ഓൺലൈനിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ന്യൂഡൽഹി: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും വേരിഫൈ ചെയ്യണം. എന്നാൽ തുടർച്ചയായി ടിക്കറ്റുകൾക്കായി സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇത്തരം വേരിഫിക്കേഷൻ ആവശ്യമില്ല. ടിക്കറ്റിംഗിനായി ഓൺലൈൻ ഉപയോഗിക്കുമ്പോൾ നൽകുന്ന മൊബൈലിലേക്കും ഇ-മെയിലിലേക്കും ഒടിപികൾ അയച്ചതിന് ശേഷം മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.

ഐആർസിടിസിയിലൂടെയാണ് ടിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാനായി ആദ്യം ഐആർടിസിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി ഐആർസിടിസി പോർട്ടലിൽ ഒരു ലോഗിൻ ഐഡിയും പാസ്വേഡും സൃഷ്ടിക്കണം. ഇതിനായി ഇമെയിലും ഫോൺ നമ്പറും നൽകണം. തുടർന്ന് ദൃശ്യമാകുന്ന വേരിഫിക്കേഷൻ വിൻഡോയിൽ രജിസ്റ്റർ ചെയ്ത ഇമെയിലും മൊബൈൽ നമ്പറും നൽകണം. വെരിഫിക്കേഷൻ വിൻഡോയിൽ, വലത് വശത്ത് വെരിഫിക്കേഷനും ഇടതുവശത്ത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഇമെയിൽ, ഫോൺ നമ്പർ എന്നിവയുൾപ്പെടെ വിശദാംശങ്ങൾ മാറ്റണമെങ്കിൽ, നിങ്ങൾക്ക് എഡിറ്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യാം.

തുടർന്ന് നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് ഒടിപി അയക്കും. ഇമെയിൽ ഐഡി ശരിയാണോ എന്ന് വിലയിരുത്താനും ഇത്തരത്തിൽ ഒരു കൺഫർമേഷൻ സന്ദേശം അയക്കും. ശേഷം ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.