Highlights (Page 192)

ടോക്കിയോ: രാജ്യത്തിന് വെങ്കലം സമ്മാനിച്ച് ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി വി സിന്ധു. റിയോ ഒളിംപിക്‌സിലെ വെള്ളിമെഡലിനൊപ്പം വെങ്കലവും സ്വന്തമാക്കിയതോടെ ഒളിംപിക്‌സില്‍ രണ്ട് വ്യക്തിഗത മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ കായിക താരമെന്ന ചരിത്രവും സിന്ധു രചിച്ചു.

ലൂസേഴ്‌സ് ഫൈനലില്‍ ചൈനീസ് താരം ഹി ബിന്‍ ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ( 21-13, 21-15 ) തോല്‍പ്പിച്ചാണ് സിന്ധു വെങ്കലത്തില്‍ മുത്തമിട്ടത്.

നഷ്ടപ്പെട്ട ഫൈനലിനെ ഓര്‍ത്ത് ദുഃഖിക്കാനല്ല, രാജ്യത്തിന് ലഭിച്ച ഒളിംപിക് മെഡലില്‍ അഭിമാനിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്, വര്‍ഷങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലമാണ് ഈ മെഡല്‍. എന്നെ പിന്തുണച്ച കുടുംബത്തിനും പരിശീലകര്‍ക്കും സര്‍ക്കാരിനും സ്‌പോണ്‍സര്‍മാര്‍ക്കും ആരാധകര്‍ക്കും അളവില്ലാത്ത നന്ദി അറിയിക്കുന്നുവെന്ന് മെഡല്‍ നേട്ടത്തില്‍ സിന്ധു പ്രതികരിച്ചു.

രണ്ടാം ഒളിംപിക് മെഡല്‍ നേടിയ സിന്ധുവിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ കായികമന്ത്രി കിരണ്‍ റിജ്ജു, ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര തുടങ്ങി വിവിധ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഛണ്ഡീഗഢ്: പഞ്ചാബില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഓഗസ്റ്റ് രണ്ട് മുതല്‍ ക്ലാസ് ആരംഭിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.

നേരത്തെ 10 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്ത അദ്ധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്.

തിരുവനന്തപുരം: ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ശശികുമാറിന്. സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ ഈ വർഷം ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമാണ് ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. കെ.സച്ചിദാനന്ദൻ ചെയർമാനും വെങ്കിടേഷ് രാമകൃഷ്ണൻ, എസ് ശാരദക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മലയാളത്തിലെ ദൃശ്യമാദ്ധ്യമപ്രവർത്തനത്തിന് മതേതര, പുരോഗമന മൂല്യങ്ങളിലൂന്നിയ ദിശാബോധം നൽകുകയും ദീർഘകാലമായി ഈ മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന ടെലിവിഷൻ പ്രവർത്തകനെന്ന നിലയിലുള്ള അതുല്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നല്കിയിട്ടുള്ളതെന്ന് സജി ചെറിയാൻ അറിയിച്ചു.

ദൂരദർശനിൽ ഇംഗ്ലീഷ് വാർത്താവതാരകനായും പ്രൊഡ്യൂസറായും ഔദ്യോഗിക ജീവിതം ആരംഭിച്ച ശശികുമാർ മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലിന്റെ സ്ഥാപകനാണ്. പ്രാദേശിക ഭാഷയിലുള്ള ഇന്ത്യയിലെ ആദ്യ ഉപഗ്രഹ ടെലിവിഷൻ ചാനൽ കൂടിയായ ഏഷ്യാനെറ്റിലൂടെ വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളുമായി പുരോഗമനപരമായ ദൃശ്യമാദ്ധ്യമ പ്രവർത്തനത്തിന് അദ്ദേഹം തുടക്കമിട്ടു. നിലവിൽ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്റെ ചെയർമാനും ഏഷ്യാവിൽ ചീഫ് എഡിറ്ററുമാണ് അദ്ദേഹം.

ചലച്ചിത്രകാരൻ, അഭിനേതാവ് എന്നീ നിലകളിലും പ്രസിദ്ധനാണ് ശശികുമാർ. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ലൗഡ്സ്പീക്കർ ,എന്നു നിന്റെ മൊയ്തീൻ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു. എൻ.എസ്. മാധവന്റെ ‘വന്മരങ്ങൾ വീഴുമ്പോൾ’ എന്ന കഥയെ അടിസ്ഥാനപ്പെടുത്തി ഹിന്ദിയിൽ ‘കായ തരൺ’ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

വാഷിംഗ്ടൺ: ടിബറ്റിന്റെ സ്വാതന്ത്ര്യവാദത്തിന് പിന്തുണയുമായി അമേരിക്ക. യു.എസ്. സെക്രട്ടറി ആന്റണി ബ്ലിങ്കൺ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി.

ചൈനയുടെ നിയന്ത്രണത്തിൽ നിന്നും ടിബറ്റിനെ സ്വതന്ത്രമാക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു കൂടിക്കാഴ്ച്ചയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദലൈലാമയുടെ അനുയായിയായ ഗോദപ് ഡോംഗ് ചോങുമായാണ് ബ്ലിങ്കൺ കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ത്യയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ച ബ്ലിങ്കനോട് ഗോദപ് ഡോംഗ് നന്ദി അറിയിച്ചു.

അതേസമയം ചൈന ഇക്കാര്യത്തിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ചൈനയുടെ ഭാഗമാണ് ടിബറ്റെന്നും ഒരു വിഭാഗത്തിന്റെ സ്വാതന്ത്ര്യവാദത്തെ പിന്തുണയ്ക്കുന്ന നടപടി ശരിയല്ലെന്നുമാണ് ചൈന പറയുന്നത്. ടിബറ്റിലെ ഭരണപരമായ അടക്കമുള്ള എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് തങ്ങളാണെന്നും അത് ചൈനയുടെ ആഭ്യന്തരകാര്യമാണെന്നുമാണ് ചൈനയുടെ വിശദീകരണം. ചൈനീസ് വിദേശകാര്യ വക്താവായ സാവോ ലീജിയനാണ് ഇക്കാര്യം അറിയിച്ചത്.

വിദേശ രാജ്യങ്ങളുടെ ഇടപെടൽ അനുവദിക്കാൻ കഴിയില്ല. ദലൈലാമ ഒരു മതവിഭാഗത്തിന്റെ ആത്മീയ ആചാര്യൻ മാത്രമാണെന്നും ചൈനയ്‌ക്കെതിരെ അദ്ദേഹം നടത്തുന്ന പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്നും സാവോ ലീജിയൻ വ്യക്തമാക്കി. ടിബറ്റിനെ ചൈനയിൽ നിന്നും വിഭജിക്കാനുള്ള ദലൈലാമയുടെ നീക്കത്തെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും വേരിഫൈ ചെയ്യണം. എന്നാൽ തുടർച്ചയായി ടിക്കറ്റുകൾക്കായി സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇത്തരം വേരിഫിക്കേഷൻ ആവശ്യമില്ല. ടിക്കറ്റിംഗിനായി ഓൺലൈൻ ഉപയോഗിക്കുമ്പോൾ നൽകുന്ന മൊബൈലിലേക്കും ഇ-മെയിലിലേക്കും ഒടിപികൾ അയച്ചതിന് ശേഷം മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.

ഐആർസിടിസിയിലൂടെയാണ് ടിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാനായി ആദ്യം ഐആർടിസിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി ഐആർസിടിസി പോർട്ടലിൽ ഒരു ലോഗിൻ ഐഡിയും പാസ്വേഡും സൃഷ്ടിക്കണം. ഇതിനായി ഇമെയിലും ഫോൺ നമ്പറും നൽകണം. തുടർന്ന് ദൃശ്യമാകുന്ന വേരിഫിക്കേഷൻ വിൻഡോയിൽ രജിസ്റ്റർ ചെയ്ത ഇമെയിലും മൊബൈൽ നമ്പറും നൽകണം. വെരിഫിക്കേഷൻ വിൻഡോയിൽ, വലത് വശത്ത് വെരിഫിക്കേഷനും ഇടതുവശത്ത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഇമെയിൽ, ഫോൺ നമ്പർ എന്നിവയുൾപ്പെടെ വിശദാംശങ്ങൾ മാറ്റണമെങ്കിൽ, നിങ്ങൾക്ക് എഡിറ്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യാം.

തുടർന്ന് നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് ഒടിപി അയക്കും. ഇമെയിൽ ഐഡി ശരിയാണോ എന്ന് വിലയിരുത്താനും ഇത്തരത്തിൽ ഒരു കൺഫർമേഷൻ സന്ദേശം അയക്കും. ശേഷം ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

ന്യൂഡൽഹി: കോവിഷീൽഡ്-സ്പുട്നിക് വി കമ്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയകരം. വാക്‌സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതിയും പഠന റിപ്പോർട്ടിന് അംഗീകാരം നൽകി. റഷ്യൻ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീൽഡ് വാക്സിൻ തുടങ്ങിയവ നൽകി നടത്തിയ പരീക്ഷണത്തെ തുടർന്നാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

അസർബൈജാനിൽ 50 ആളുകളിൽ വാക്‌സിൻ പരീക്ഷണം നടത്തി. കോവിഡ് വൈറസിന്റെ കൂടുതൽ വകഭേദങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിൽ മിശ്രിത വാക്‌സിനേഷൻ പോലുള്ള പദ്ധതികൾക്ക് പ്രധാന്യമേറെയുണ്ടെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു. വാക്സിനുകളുടെ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് പ്രതിരോധ ശേഷി വർധിക്കുമെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യ ഉൾപ്പെടെ ലോകത്ത് പല രാജ്യങ്ങളും മിശ്രിത വാക്സിനേഷൻ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. വെല്ലൂരിലെ മെഡിക്കൽ കോളേജിന് കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ മിശ്രിതം പരീക്ഷിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് അധികൃതർ അനുമതി നൽകിയത്.

ബ്രസീലിയ: ലോകത്തെ അത്ഭുതപ്പെടുത്തി നിക്കോളിന്‍ ഒലിവേരയെന്ന എട്ടുവയസ്സുകാരി കണ്ടെത്തിയത് ഏഴ് ഛിന്നഗ്രഹങ്ങള്‍. ബ്രസീല്‍ സ്വദേശിനിയായ ഈ മിടുക്കി ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞയെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

‘എനിക്ക് എല്ലാ നക്ഷത്രങ്ങളെയും ഇഷ്ടമാണ്, പക്ഷേ ആകര്‍ഷകമായ ഛിന്നഗ്രഹങ്ങളെയാണ് ഞാന്‍ കണ്ടെത്തുന്നത്’ എന്ന് ഈ കുട്ടി ശാസ്ത്രജ്ഞ പറയുന്നു.

നാസ അംഗമായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര പദ്ധതിയായ ആസ്റ്ററോയിഡ് ഹണ്ടിന് വേണ്ടിയാണ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഛിന്നഗ്രഹങ്ങളെ ഒലിവേര കണ്ടെത്തിയത്.

കണ്ടെത്തലുകള്‍ മാത്രമല്ല, ഈ കുട്ടി ജ്യോതിശാസ്ത്രജ്ഞ മികച്ച പ്രാസംഗികയും, യൂട്യൂബറുമൊക്കെ കൂടിയാണ്. ജന്മനാടായ മാസിസിലെ സ്‌കൂളുകളില്‍ ജ്യോതിശാസ്ത്രത്തെപ്പറ്റി പ്രഭാഷണങ്ങള്‍ നടത്താറുണ്ട് ഈ മിടുക്കി. അടുത്തിടെ, ബ്രസീലിയന്‍ സയന്‍സ് ടെക്‌നോളജി ഇന്നൊവേഷന്‍ മന്ത്രാലയം നടത്തിയ ജ്യോതിശാസ്ത്രവും എയറോനോട്ടിക്‌സും സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിലും ഒലിവേര പ്രഭാഷണം നടത്തിയിരുന്നു.

അലാഗോസ് ജ്യോതിശാസ്ത്ര പഠന കേന്ദ്രമായ സെന്‍ട്രോ ഡി എസ്റ്റുഡോസ് ആസ്‌ട്രോണമിക്കോ ഡി അലഗോവാസ് (CEAAL) ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് ഈ മിടുക്കി. ആറാമത്തെ വയസ്സിലാണ് സിയാല്‍(CEAAL) നടത്തിയ ഒരു കോഴ്സില്‍ ഒലിവേര പങ്കെടുക്കുകയും, പരീക്ഷയില്‍ വിജയിച്ച് ആറുവയസ്സുള്ള സിയാല്‍ അംഗം എന്ന നേട്ടം കരസ്ഥമാക്കുകയും ചെയ്തത്‌.

വലുതാകുമ്പോള്‍ ഒരു എയ്‌റോസ്‌പെയ്‌സ് എന്‍ജിനിയറായി ബഹിരാകാശയാത്രികര്‍ സഞ്ചരിക്കുന്ന റോക്കറ്റുകള്‍ നിര്‍മ്മിക്കണമെന്നുമാണ് ഒലിവേരയുടെ സ്വപ്നം.

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറുമാണ് ഹർജി സമർപ്പിച്ചത്.

വിഷയം പൗരസ്വാതന്ത്രത്തെ ബാധിക്കുന്നതാണെന്നും അതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും അഭിഭാഷകനായ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അടുത്തയാഴ്ച്ച ഹർജി പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഇക്കാര്യം അറിയിച്ചത്.

സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയേയോ വിരമിച്ച ജഡ്ജിയേയോ അന്വേഷണത്തിനായി നിയോഗിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കിൽ വെളിപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ പറയുന്നു.

ന്യൂഡൽഹി: ട്വിറ്ററിലെ ജനപ്രിയ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം ഏഴ് കോടി കടന്നു. ഇതോടെ നരേന്ദ്ര മോദി ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ലോകനേതാവായി.

കത്തോലിക്കാ സഭയുടെ പോപ്പ് ഫ്രാൻസിസ് ആണ് ഫോളേവേഴ്‌സിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 5.3 കോടി ഫോളോവേഴ്‌സ് ആണ് പോപ്പിനുള്ളത്.

2009 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മോദി ആദ്യം ട്വിറ്റർ അക്കൗണ്ട് തുടങ്ങുന്നത്. ഒരു വർഷത്തിനു ശേഷം, 2010 ൽ, ഒരു ലക്ഷം പേർ അദ്ദേഹത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്യാൻ ആരംഭിച്ചു. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ അദ്ദേഹത്തിന്റെ ഫോളേവേഴ്‌സിന്റെ എണ്ണം ആറു കോടിയായി ഉയർന്നു. പിന്നീട് ഒരു വർഷം കൊണ്ട് ഏഴു കോടി ഫോളോവേഴ്‌സ് എന്ന നേട്ടത്തിലേക്ക് അദ്ദേഹമെത്തി.

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായിരുന്നു നേരത്തെ ലോകനേതാക്കന്മാരിൽ വച്ച് ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉണ്ടായിരുന്നത്. 8.87 കോടി ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അക്കൗണ്ട് ട്വിറ്റർ തന്നെ മരവിപ്പിക്കുകയായിരുന്നു.

ടിക്ക് ടോക്ക് നിരോധനത്തിനു ശേഷം തരംഗമായ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ പുതിയ അപ്‌ഡേഷന്‍. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് റീല്‍സ് താരങ്ങള്‍ക്കായി ഇന്‍സ്റ്റ ഒരുക്കിയിരിക്കുന്ന പുതിയ ഫീച്ചര്‍. തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുതിയ സവിശേഷതയെക്കുറിച്ച് ഇന്‍സ്റ്റാ അധികൃതര്‍ വെളിപ്പെടുത്തിയത്.

ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ ആദ്യം 15 സെക്കന്റുകള്‍ മാത്രമായിരുന്നു വീഡിയോ ദൈര്‍ഘ്യം അനുവദിച്ചിരുന്നത്, പിന്നീട് സമീപകാലത്ത് 30 സെക്കന്റുകളായി ഷോര്‍ട്ട് വീഡിയോകളുടെ ദൈര്‍ഘ്യം ഉയര്‍ത്തുകയും ചെയ്തിരുന്നു.

30 സെക്കന്റുകളില്‍ കൂടുതലുള്ള റീല്‍സ് നിര്‍മിക്കാന്‍ വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് മുമ്പ് ദൈര്‍ഘ്യം സെറ്റ് ചെയ്യണം. അതിനായി ആദ്യം ആപ്പിലെ ഹോമില്‍ നിന്ന് വലതുവശത്തേക്ക് സൈ്വപ് ചെയ്ത് റീല്‍സ് റെക്കോര്‍ഡ് ചെയ്യാനുള്ള ഇന്റര്‍ഫേസിലേക്ക് പോവുക. ശേഷം സ്‌ക്രീനിലുള്ള ഡൗണ്‍ ആരോ തിരഞ്ഞെടുത്ത് അതിലുള്ള ‘ലെങ്ത് ഓപ്ഷനി’ല്‍ രണ്ടുതവണ ടാപ് ചെയ്താല്‍ 15 സെക്കന്റുകളില്‍ നിന്ന് 60 സെക്കന്റുകളായി ദൈര്‍ഘ്യം വര്‍ധിപ്പിക്കാം.