ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ശശികുമാറിന്

തിരുവനന്തപുരം: ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ശശികുമാറിന്. സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ ഈ വർഷം ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമാണ് ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. കെ.സച്ചിദാനന്ദൻ ചെയർമാനും വെങ്കിടേഷ് രാമകൃഷ്ണൻ, എസ് ശാരദക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മലയാളത്തിലെ ദൃശ്യമാദ്ധ്യമപ്രവർത്തനത്തിന് മതേതര, പുരോഗമന മൂല്യങ്ങളിലൂന്നിയ ദിശാബോധം നൽകുകയും ദീർഘകാലമായി ഈ മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന ടെലിവിഷൻ പ്രവർത്തകനെന്ന നിലയിലുള്ള അതുല്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നല്കിയിട്ടുള്ളതെന്ന് സജി ചെറിയാൻ അറിയിച്ചു.

ദൂരദർശനിൽ ഇംഗ്ലീഷ് വാർത്താവതാരകനായും പ്രൊഡ്യൂസറായും ഔദ്യോഗിക ജീവിതം ആരംഭിച്ച ശശികുമാർ മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലിന്റെ സ്ഥാപകനാണ്. പ്രാദേശിക ഭാഷയിലുള്ള ഇന്ത്യയിലെ ആദ്യ ഉപഗ്രഹ ടെലിവിഷൻ ചാനൽ കൂടിയായ ഏഷ്യാനെറ്റിലൂടെ വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളുമായി പുരോഗമനപരമായ ദൃശ്യമാദ്ധ്യമ പ്രവർത്തനത്തിന് അദ്ദേഹം തുടക്കമിട്ടു. നിലവിൽ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്റെ ചെയർമാനും ഏഷ്യാവിൽ ചീഫ് എഡിറ്ററുമാണ് അദ്ദേഹം.

ചലച്ചിത്രകാരൻ, അഭിനേതാവ് എന്നീ നിലകളിലും പ്രസിദ്ധനാണ് ശശികുമാർ. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ലൗഡ്സ്പീക്കർ ,എന്നു നിന്റെ മൊയ്തീൻ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു. എൻ.എസ്. മാധവന്റെ ‘വന്മരങ്ങൾ വീഴുമ്പോൾ’ എന്ന കഥയെ അടിസ്ഥാനപ്പെടുത്തി ഹിന്ദിയിൽ ‘കായ തരൺ’ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.