ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരൻ ഫെറി; ഉദ്ഘാടനം ഇന്ന്

കൊച്ചി: ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരൻ ഫെറിയുടെ ഉദ്ഘാടനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. തൂത്തുകുടിയിൽ നിന്ന് വെർച്വൽ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത്.

കൊച്ചിൻ ഷിപ്യാർഡാണ് ഹൈഡ്രജൻ ഫ്യൂവൽ സെൽ കാറ്റമരൻ ഫെറി നിർമ്മിച്ചത്. ഭാവി ഇന്ധന സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ നിർണായക ചുവടുവയ്പ്പാണിത്. പൂർണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്ത ഹൈഡ്രജൻ കപ്പലാണിത്. 2070 ഓടെ ഇന്ത്യയിൽ ഹരിതഗൃഹ വാതകങ്ങൾ മൂലമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമായി ഒരു പൈലറ്റ് പദ്ധതി ആയാണ് ഈ ഹൈഡ്രജൻ ഫെറി നിർമിച്ചത്.

മാരിടൈം ഇന്ധനമായി ഹൈഡ്രജനെ സ്വീകരിക്കാനുള്ള പരിശ്രമങ്ങളുടെ കൂടി ഭാഗമാണിത്. ശബ്ദമില്ലാതെ ഓടുന്ന ഈ ഫെറി മലിന വാതകങ്ങളൊന്നും പുറന്തള്ളുന്നില്ല. ഊർജ്ജ ഉപയോഗവും കാര്യക്ഷമമാണ്. ഫലത്തിൽ ഇത് ആഗോള താപനത്തിന്റെ ആഘാതം കുറയ്ക്കാനും നല്ലതാണ്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ വിഭാവനം ചെയ്യുന്നതു പോലെ ഹൈഡ്രജനെ ഒരു മാരിടൈം ഇന്ധനമായി ഉപയോഗിക്കുന്നതിന് ഈ പദ്ധതി ഊർജ്ജം പകരും.