പെഗാസസ് വിഷയം പൗരസ്വാതന്ത്രത്തെ ബാധിക്കുന്നത്; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറുമാണ് ഹർജി സമർപ്പിച്ചത്.

വിഷയം പൗരസ്വാതന്ത്രത്തെ ബാധിക്കുന്നതാണെന്നും അതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും അഭിഭാഷകനായ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അടുത്തയാഴ്ച്ച ഹർജി പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഇക്കാര്യം അറിയിച്ചത്.

സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയേയോ വിരമിച്ച ജഡ്ജിയേയോ അന്വേഷണത്തിനായി നിയോഗിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കിൽ വെളിപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ പറയുന്നു.