ടോക്കിയോയില്‍ പുതു ചരിത്രം; ബാഡ്മിന്റണില്‍ വെങ്കലം സ്വന്തമാക്കി രണ്ടാം ഒളിംപിക് മെഡല്‍ നേട്ടക്കാരിയായി പി വി സിന്ധു !

ടോക്കിയോ: രാജ്യത്തിന് വെങ്കലം സമ്മാനിച്ച് ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി വി സിന്ധു. റിയോ ഒളിംപിക്‌സിലെ വെള്ളിമെഡലിനൊപ്പം വെങ്കലവും സ്വന്തമാക്കിയതോടെ ഒളിംപിക്‌സില്‍ രണ്ട് വ്യക്തിഗത മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ കായിക താരമെന്ന ചരിത്രവും സിന്ധു രചിച്ചു.

ലൂസേഴ്‌സ് ഫൈനലില്‍ ചൈനീസ് താരം ഹി ബിന്‍ ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ( 21-13, 21-15 ) തോല്‍പ്പിച്ചാണ് സിന്ധു വെങ്കലത്തില്‍ മുത്തമിട്ടത്.

നഷ്ടപ്പെട്ട ഫൈനലിനെ ഓര്‍ത്ത് ദുഃഖിക്കാനല്ല, രാജ്യത്തിന് ലഭിച്ച ഒളിംപിക് മെഡലില്‍ അഭിമാനിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്, വര്‍ഷങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലമാണ് ഈ മെഡല്‍. എന്നെ പിന്തുണച്ച കുടുംബത്തിനും പരിശീലകര്‍ക്കും സര്‍ക്കാരിനും സ്‌പോണ്‍സര്‍മാര്‍ക്കും ആരാധകര്‍ക്കും അളവില്ലാത്ത നന്ദി അറിയിക്കുന്നുവെന്ന് മെഡല്‍ നേട്ടത്തില്‍ സിന്ധു പ്രതികരിച്ചു.

രണ്ടാം ഒളിംപിക് മെഡല്‍ നേടിയ സിന്ധുവിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ കായികമന്ത്രി കിരണ്‍ റിജ്ജു, ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര തുടങ്ങി വിവിധ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.