ട്വിറ്ററിലെ ജനപ്രിയ രാഷ്ട്രീയ നേതാവായി നരേന്ദ്ര മോദി; ഫോളോവേഴ്‌സിന്റെ എണ്ണം ഏഴ് കോടി കടന്നു

ന്യൂഡൽഹി: ട്വിറ്ററിലെ ജനപ്രിയ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം ഏഴ് കോടി കടന്നു. ഇതോടെ നരേന്ദ്ര മോദി ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ലോകനേതാവായി.

കത്തോലിക്കാ സഭയുടെ പോപ്പ് ഫ്രാൻസിസ് ആണ് ഫോളേവേഴ്‌സിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 5.3 കോടി ഫോളോവേഴ്‌സ് ആണ് പോപ്പിനുള്ളത്.

2009 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മോദി ആദ്യം ട്വിറ്റർ അക്കൗണ്ട് തുടങ്ങുന്നത്. ഒരു വർഷത്തിനു ശേഷം, 2010 ൽ, ഒരു ലക്ഷം പേർ അദ്ദേഹത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്യാൻ ആരംഭിച്ചു. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ അദ്ദേഹത്തിന്റെ ഫോളേവേഴ്‌സിന്റെ എണ്ണം ആറു കോടിയായി ഉയർന്നു. പിന്നീട് ഒരു വർഷം കൊണ്ട് ഏഴു കോടി ഫോളോവേഴ്‌സ് എന്ന നേട്ടത്തിലേക്ക് അദ്ദേഹമെത്തി.

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായിരുന്നു നേരത്തെ ലോകനേതാക്കന്മാരിൽ വച്ച് ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉണ്ടായിരുന്നത്. 8.87 കോടി ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അക്കൗണ്ട് ട്വിറ്റർ തന്നെ മരവിപ്പിക്കുകയായിരുന്നു.