ലോകത്തിന് അത്ഭുതമായി എട്ടുവയസ്സുകാരി; നാസ ആസ്റ്ററോയിഡ് ഹണ്ടില്‍ കണ്ടെത്തിയത് ഏഴ് ഛിന്നഗ്രഹങ്ങള്‍ !

ബ്രസീലിയ: ലോകത്തെ അത്ഭുതപ്പെടുത്തി നിക്കോളിന്‍ ഒലിവേരയെന്ന എട്ടുവയസ്സുകാരി കണ്ടെത്തിയത് ഏഴ് ഛിന്നഗ്രഹങ്ങള്‍. ബ്രസീല്‍ സ്വദേശിനിയായ ഈ മിടുക്കി ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞയെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

‘എനിക്ക് എല്ലാ നക്ഷത്രങ്ങളെയും ഇഷ്ടമാണ്, പക്ഷേ ആകര്‍ഷകമായ ഛിന്നഗ്രഹങ്ങളെയാണ് ഞാന്‍ കണ്ടെത്തുന്നത്’ എന്ന് ഈ കുട്ടി ശാസ്ത്രജ്ഞ പറയുന്നു.

നാസ അംഗമായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര പദ്ധതിയായ ആസ്റ്ററോയിഡ് ഹണ്ടിന് വേണ്ടിയാണ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഛിന്നഗ്രഹങ്ങളെ ഒലിവേര കണ്ടെത്തിയത്.

കണ്ടെത്തലുകള്‍ മാത്രമല്ല, ഈ കുട്ടി ജ്യോതിശാസ്ത്രജ്ഞ മികച്ച പ്രാസംഗികയും, യൂട്യൂബറുമൊക്കെ കൂടിയാണ്. ജന്മനാടായ മാസിസിലെ സ്‌കൂളുകളില്‍ ജ്യോതിശാസ്ത്രത്തെപ്പറ്റി പ്രഭാഷണങ്ങള്‍ നടത്താറുണ്ട് ഈ മിടുക്കി. അടുത്തിടെ, ബ്രസീലിയന്‍ സയന്‍സ് ടെക്‌നോളജി ഇന്നൊവേഷന്‍ മന്ത്രാലയം നടത്തിയ ജ്യോതിശാസ്ത്രവും എയറോനോട്ടിക്‌സും സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിലും ഒലിവേര പ്രഭാഷണം നടത്തിയിരുന്നു.

അലാഗോസ് ജ്യോതിശാസ്ത്ര പഠന കേന്ദ്രമായ സെന്‍ട്രോ ഡി എസ്റ്റുഡോസ് ആസ്‌ട്രോണമിക്കോ ഡി അലഗോവാസ് (CEAAL) ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് ഈ മിടുക്കി. ആറാമത്തെ വയസ്സിലാണ് സിയാല്‍(CEAAL) നടത്തിയ ഒരു കോഴ്സില്‍ ഒലിവേര പങ്കെടുക്കുകയും, പരീക്ഷയില്‍ വിജയിച്ച് ആറുവയസ്സുള്ള സിയാല്‍ അംഗം എന്ന നേട്ടം കരസ്ഥമാക്കുകയും ചെയ്തത്‌.

വലുതാകുമ്പോള്‍ ഒരു എയ്‌റോസ്‌പെയ്‌സ് എന്‍ജിനിയറായി ബഹിരാകാശയാത്രികര്‍ സഞ്ചരിക്കുന്ന റോക്കറ്റുകള്‍ നിര്‍മ്മിക്കണമെന്നുമാണ് ഒലിവേരയുടെ സ്വപ്നം.