ഥാനത്തെ ഡേ കെയർ സെന്ററുകളുടെ പ്രവർത്തനം പരിശോധിക്കാൻ തീരുമാനിച്ച് സർക്കാർ. പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കൂണുപോലെയാണ് ഇപ്പോൾ ഡേ കെയർ സെന്ററുകൾ പ്രവർത്തിക്കുന്നതെന്നും ഇവയിൽ പലതിനും മതിയായ യോഗ്യതയില്ലെന്നാണ് മനസിലാകുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നേമത്ത് രണ്ടര വയസ്സുകാരൻ ഡേ കെയറിൽ നിന്ന് ഇറങ്ങി മണിക്കൂറുകളോളം നടന്ന് വീട്ടിലെത്തിയ സംഭവം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പല ഡേ കെയർ നടത്തിപ്പുകാർക്കും മതിയായ യോഗ്യതയില്ല. അനുമതികൾ ഇല്ലാതെയും മതിയായ സൗകര്യങ്ങൾ ഇല്ലാതെയുമാണ് ഏറെയും പ്രവർത്തിക്കുന്നത്. ഇനി ഇത്തരത്തിൽ മുന്നോട്ടുപോകാൻ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. രണ്ടര വയസുകാരൻ സ്വമേധയാ ഇറങ്ങി രണ്ട് കിലോമീറ്ററോളം റോഡിലൂടെ നടന്ന് വീട്ടിലെത്തിയ ദൃശ്യങ്ങൾ ഞെട്ടലോടെയാണ് നാം ഏവരും കണ്ടതെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.

യാതൊരു ഉത്തരവാദിത്വവും നിയന്ത്രണവുമില്ലാതെ കൂണുപോലെ ഡേ കെയർ സെന്ററുകൾ ആരംഭിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഇക്കാര്യത്തിൽ ഏതൊക്കെ തരത്തിൽ ഉത്തരവാദിത്തം കൊണ്ടു വരാമെന്ന് വനിതാ ശിശുക്ഷേമ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളിൽ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാൽ ആരംഭത്തിൽതന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. എന്നിവ നൽകുന്നത് വഴി നിർജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ. എസിനൊപ്പം ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിങ്ക് ഗുളികയും നൽകേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. വയറിളക്കം നിൽക്കുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

2024 ഫെബ്രുവരി 14 മുതൽ 28 വരെ സംസ്ഥാനത്ത് വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം നടത്തും. വയറിളക്കരോഗമുള്ള കുട്ടികൾക്ക് ഒ.ആർ.എസ്., സിങ്ക് ഗുളികകൾ നൽകുന്നുവെന്ന് ഉറപ്പാക്കുക, വയറിളക്കം മൂലമുള്ള ശിശുമരണം ഇല്ലാതാക്കുക, ഒ.ആർ.എസ്, സിങ്ക് ഗുളികകൾ എന്നിവ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ പക്ഷാചരണത്തിന്റെ ലക്ഷ്യങ്ങൾ.

പക്ഷാചരണത്തിന്റെ ഭാഗമായി ആശാ പ്രവർത്തകർ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളിൽ ഒ.ആർ. എസ്. എത്തിക്കുകയും അമ്മമാർക്ക് ബോധവത്ക്കരണം നൽകുകയും ചെയ്യും. കൂടാതെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരുടെ 4 മുതൽ 8 പേരടങ്ങുന്ന ഗ്രൂപ്പുകളെ ഒ.ആർ.എസ്. ലായിനി തയ്യാറാക്കാൻ പരിശീലിപ്പിക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒ.ആർ.എസ്., സിങ്ക് കോർണറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും.

രോഗപ്രതിരോധത്തിനായി കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനായി സ്‌കൂൾ അസംബ്ലിയിൽ സന്ദേശം നൽകുക, ശാസ്ത്രീയമായി കൈ കഴുകുന്ന രീതി കുട്ടികളെ പഠിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ കൈകഴുകുന്ന സ്ഥലത്ത് പതിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി നടത്തുന്നതാണ്.

വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം സിങ്ക് നൽകുന്നത് ശരീരത്തിൽ നിന്നും ഉണ്ടായ ലവണ നഷ്ടം പരിഹരിക്കുന്നതിനും രോഗം വേഗം ഭേദമാകുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. രണ്ട് മുതൽ ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ദിവസം 10 മില്ലി ഗ്രാം സിങ്ക് ഗുളികയും ആറ് മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 20 മില്ലി ഗ്രാം സിങ്ക് ഗുളികയും 14 ദിവസം വരെ നൽകേണ്ടതാണ്. രോഗം ഭേദമായാലും 14 ദിവസം വരെ ഗുളിക നൽകേണ്ടതാണ്.

കുഞ്ഞുങ്ങൾക്ക് 6 മാസം വരെ മുലപ്പാൽ മാത്രമേ നൽകാവൂ. വയറിളക്ക രോഗമുള്ളപ്പോഴും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകേണ്ടതാണ്. 6 മാസത്തിൽ കൂടുതൽ പ്രായമുള്ള, മറ്റ് ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്ന, കുഞ്ഞുങ്ങൾക്ക് രോഗം ഭേദമായതിനുശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനായി സാധാരണ നൽകുന്നത് കൂടാതെ അധിക തവണ ഭക്ഷണം നൽകേണ്ടതാണ്.

രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വയറിളക്ക രോഗം പ്രതിരോധിക്കുന്നതിനായി വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞുങ്ങളിൽ വയറിളക്ക രോഗം പ്രതിരോധിക്കാം

Ø 6 മാസം വരെ മുലപ്പാൽ മാത്രം നൽകുക.

Ø പാൽക്കുപ്പി കഴിവതും ഉപയോഗിക്കാതിരിക്കുക.

Ø പാൽ നന്നായി തിളപ്പിച്ച ശേഷം മാത്രം നൽകുക.

Ø തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക.

Ø ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും ശുദ്ധജലം ഉപയോഗിക്കുക.

Ø പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

Ø ആഹാര സാധനങ്ങൾ നന്നായി അടച്ചു സൂക്ഷിക്കുക.

Ø പഴകിയ ആഹാര പദാർത്ഥങ്ങൾ നൽകരുത്.

Ø ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപും കൈകൾ നിർബന്ധമായും സോപ്പുപയോഗിച്ച് കഴുകണം.

Ø കുഞ്ഞുങ്ങളുടെ പല്ല് വൃത്തിയാക്കുന്നതിന് ശുദ്ധജലം ഉപയോഗിക്കുക

Ø മത്സ്യം, മാംസം എന്നിവ നന്നായി പാകം ചെയ്ത് മാത്രം നൽകുക.

Ø മുട്ട വേവിക്കുന്നതിന് മുൻപ് നന്നായി കഴുകുക

Ø വഴിയരികിൽ വൃത്തിയില്ലാതെയും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണ പാനീയങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകരുത്.

Ø കുഞ്ഞുങ്ങളുടെ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് നന്നായി കഴുകുക

Ø മലമൂത്ര വിസർജ്ജനം ശുചിമുറിയിൽത്തന്നെ ചെയ്യുന്നതിന് കുഞ്ഞുങ്ങളെ ശീലിപ്പിക്കുക.

Ø മലമൂത്ര വിസർജനം കഴിഞ്ഞ് കുഞ്ഞുങ്ങളെ കഴുകിയതിന് ശേഷം മുതിർന്നവർ കൈകൾ സോപ്പുപയോഗിച്ച് കഴുകണം.

Ø ഉപയോഗശേഷം ഡയപ്പെറുകൾ വലിച്ചെറിയരുത്.

Ø കുഞ്ഞുങ്ങളുടെ കൈനഖങ്ങൾ വെട്ടി കൈകൾ വൃത്തിയായി സൂക്ഷിക്കുക.

Ø വയറിളക്ക രോഗമുള്ളവരുമായി കുഞ്ഞുങ്ങൾ ഇടപഴകുന്നത് ഒഴിവാക്കുക.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നഗരത്തിൽ വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്താൻ സ്മാർട് സിറ്റി പദ്ധതി വഴിയെത്തിയ 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് 25 ദിവസമായിട്ടും സർവ്വീസ് ആരംഭിച്ചില്ല. സിറ്റി സർക്കുലർ സർവീസിനെത്തിയ 20 ഇലക്ട്രിക് ബസുകളും 25 ദിവസമായിട്ടും സർവീസ് ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല.

രാജ്യത്ത് മുംബൈ നഗരം കഴിഞ്ഞാൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് എത്തുന്ന രണ്ടാമത്തെ നഗരമാണ് തിരുവനന്തപുരം. സ്മാർട് സിറ്റി പദ്ധതി വഴി വന്നതിനാൽ പൂർണമായും ഗതാഗത വകുപ്പിന് ഈ പദ്ധതിയുടെ ഉടമസ്ഥത അവകാശപ്പെടാനാവില്ല. തിരുവനന്തപുരം കോർപറേഷന്റെയും കേന്ദ്രസർക്കാരിന്റെയും പണം ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയത്.

സ്മാർട്‌സിറ്റി പദ്ധതിയിൽ നേരത്തെ അനുവദിച്ചിരുന്ന പണം ചെലവാകാതെ ലാപ്‌സായി പോകുമെന്ന ഘട്ടത്തിൽ ഗതാഗത വകുപ്പാണ് ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിനും 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബജറ്റ് ടൂറിസത്തിനുമായി പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത്.

ആര് ഉദ്ഘാടനം ചെയ്യണമെന്നതിലെ തർക്കമാണ് ഈ ബസുകൾ പുറത്തിറക്കന്നതിൽ തടസ്സമായി നിൽക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. തദ്ദേശ സ്ഥാപനത്തിന്റെ പണമുള്ളതിനാൽ തദ്ദേശ മന്ത്രി എം ബി രാജേഷാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഗതാഗത മന്ത്രിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

ന്യൂഡൽഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയ്ക്ക് അർഹരായി മൂന്ന് പേർ കൂടി. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ തുടങ്ങിയവർക്കാണ് ഭാരത രത്‌ന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മൂന്ന് പേർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം ലഭിച്ചരിക്കുന്നത്.

ഫെബ്രുവരി 3 -ാം തീയതി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്‌ന ബഹുമതി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്.

കൃഷിയിലും കർഷകക്ഷേമത്തിലും രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ. എം എസ് സ്വാമിനാഥന് ഭാരതരത്ന നൽകി ആദരിക്കുന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് ചൗധരി ചരൺ സിങ്. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും എംഎൽഎ ആയിരുന്നപ്പോഴും അദ്ദേഹം രാഷ്ട്രനിർമിതിയ്ക്ക് പ്രചോദനമായെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന നരസിംഹ റാവു ഇന്ത്യയെ വിവിധ തലങ്ങളിൽ സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെന്റ്, നിയമസഭാംഗം എന്നീ നിലകളിൽ വർഷങ്ങളോളം ചെയ്ത പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം സ്മരിക്കപ്പെടുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പൂർണമായി ഒഴിപ്പിക്കാൻ ധാരണയായതായി അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മാർച്ച് 10നകം മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയും മാലദ്വീപും തമ്മിൽ ചേർന്ന രണ്ടാംതല ഉന്നതകോർ യോഗത്തിന് ശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.

ദ്വീപിൽ സൈനികർക്ക് പകരം സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് മാനുഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഹെലികോപ്റ്റർ പ്രവർത്തനത്തിനും പരിപാലനത്തിനുമായി വിന്യസിച്ച സൈനികരെ ഒഴിപ്പിച്ച് പകരം സാങ്കേതിക വിദഗ്ധരെ മാലദ്വീപിൽ വിന്യസിക്കാനാണ് ധാരണയായിരിക്കുന്നത്.

ഇന്ത്യൻ സൈനികരെ മാർച്ച് 15ന് മുൻപായി മാലദ്വീപിൽ നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ ഇന്ത്യയോട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു ആവശ്യപ്പെട്ടിരുന്നു. മാലദ്വീപിൽ 75 ഇന്ത്യൻ സൈനികരാണ് ഉണ്ടായിരുന്നത്. മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ഉലച്ചിലിന് പിന്നാലെയാണ് ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മാലദ്വീപ് ആവശ്യപ്പെട്ടത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. അന്വേഷണം നടത്തിയ ജില്ലാ സെഷൻസ് ജഡ്ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് അതിജീവിതയുടെ നടപടി.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകർത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ആരോപിച്ച് നേരത്തെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ജില്ലാ സെഷൻസ് ജഡ്ജിയെ നിയോഗിച്ചത്.

തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി കണ്ടെത്തിയിരുന്നു. കോടതി സമയത്തിനപ്പുറത്തു പല സമയങ്ങളിലായാണു മെമ്മറി കാർഡ് പരിശോധനകൾ നടന്നിരിക്കുന്നതെന്നും രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്ന എഫ്എസ്എൽ റിപ്പോർട്ടും പുറത്തുവന്നിരുന്നു.

ന്യൂഡൽഹി: പരീക്ഷ ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്‌സഭ. മത്സര പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുവരുത്തുന്ന ബില്ലാണ് ലോക്‌സഭയിൽ പാസായത്. പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർമീൻസ് ) ബിൽ 2024 എന്ന പേലിലുള്ള ബില്ല് ആണ് പാസാക്കിയത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പത്തുവർഷം തടവും ഒരു കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.

സംഘടിതമായി ചോദ്യക്കടലാസ് ചോർത്തുന്നവർക്ക് കർശന ശിക്ഷയായിരിക്കും ലഭിക്കുക. അഞ്ചു മുതൽ പത്തുകൊല്ലംവരെ തടവും ഒരു കോടി രൂപ വരെ പിഴയും ഇവർക്ക് ലഭിക്കും. യുപിഎസ്‌സി എസ്എസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, ഐബിപിഎസ്, എൻടിഎ നീറ്റ്, ജെഇഇ, തുടങ്ങിയവ നടത്തുന്ന പരീക്ഷകൾ അടക്കമുള്ളവയിലെ തട്ടിപ്പ് തടയലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുമായി ചേർന്ന് ചോദ്യപേപ്പർ ചോർത്തുകയോ ഉത്തരക്കടലാസിൽ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്നവർക്കാണ് പത്തു വർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കുന്നത്.

ബില്ലിൽ പറയുന്ന കുറ്റകൃത്യങ്ങൾക്ക് ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, പൊലീസിന് വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും നൽകുന്നുണ്ട്. ഒത്തുതീർപ്പിലൂടെയുള്ള പ്രശ്‌ന പരിഹാരം കാണാനും കഴിയില്ല. ചോദ്യക്കടലാസോ ഉത്തരസൂചികയോ ചോർത്തൽ, പരീക്ഷാർഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കൽ, വ്യാജ വെബ്‌സൈറ്റുകൾ തയ്യാറാക്കി വഞ്ചിക്കലും പണംതട്ടിപ്പും, വ്യാജപരീക്ഷാ നടത്തിപ്പ്, വ്യാജമായി പരീക്ഷാകേന്ദ്ര പ്രവേശന കാർഡും ജോലിവാഗ്ദാന കാർഡുകളും തയ്യാറാക്കുക തുടങ്ങിയവയും ശിക്ഷാർഹമായ കുറ്റങ്ങളായി ബില്ലിൽ പറയുന്നു.

സർവീസ് പ്രൊവൈഡർ സ്ഥാപനങ്ങൾ ക്രമക്കേട് നടത്തിയാൽ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതിൽ നിന്ന് നാല് വർഷത്തേക്ക് വിലക്കും. കുറ്റം ചെയ്തിട്ടുണ്ട് എന്ന് അന്വേഷണസംഘം തെളിയിക്കുന്ന പക്ഷം കടുത്ത നടപടിയുണ്ടാകും.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ പരിഹാസം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചുവെന്നും ഇനി സന്ദർശക ഗ്യാലറിയിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നു. സീറ്റുകൾ മാറുന്നതിനായി പലരും ശ്രമിക്കുന്നു. പല നേതാക്കളും ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് പകരം രാജ്യസഭാംഗമാക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണിരിക്കുകയാണ്. കോൺഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണ് ചിന്തിച്ചത്. കുടുംബാധിപത്യം കോൺഗ്രസിനെ നശിപ്പിച്ചു. ക്രിയാത്മക പ്രതിപക്ഷമാകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷത്ത് ദീർഘകാലം തുടരാനുള്ള തീരുമാനത്തെ താൻ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകൾ സർക്കാർ അധികാരത്തിലിരുന്ന അതേ രീതിയിൽ നിങ്ങൾ പ്രതിപക്ഷത്ത് ഇരിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ, നിങ്ങളുടെ ആഗ്രഹം ജനങ്ങൾ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ പിടുപ്പുകേടാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ധനകാര്യ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയർത്താവില്ലെന്നും എജി മുഖേന ധനകാര്യമന്ത്രാലയം സമർപ്പിച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്‌മെന്റുള്ള സംസ്ഥാനമാണ് കേരളം. 2018 -2019ൽ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കിൽ 2021-22 ൽ 39 ശതമാനമായി ഉയർന്നെന്ന് കുറ്റപ്പെടുത്തുന്നു. സംസ്ഥാനങ്ങളുടെ റവന്യൂ ചിലവ് 74 ശതമാനത്തിൽ നിന്നും 82 ശതമാനമായെന്നു കേന്ദ്രസർക്കാർ പറയുന്നു. കേന്ദ്രം നൽകേണ്ട നികുതി വരുമാനവും , ജി എസ് ടി നഷ്ടപരിഹാരവും കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള പണവും നൽകിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഊർജമേഖലയിലേക്ക് നാലായിരം കോടി കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷവും നൽകി. ഇതെല്ലാമായിട്ടും മോശം ധനകാര്യമാനേജ്‌മെന്റ് കാരണം കടത്തിൽ നിന്ന് കടത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഉത്തരവാദിത്വം കേരളത്തിന് മാത്രമാണെന്നും ധനകാര്യമന്ത്രാലയം സുപ്രീംകോടതിയിൽ വിശദമാക്കി.

കിഫ്ബിക്ക് സ്വന്തമായ വരുമാന സ്രോതസ്സ് ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.