Highlights (Page 2)

തിരുവനന്തപുരം: രാജ്യത്തെ റെയിൽവേ മേഖല അടിമുടി പരിഷ്‌ക്കരിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ട്രെയിനുകളുടെ ആധുനികവത്കരണത്തിന് ഒപ്പം പഴുതടച്ച സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് റെയിൽവേയുടെ പ്രവർത്തനം. ഇതിന് ഉദാഹരണമാണ് റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക്ക് ആക്കുകയെന്നത്. ഈ പദ്ധതി കേന്ദ്ര സർക്കാർ കേരളത്തിലും നടപ്പിലാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറാനൊരുങ്ങുകയാണ്. സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന ഗേറ്റുകൾ വരുമ്പോൾ ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയും. റെയിൽ ഗതാഗതത്തിലെ സുരക്ഷയും അതോടൊപ്പം വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലുള്ള തുറവൂർ-എറണാകുളം റീച്ചിൽ നാലുകുളങ്ങര, ടി.ഡി. റെയിൽവേ ഗേറ്റുകളിൽ റെയിൽവേ ഗേറ്റ് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന സംവിധാനം നടപ്പായി.

ആലപ്പുഴയിലെ തുറവൂർ റെയിൽവേ സ്റ്റേഷനിലെ സിഗ്നലിങ് സംവിധാനവും ഓട്ടോമാറ്റിക്കായി. ദക്ഷിണ റെയിൽവേയിൽ മധുരയിലാണ് ഇത് ആദ്യം നടപ്പാക്കിയത്. ഇത് നടപ്പിലാക്കിയ രണ്ടാമത്തെ സ്ഥലമാണ് തുറവൂർ. ഓട്ടോമാറ്റിക് ആയാലും ഏതെങ്കിലും സാഹചര്യത്തിൽ പ്രവർത്തനത്തിന് തകരാറുണ്ടായാൽ ഗേറ്റ് പഴയപടി പ്രവർത്തിപ്പിക്കാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

10 കോടിയോളം രൂപയാണ് തുറവൂരിലെ രണ്ടുഗേറ്റുകൾ ഓട്ടോമാറ്റിക് ആവുന്നതിനും സിഗ്നലിങ് സംവിധാനം നവീകരിക്കുന്നതിനും വേണ്ടി റെയിൽവേ ചെലവഴിച്ചത്.

ന്യൂഡൽഹി: പേടിഎമ്മിന് യുപിഐ സേവനങ്ങൾ തുടരാം. യുപിഐ സേവനങ്ങൾ തുടരാൻ പേടിഎമ്മിന് നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അനുമതി നൽകി. പേടിഎം മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ തേർഡ് പാർട്ടി ആപ്പ് ലൈസൻസിനുള്ള അപേക്ഷയിലാണ് എൻപിസിഐ അനുമതി നൽകിയത്.

ഇനി പേടിഎം ബാങ്ക് പ്രവർത്തനം നിർത്തിയാലും പേടിഎം ഉപഭോയോക്താക്കൾക്ക് സാധാരണ നിലയിൽ യുപിഐ ഇടപാടുകൾ നടത്താൻ കഴിയുന്നതാണ്. മാർച്ച് 15-ന് ശേഷം പുതിയ നിക്ഷേപം സ്വീകരിക്കരുതെന്നാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയിരിക്കുന്ന നിർദ്ദേശം. തുടർച്ചയായ ചട്ടലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന് പിന്നാലെ ആപ്പിന്റെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പേടിഎമ്മിന് തേർഡ് പാർട്ടി ആപ്പ് ലൈസൻസ് ലഭിച്ചത്.

ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങിയവയുടെ പങ്കാളിത്തത്തോടുകൂടിയാകും പേടിഎം യുപിഐ ഇടപാടുകൾ തുടരുക. എൻപിസിഐ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചി: സിനിമകൾ റിലീസായി 48 മണിക്കൂർ കഴിയാതെ റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി അമിക്കസ് ക്യൂറി. റിവ്യൂ ബോംബിംഗിനെതിരെ പരാതിപ്പെടാൻ സൈബർ പൊലീസ് പോർട്ടൽ തയ്യാറാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പെട്ടെന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം സുഗമമാക്കാൻ പോർട്ടൽ സഹായകമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നെഗറ്റീവ് റിവ്യൂകൾ തടയണമെന്ന ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്.

റിവ്യൂ ബോംബിംഗ് നടത്തുന്ന വ്യാജ ഐഡികൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സൈബർ സെൽ നൂതന സാങ്കേതികവിദ്യയും ഐടി ടൂളുകളും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. സിനിമ റിലീസായി 48 മണിക്കൂറിനകം നല്ലൊരുഭാഗം പ്രേക്ഷകർക്കും ബാഹ്യസ്വാധീനമില്ലാതെ അഭിപ്രായം സ്വരൂപിക്കാനാകുമെന്നാണ് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ വിലയിരുത്തുന്നത്.

സിനിമയെ തകർക്കാൻ റിവ്യൂബോംബിംഗ് നടത്തുന്നവരെ കർശനമായ നിയമങ്ങളുപയോഗിച്ച് തടയാനാകും. എന്നാൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരും വ്‌ളോഗർമാരും വലിയൊരു വിഭാഗം പ്രേക്ഷകരെ സ്വാധീനിക്കുമെന്നതിനാൽ ഇവരുടെ റിവ്യൂകൾ നിയന്ത്രിക്കുന്നത് വെല്ലുവിളിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റിവ്യൂകൾ ബിഐഎസ് അംഗീകാരമുള്ള സൈറ്റുകളിലൂടെ മാത്രം, വ്‌ലോഗർമാർ വ്യക്തിഹത്യയും മോശം ഭാഷയും വെടിയണം, വിമർശനം ഗുണകരമാകണം, സിനിമയുടെ കഥ വെളിപ്പെടുത്തുന്ന സ്‌പോയിലറുകൾ ഒഴിവാക്കണം, നെഗറ്റീവ് റിവ്യൂകൾ ബോക്‌സോഫീസിൽ വരുത്തുന്ന നഷ്ടം പരിഗണിക്കണം, പകർപ്പവകാശവും സിനിമാക്കാരുടെ സ്വകാര്യതയും മാനിക്കണം, പണംപറ്റിയുള്ള റിവ്യൂകളിൽ കേന്ദ്ര ഉപഭോക്തൃ അതോറിറ്റി നടപടിയുണ്ടാകണം തുടങ്ങിയവയാണ് മറ്റ് ശുപാർശകൾ.

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് 20000 പുതിയ ഫാർമസികൾ തുറക്കുമെന്ന് ജൻ ഔഷധി സിഇഒ രവി ദധിച്ച്. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താങ്ങാവുന്ന വിലയിൽ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമീണ മേഖലയ്ക്കായിരിക്കും പ്രധാന്യം നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗ്രാമീണ മേഖലയിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് അടുത്തതായി ലക്ഷ്യമിടുന്നത്. സംരംഭ മാതൃകയിൽ ആ മേഖലയിലേക്ക് കടക്കുകയെന്നത് വിഷമകരമായ കാര്യമാണ്. അതിനാൽ പിഎസിഎസിന്റെ സഹായത്തോടെയാണ് ഗ്രാമീണ മേഖലയിലേക്ക് കടക്കുന്നത്. ഏകദേശം 4500 അപേക്ഷകൾ ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവയിൽ 2500 എണ്ണത്തിന് അനുമതി നൽകി. 400 ഷോപ്പുകൾ ഇതിനോടകം തന്നെ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത്ഷാഈ സൊസൈറ്റികളുമായി സഹകരിക്കാനുള്ള തീരുമാനം സ്വീകരിച്ചിരുന്നു. അവർക്ക് കെട്ടിടങ്ങളുണ്ട്. അവ ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനായി ഉപയോഗപ്പെടുത്താൻ കഴിയും. വിൽപ്പന അടിസ്ഥാനമാക്കി തങ്ങൾ അവർക്ക് സഹായം നൽകും. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ 20000 ഔട്ട്ലെറ്റുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: നീണ്ട ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. ഇന്ന് മുംബൈയിൽ വച്ചാണ് മത്സരത്തിന്റെ ഫിനാലെ ചടങ്ങുകൾ നടക്കുന്നത്. പ്രശസ്ത സംവിധായകനും നിർമാതാവുമായ കരൺ ജോഹറാണ് എഴുപത്തിയൊന്നാമത് മിസ് വേൾഡ് മത്സരത്തിന്റെ അവതാരകൻ. വൈകുന്നേരം 7.30-ന് ചടങ്ങ് ആരംഭിക്കും.

10.30-ഓടെ ചടങ്ങുകൾ അവസാനിക്കും. കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. 2017-ൽ മാനുഷി ഛില്ലറിനുശേഷം വീണ്ടും സിനി ഷെട്ടിയിലൂടെ ലോകസുന്ദരിപ്പട്ടം ഇന്ത്യയെ തേടി എത്തുമോയെന്ന പ്രതീക്ഷയിലാണ് എല്ലാവരും. 112 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളോടാകും സിനി ഷെട്ടി മത്സരിക്കുന്നത്. അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ സിനി ഡിഗ്രി പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) വിദ്യാർഥിനിയായ സിനി ഭരതനാട്യം നർത്തകി കൂടിയാണ്. 21 വയസാണ് സിനിയുടെ പ്രായം. മുംബൈയിലാണ് സിനി ജനിച്ചതെങ്കിലും വളർന്നത് കർണാടകയിലാണ്.

മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് മിസ് വേൾഡ് ഗ്രാൻഡ് ഫിനാലെ അരങ്ങേറുക. കഴിഞ്ഞ തവണ പോളണ്ടിൽ ലോകസൗന്ദര്യ കിരീടമെത്തിച്ച കരോലിന ബിലാവ്സ്‌ക പുതിയ വിജയിയെ കിരീടം അണിയിക്കും. ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സമ്മാനവുമായി കേന്ദ്ര സർക്കാർ. ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാൻ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം എക്‌സ് മാദ്ധ്യമത്തിൽ കുറിച്ചു. പാചകവാതകത്തെ താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുക വഴി കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.

വനിതാശാക്തീകരണവും സ്ത്രീകളുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ നചപടിയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. അതേസമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്താക്കൾക്കാണ് സബ്സിഡി ലഭിക്കുക. കഴിഞ്ഞദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് തീരുമാനം. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന.

തിരുവനന്തപുരം: ജി.എസ്.ടി. രജിസ്ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും 2024-25 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ വ്യാപാര ഇടപാടുകൾക്ക് അനുസൃതമായി, നിയമപരമായി പാലിക്കേണ്ടതായ വിവിധ നടപടിക്രമങ്ങളെ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

ജി .എസ് .ടി നിയമ പ്രകാരം 2024 -2025 സാമ്പത്തിക വർഷം മുതൽ പുതുതായി കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ നികുതിദായകർ, പ്രസ്തുത സ്‌കീം തിരഞ്ഞെടുക്കുവാൻ ഉള്ള ഓപ്ഷൻ, നിയമപ്രകാരം 31 മാർച്ച് 2024 നോ അതിന് മുൻപോ തന്നെ ഫയൽ ചെയ്യേണ്ടതാണ് . നിലവിൽ കോമ്പോസിഷൻ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവർക്ക് പുതുതായി ഇതിനു വേണ്ടി ഓപ്ഷൻ നൽകേണ്ടതില്ല.

ജി.എസ്.ടി റൂൾ 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ യൂണീക്ക് ആയ തുടർ സീരീസ്സിൽ ഉള്ള ടാക്സ് ഇൻവോയ്സുകൾ ആണ് ഉപയോഗിക്കേണ്ടത്. വരും സാമ്പത്തിക വർഷത്തിൽ പ്രസ്തുത റൂൾ പ്രകാരമുള്ള നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട് എന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തണം.

2017 -2018 മുതൽ 2022-2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും ഒരു സാമ്പത്തിക വർഷത്തിൽ, ഒരു പാനിൽ (PAN) രാജ്യമാകമാനമുള്ള ജി.എസ്.ടി രജിസ്ട്രേഷനുകളിലെയും മൊത്ത വാർഷിക വിറ്റ് വരവ് (Aggregate Turnover) 5 കോടി കടന്നിട്ടുള്ള നികുതിദായകർ നിബന്ധനകൾക്കനുസൃതമായി 2024 ഏപ്രിൽ 1 മുതൽ സാധനങ്ങളുടെയോ, സേവനങ്ങളുടെയോ സപ്ലയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ് – ടു- ബിസിനസ് ( B to B) ഇടപാടുകളിൽ നിർബന്ധമായും ഇ – ഇൻവോയ്സിങ് ചെയ്യണം. ഇ-ഇൻവോയ്സിങ് ബാധ്യതയുള്ള വ്യാപാരി ഇ-ഇൻവോയ്സിങ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. പ്രസ്തുത പരിധിയിൽ വരുന്ന നിയമപരമായ ബാധ്യതയുള്ള എല്ലാ നികുതിദായകരും കർശനമായി ഇ -ഇൻവോയ്സുകൾ നൽകേണ്ടതും, അപ്രകാരം ചെയ്യാതിരുന്നാൽ ജി.എസ്.ടി നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും, ശിക്ഷാ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും.

ജി.എസ്.ടി.ആർ – 1 / 3-ബി റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്കുള്ള ത്രൈമാസ റിട്ടേൺ ഫയലിംഗ് സ്‌കീമായ ക്യു.ആർ.എം.പി (QRMP) , 2024 -2025 സാമ്പത്തിക വർഷത്തെ ആദ്യ പാദം മുതൽ തന്നെ (2024 ഏപ്രിൽ 1 മുതൽ 2024 ജൂൺ 30 വരെ) പ്രയോജനപ്പെടുത്തുവാനുള്ള ഓപ്ഷൻ ഫയൽ ചെയ്യുവാനുള്ള അവസരം 2024 ഏപ്രിൽ 30 വരെ ജി.എസ്.ടി പോർട്ടലിൽ ലഭ്യമാണ്. നിലവിൽ ക്യു.ആർ.എം.പി (QRMP) സ്‌കീമിൽ ഉള്ളവർക്ക് സാധാരണ പോലെ പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യുന്ന രീതിയിലേക്ക് മാറുവാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. പാൻ (PAN) അടിസ്ഥാനമാക്കിയുള്ള 2023-24 സാമ്പത്തിക വർഷത്തെ മൊത്ത വിറ്റുവരവ് 5 കോടിയിൽ കവിയാത്തവർക്കാണ് 2024-25 സാമ്പത്തിക വർഷത്തിൽ ഈ സ്‌കീമിന്റെ ആനുകൂല്യത്തിനുള്ള അർഹത.

ഐ.ജി.എസ്.ടി (IGST) അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ, സെസ്സ് യൂണിറ്റുകളിലേക്കോ, സാധനങ്ങളോ, സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ കയറ്റുമതിക്കാരും, എല്ലാ സാമ്പത്തിക വർഷവും കയറ്റുമതി നടത്തുന്നതിന് മുൻപ് തന്നെ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (LUT) FORM GST RFD 11 കമ്മീഷണർ മുൻപാകെ ഫയൽ ചെയ്യേണ്ടതാണ്. ആയതിലേക്കായി 2024-2025 സാമ്പത്തിക വർഷത്തെ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (LUT) സമർപ്പിക്കുവാനുള്ള സൗകര്യം 01/04/2024 മുതൽ ജി.എസ്.ടി കോമൺ പോർട്ടലിൽ ലഭ്യമാകുന്നതാണ്. മേൽ പ്രകാരമുള്ള കയറ്റുമതി നടത്തുന്നവർ വീഴ്ച വരാതെ പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തണം.

തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസിന് താഴെയുള്ള 23,24,949 കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിട്ടത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകാനായത്. എന്തെങ്കിലും കാരണത്താൽ തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് വരും ദിവസങ്ങളിൽ തുള്ളിമരുന്ന് നൽകുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 1,85,100, കൊല്ലം 1,44,927, പത്തനംതിട്ട 58,884, ആലപ്പുഴ 1,06,458, കോട്ടയം 91,610, ഇടുക്കി 61,212, എറണാകുളം 1,86,846, തൃശൂർ 1,71,222, പാലക്കാട് 1,83,159, മലപ്പുറം 3,13,268, കോഴിക്കോട് 1,92,061, വയനാട് 49,847, കണ്ണൂർ 1,44,674, കാസർഗോഡ് 91,147 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തിൽ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്‌സിനേഷനിൽ മുന്നിലുള്ള ജില്ലകൾ.

ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 23,471 ബൂത്തുകൾ സജ്ജമാക്കിയിരുന്നു. ഇതിൽ 19.17 ലക്ഷം കുഞ്ഞുങ്ങൾക്കും പോളിയോ ബൂത്തുകൾ വഴിയാണ് തുള്ളി മരുന്ന് നൽകിയത്. 46,942 വോളണ്ടിയർ, 1564 സൂപ്പർവൈസർമാർ ഉൾപ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ സേവനമനുഷ്ഠിച്ചത്.

പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചിരുന്നു. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പൂർണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംഘടിപ്പിച്ചത്.

തിരുവനന്തപുരം: പതിനഞ്ചു വർഷത്തിനു ശേഷം സംസ്ഥാനത്ത് ആദ്യമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പൊലീസിനും മറ്റു ചില വിഭാഗങ്ങൾക്കും ഒന്നാം തീയതി ശമ്പളം ലഭിച്ചില്ല. ഈ വിഭാഗങ്ങൾക്ക് ഒന്നാം തീയതിയാണ് ശമ്പളം വിതരണം ചെയ്തിരുന്നത്. പതിനഞ്ച് വർഷങ്ങൾക്കിടെ ആദ്യമായാണ് ഇത് മുടങ്ങുന്നത്. ഇതിനു മുമ്പ് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടായത്.

സാങ്കേതികപ്രശ്‌നങ്ങൾ മൂലം ട്രഷറി സേവിംഗ്‌സ് അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ കഴിഞ്ഞില്ലെന്നാണ് ട്രഷറി ഡയറക്ടറുടെ വിശദീകരണം. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം ഇന്നും നടത്താൻ കഴിഞ്ഞില്ല. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി അടിയന്തരമായി പണം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ധനവകുപ്പ്. രണ്ടാം ദിവസമായിട്ടും ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ വലിയ അതൃപ്തിയിലാണ്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ശമ്പളം നൽകിയിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ലഭിച്ചു

ലാൻഡ് റവന്യൂ, എക്സൈസ്, വെഹിക്കൾ ടാക്സ്, സെയിൽ ടാക്സ്, മറ്റg നികുതി വിഭാഗങ്ങൾ, ചീഫ് ഇലക്ട്രൽ ഇൻസ്പക്ട്രേറ്റ്, സ്റ്റാംപ്സ്, റജിസ്ട്രേഷൻ, നിയമസഭ, ഇലക്ഷൻ, പൊതുഭരണവകുപ്പിനു കീഴിൽവരുന്ന സ്ഥാപനങ്ങൾ, നീതിന്യായവകുപ്പ്, ജയിൽ, പൊലീസും ഫയർഫോഴ്സും, സ്റ്റേഷനറി ആൻഡ് പ്രിന്റിങ്, ഇൻഷുറൻസ്, ചെക്കുകൾ നൽകുന്ന എല്ലാ വകുപ്പുകളും, ഹരിജൻ വെൽഫെയർ, മുനിസിപ്പാലിറ്റീസ്, ജല ഗതാഗതം തുടങ്ങിയവയ്ക്കാണ് മാസത്തിലെ ആദ്യ ദിനം ശമ്പളം ലഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ്, മെഡിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് എന്നിവയ്ക്ക് രണ്ടാം ദിവസവും കൃഷി, ഫിഷറീസ്, അനിമൽ ഹസ്ബൻഡറി, സഹകരണം, വ്യവസായം, സയന്റിഫിക് ഡിപ്പാർട്ട്മെന്റുകൾ, ലേബർ, റൂറൽ ഡെവലെപ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, പോർട്ട്, സിവിൽ സപ്ലൈസ്, ഡയറി ഡെവലെപ്മെന്റ് എന്നിവയ്ക്ക് മൂന്നാം ദിവസവും ശമ്പളം ലഭിക്കും.

തിരുവനന്തപുരം: ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം അവലോകനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു.

ഇടുക്കി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിനായി ഒരു എസ്.പി.വി രൂപികരിക്കും. മെഡിക്കൽ കോളേജിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന 50 ഏക്കർ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയും മറ്റനുബന്ധ പരിശോധനകളും നടത്തണം. ഇത് ജില്ലാ കളക്ടർ ഉറപ്പ് വരുത്തും. എം.പി. ഫണ്ടിൽ നിന്ന് അനുവദിക്കുന്ന 1.50 കോടി രൂപ ഉപയോഗിച്ച് മോഡ്യുലാർ ഓപ്പറേഷൻ തീയറ്റർ സജ്ജമാക്കും. മോഡ്യുലാർ ലാബ് എത്രയും വേഗം സജ്ജമാക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി.

ചെറുതോണി ബസ് സ്റ്റാന്റ് മുതൽ ഇടുക്കി മെഡിക്കൽ കോളേജ് വരെയുള്ള റോഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ഇടുക്കി മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. പുതിയ ആശുപത്രി ബ്ലോക്കിന്റെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കി ഐസിയു ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കും. മെഡിക്കൽ കോളേജിനുള്ളിലെ റോഡുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കാനും തീരുമാനമായി.

ലേഡീസ് ഹോസ്റ്റലിന്റെ നിർമ്മാണം ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ നിർദേശം നൽകി. ചുറ്റുമതിൽ നിർമ്മിക്കാനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും നടപടി സ്വീകരിക്കും. വൈദ്യുതി വിതരണം സുഗമമാക്കുന്നതിന് 11 കെവി ഫീഡർ ലൈൻ സ്ഥാപിക്കും. മാലിന്യ സംസ്‌കരണത്തിനായുള്ള സംവിധാനം ഒരുക്കും. നഴ്‌സിംഗ് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് ആലോചിക്കും. ഡോക്ടർമാരുടേയും അനുബന്ധ ജീവനക്കാരുടേയും ഹാജർ കൃത്യമായി ഉറപ്പ് വരുത്തണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.