ടിബറ്റിന്റെ സ്വാതന്ത്ര്യവാദത്തിന് പിന്തുണയുമായി അമേരിക്ക; നടപടി ശരിയല്ലെന്ന് ചൈന

വാഷിംഗ്ടൺ: ടിബറ്റിന്റെ സ്വാതന്ത്ര്യവാദത്തിന് പിന്തുണയുമായി അമേരിക്ക. യു.എസ്. സെക്രട്ടറി ആന്റണി ബ്ലിങ്കൺ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി.

ചൈനയുടെ നിയന്ത്രണത്തിൽ നിന്നും ടിബറ്റിനെ സ്വതന്ത്രമാക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു കൂടിക്കാഴ്ച്ചയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദലൈലാമയുടെ അനുയായിയായ ഗോദപ് ഡോംഗ് ചോങുമായാണ് ബ്ലിങ്കൺ കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ത്യയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ച ബ്ലിങ്കനോട് ഗോദപ് ഡോംഗ് നന്ദി അറിയിച്ചു.

അതേസമയം ചൈന ഇക്കാര്യത്തിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ചൈനയുടെ ഭാഗമാണ് ടിബറ്റെന്നും ഒരു വിഭാഗത്തിന്റെ സ്വാതന്ത്ര്യവാദത്തെ പിന്തുണയ്ക്കുന്ന നടപടി ശരിയല്ലെന്നുമാണ് ചൈന പറയുന്നത്. ടിബറ്റിലെ ഭരണപരമായ അടക്കമുള്ള എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് തങ്ങളാണെന്നും അത് ചൈനയുടെ ആഭ്യന്തരകാര്യമാണെന്നുമാണ് ചൈനയുടെ വിശദീകരണം. ചൈനീസ് വിദേശകാര്യ വക്താവായ സാവോ ലീജിയനാണ് ഇക്കാര്യം അറിയിച്ചത്.

വിദേശ രാജ്യങ്ങളുടെ ഇടപെടൽ അനുവദിക്കാൻ കഴിയില്ല. ദലൈലാമ ഒരു മതവിഭാഗത്തിന്റെ ആത്മീയ ആചാര്യൻ മാത്രമാണെന്നും ചൈനയ്‌ക്കെതിരെ അദ്ദേഹം നടത്തുന്ന പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്നും സാവോ ലീജിയൻ വ്യക്തമാക്കി. ടിബറ്റിനെ ചൈനയിൽ നിന്നും വിഭജിക്കാനുള്ള ദലൈലാമയുടെ നീക്കത്തെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.