Highlights (Page 193)

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎസ് ആഭ്യന്തരസെക്രട്ടറി ആൻറണി ബ്ലിങ്കൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ച. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ കൂടിക്കാഴച്ചയിൽ തീരുമാനമായി.

ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താൻ പ്രസിഡൻറ് ബൈഡനുള്ള ശക്തമായ പ്രതിബദ്ധതയെ സ്വാഗതം ചെയ്യുന്നുവെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇത് ആഗോള നന്മയ്ക്കുള്ള ശക്തിയാണെന്നും ആന്റണി ബ്ലിങ്കനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വാഡ്, കോവിഡ് വൈറസ് വ്യാപനം, കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളിലെ അമേരിക്കയുടെ ഇടപെടലുകൾക്ക് മോദി അഭിനന്ദനം അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവർക്കുള്ള ശുഭാശംസകളും അദ്ദേഹം നേർന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരുമായും നേരത്തെ ആന്റണി ബ്ലിങ്കൻ ചർച്ച നടത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൂടിക്കാഴ്ച്ച.

vaccine

ലണ്ടൻ: കോവിഡ് വാക്‌സിനേഷന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഗവേഷകർ. ചില വാക്സിനുകളുടെ പ്രതിരോധശേഷി പെട്ടെന്ന് തന്നെ കുറയുമെന്നാണ് ഗവഷകരുടെ പുതിയ കണ്ടെത്തൽ. ഫൈസർ, ആസ്ട്രസെനെക്ക കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവരിൽ രണ്ടോ മൂന്നോ മാസങ്ങൾക്കു ശേഷം രോഗപ്രതിരോധശേഷി കുറയുമെന്നാണ് ഗവേഷകർ പറയുന്നത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

ലാൻസെറ്റ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിച്ച് പത്താഴ്ചയ്ക്കു ശേഷം ആന്റിബോഡിയുടെ അളവിൽ 50 ശതമാനത്തോളം കുറവുണ്ടാവുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. വാക്‌സിനുകൾ ശരീരത്തിലുണ്ടാക്കുന്ന ആന്റിബോഡികളുടെ അളവിൽ കുറവു വരുന്നതാണ് രോഗപ്രതിരോധശേഷി കുറയാനുള്ള കാരണം. പ്രതിരോധശേഷി കുറയുകയാണെങ്കിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാൻ ഈ വാക്‌സിനുകൾക്ക് കഴിയുമോയെന്ന ആശങ്കയും ഗവേഷകർ പങ്കുവെയ്ക്കുന്നുണ്ട്.

18 വയസിന് മുകളിലുള്ള 600 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ആസ്ട്രസെനെക്ക വാക്സിനെ അപേക്ഷിച്ച് ഫൈസർ വാക്‌സിനാണ് കൂടുതൽ പ്രതിരോധശേഷിയുള്ളതെന്നും പഠനത്തിൽ വിശദമാക്കുന്നുണ്ട്. ഫൈസർ വാക്‌സിൻ സ്വീകരിച്ചവരിൽ ബൂസ്റ്റർ ഡോസുകൾ നൽകുമ്പോൾ മറ്റു വാക്‌സിൻ സ്വീകരിച്ചവരേക്കാൾ പ്രതിരോധ ശേഷി കൂടുതലുള്ളതും കണക്കിലെടുക്കണമെന്ന് ഗവേഷക സംഘം വ്യക്തമാക്കുന്നു.

ബൂസ്റ്റർ ഡോസുകൾക്കായുള്ള മുൻഗണനാ പട്ടികയിൽ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരേയും 70 വയസിന് മുകളിൽ പ്രായമുള്ളവരേയും ഉൾപ്പെടുത്തണമെന്നും പഠനത്തിൽ വിശദമാക്കി. ഓരോരുത്തരിൽ നിന്ന് ഒരു സാംപിൾ വീതം ശേഖരിച്ചാണ് പഠനം നടത്തിയത്. അതിനാൽ എത്രത്തോളം ആന്റിബോഡിയുടെ അളവു താഴുമെന്നും എത്ര കാലത്തേക്ക് ഈ കുറവുണ്ടാകുമെന്നും നിലവിൽ പറയാൻ കഴിയില്ലെന്നും ആന്റിബോഡിയുടെ അളവ് താഴ്ന്നു നിൽക്കുകയാണെങ്കിൽ പോലും വാക്‌സിനുകൾക്ക് ദീർഘകാല സംരക്ഷണം നൽകാനാവുമെന്നാണ് ഗവേഷകരുടെ നിഗമനം.

മുംബൈ: റിലയൻസ് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇതുവരെ പത്ത് ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകിയതായി റിലയൻസ് ഫൌണ്ടേഷൻ. രാജ്യത്തുടനീളമുള്ള വിവിധ റിലൻസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമാണ് 10 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയത്.
പൊതു സമൂഹത്തിന് പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള പ്രതിജ്ഞാബദ്ധത കഴിഞ്ഞ മാസം നടന്ന വാർഷിക പൊതുയോഗത്തിൽ റിലയൻസ് ഫൌണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി പ്രകടിപ്പിച്ചിരുന്നു.

“രാജ്യവ്യാപകമായി ഈ ദൗത്യം നിർവഹിക്കുന്നു. ഇത് ഞങ്ങളുടെ ധർമ്മമാണ്, ഇന്ത്യക്കാരായ ഓരോരുത്തരോടും ഞങ്ങളുടെ കടമയും, സുരക്ഷയും സംരക്ഷണവും സംബന്ധിച്ച് അവർക്കുള്ള ഞങ്ങളുടെ വാഗ്ദാനം. ഒരുമിച്ച്, നിറവേറ്റാൻ നമുക്ക് കഴിയും, ഈ പ്രതിസന്ധി നമ്മൾ മറികടക്കുമെന്നതാണ് ഉറച്ച വിശ്വാസം”- നിതാ അംബാനി പറഞ്ഞു.

ഇന്നുവരെ, യോഗ്യതയുള്ള എല്ലാ ജീവനക്കാരിൽ 98 ശതമാനത്തിലധികം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനേഷൻ നൽകിയിട്ടുണ്ട്.

ജീവനക്കാർക്ക് വാക്സിനുകൾ വാങ്ങാൻ സ്വകാര്യ സംഘടനകൾക്ക് അനുമതി നൽകിയതിനെ തുടർന്നാണ് മിഷൻ വാക്സിൻ സൂരക്ഷ അവതരിപ്പിച്ചത്.2019-20 കാലയളവിൽ രാജ്യത്തെ മൊത്തം കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ (സിഎസ്ആർ) ചെലവിന്റെ നാല് ശതമാനം റിലയൻസ് സംഭാവന ചെയ്തിട്ടുണ്ട്.

ന്യൂഡൽഹി: യുനെസ്‌കോയുടെ ലോക പൈതൃക ഭൂപടത്തിൽ ഇടം നേടി ഗുജറാത്തിലെ ദൊളാവിര നഗരവും തെലങ്കാനയിലെ കക്കാതിയ രുദ്രേശ്വര ക്ഷേത്രവും. യുനെസ്‌കോ ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. ചൈനയിലെ ഫുഷൂവിൽ വച്ച് നടന്ന യുനെസ്‌കോയുടെ 44-ാമത് സമ്മേളനത്തിൽ വച്ചാണ് ഈ രണ്ട് ഇന്ത്യൻ പ്രദേശങ്ങളും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചത്.

യുനെസ്‌കോയുടെ രേഖകൾ അനുസരിച്ച് അന്നത്തെ കാലത്തെ ഏറ്റവും മികച്ചതും ഇന്നും നല്ല രീതിയിൽ സംരക്ഷിച്ചു പോകുന്നതുമായ ചുരുക്കം ചില ദക്ഷിണേഷ്യൻ നഗരങ്ങളിൽ പെട്ട സ്ഥലമാണ് ദൊളാവിര. ഹാരപ്പൻ സംസ്‌കാരത്തിൽ ഉൾപ്പെട്ട അഞ്ച് മഹാനഗരങ്ങളിൽ ഒന്നാണ് ഈ ദൊളവിര നഗരം എന്നാണ് കരുതപ്പെടുന്നത്.

ദൊളവിര നഗരത്തെ 1968 ലാണ് ഗവേഷകർ കണ്ടെത്തുന്നത്. അന്നത്തെ കാലത്തു തന്നെ വെള്ളം സംരക്ഷിക്കാനും പ്രതിരോധ സംവിധാനങ്ങൾക്കുമായി നഗരത്തിൽ ഒരുക്കിയിരുന്ന സംവിധാനങ്ങൾ ഗവേഷകരുടെ ശ്രദ്ധാ കേന്ദ്രമായി കല്ലുകളും ചെമ്പും ഒക്കെ ഉപയോഗിച്ചുള്ള കലാസൃഷ്ടികളായിരുന്നു ഈ പുരാതന നഗരത്തിന്റെ മറ്റൊരു സവിശേഷത. ഇന്ത്യയിൽ നിന്നുള്ള 40 പൈതൃക സ്ഥലങ്ങളെയാണ് ഇതുവരെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വാഷിങ്ടണ്‍: അമേരിക്കയില്‍ വാക്സിനേഷന്‍ നടപടി കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയിലാണ് വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതമാക്കാനുള്ള തീരുമാനം, കൂടാതെ രാജ്യത്ത് മാസ്‌ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് മേഖലകളില്‍ വാക്സിന്‍ സ്വീകരിച്ചവരടക്കംമാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 63 ശതമാനം പ്രദേശങ്ങളും രോഗവ്യാപന സാധ്യതയുള്ളതാണ്.

ചില പ്രദേശങ്ങളില്‍ ഡെല്‍റ്റ വകഭേദം വര്‍ധിക്കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്റ് ഡയറക്ടര്‍ റോച്ചെല്ലെ വാലന്‍സ്‌കി നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, അമേരിക്കയില്‍ വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 60 ശതമാനത്തിലധികം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

തിരുവനന്തപുരം: ഓണക്കിറ്റ് പാക്കിങ് കേന്ദ്രത്തിൽ ഭക്ഷ്യ മന്ത്രി ജിആർ അനിൽ മിന്നൽ പരിശോധന നടത്തി. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മന്ത്രി പാക്കിങ് കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയത്. ഗുണനിലവാരത്തിൽ സംശയം തോന്നിയ സാധനങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു.

എല്ലാ ജില്ലകളിലേയും പാക്കിങ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്താനാണ് തീരുമാനം. കിറ്റിൽ നിന്നും സാധനങ്ങൾ പാക്കറ്റ് പൊട്ടി പോകാതിരിക്കാൻ ഗുണമേന്മയുള്ള പാക്കിങ് ഉറപ്പുവരുത്തുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കിറ്റിലുൾപ്പെടുത്തുന്ന ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം പാലിക്കണമെന്നും അളവും തൂക്കവും ഉറപ്പാക്കണമെന്നും ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്.

സഞ്ചി ഉൾപ്പെടെ 16 ഇനം സാധനങ്ങളാണ് ഓരോ റേഷൻ കാർഡ് ഉടമയ്ക്കും വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ സാധനങ്ങൾ കിറ്റിലൂടെ ലഭിക്കും. പഞ്ചസാര, വെളിച്ചെണ്ണ, മുളക്‌പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ്, ചെറുപയർ, തുവരപ്പരിപ്പ്, തേയില തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയിൽ ഒന്ന്, നെയ്യ് തുടങ്ങിയവ കിറ്റിൽ ഉണ്ടാകുക. ജൂലൈ 31 മുതലായിരിക്കും പ്രത്യേക കിറ്റ് വിതരണം ആരംഭിക്കുന്നത്.

റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭിക്കും. എഎവൈ (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ആഗസ്ത് 2, 3 തീയതിയിലും പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിന് ആഗസ്ത് 4 മുതൽ 7 വരെ എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്ത് 9 മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്ത് 13 മുതൽ 16 വരെയുമാണ് കിറ്റ് വിതരണം.

covid

ബോസ്റ്റൺ : ഒരാളുടെ ശരീരത്തിൽ കോവിഡ് വൈറസ് പ്രവേശിച്ചാൽ അത് എത്രത്തോളം ഗുരുതരമാകും എന്ന് പ്രവചിക്കാൻ കഴിയും എന്ന് കണ്ടെത്തൽ.
ആദ്യ ഘട്ടത്തിൽ രോഗിയുടെ ശരീരം നൽകുന്ന സൂചനകളെ അടിസ്ഥാനപ്പെടുത്തി രോഗം എത്രത്തോളം മൂർച്ഛിക്കുമെന്ന് കണ്ടെത്താൻ കഴിയും എന്നാണ് ഗവേഷകർ പറയുന്നത്.

കൊവിഡ് പുതുതായി സ്ഥിരീകരിച്ചവരുടെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരുടെയും രോഗം മൂർച്ചിച്ച് കൃത്രിമ ശ്വാസത്തെ ആശ്രയിക്കേണ്ടി വന്നവരുടെയും മൂക്കില്നിന്നെടുത്ത സാംപിളുകൾ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്.

ഇതിൽ നിന്നും വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഘട്ടത്തിൽ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങൾ രോഗം എത്രത്തോളം തീവ്രമാകുമെന്ന നിഗമനത്തിൽ എത്തിച്ചേരാൻ സഹായിക്കുമെന്ന കണ്ടെത്തലിലേക്ക് ഗവേഷകരെ എത്തിക്കുകയായിരുന്നു.

മസാച്ചുസെറ്റ്സ് ഇന്സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെയും ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ നടത്തിയ ഈ പഠനത്തിന്റെ വിവരങ്ങൾ ‘സെൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കം.

വാഷിങ്ടണ്‍ : ലോകത്ത് വലിയ പ്രളയമുണ്ടാകുമെന്ന് നാസയുടെ മുന്നറിയിപ്പ്. സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കുന്ന നാസയുടെ സംഘമാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയോടെ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ചന്ദ്രന്റെ ചലനം കൊണ്ട് സമുദ്രനിരപ്പ് വലിയതോതിലുയരും. വേലിയേറ്റങ്ങളുടെ തോത് കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകും. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ചേരുമ്പോഴാണ് ഒരു വലിയ പ്രളയമുണ്ടാകാനുള്ള സാധ്യത തെളിയുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ദുരന്ത സാധ്യത നേരിടാന്‍ തയ്യാറെടുപ്പ് അത്യാവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഹവായ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഫില്‍ തോംസന്‍ പറഞ്ഞു. വേലിയേറ്റം തീരപ്രദേശത്തെ പതിവ് സംഭവമാണ്. പക്ഷേ, ഗവേഷകരുടെ പ്രവചനം ഈ വേലിയേറ്റങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് വലിയ അപകടം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കുകയാണ്. ചിലപ്പോള്‍ മാസത്തില് 15 തവണവരെ വെള്ളപ്പൊക്കമുണ്ടാകാം. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്‍ത്തിയാക്കാന്‍ 18.6 വര്‍ഷം എടുക്കും. ഇതില്‍ പകുതി കാലം പ്രളയമുണ്ടാകുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു സ്ത്രീയും വാക്കത്തിവെച്ച് ഉറങ്ങേണ്ടി വരില്ല എന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിടത്ത് ഇന്ന് തോക്ക് വെച്ച് കിടന്നുറങ്ങേണ്ട സ്ഥിതിയാണെന്ന് രമേശ് ചെന്നിത്തല.

ഇത്രയേറെ പീഡനങ്ങള്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല, എന്നിട്ടും എല്ലാം ഭദ്രമാണെന്നാണ് പിണറായി പറയുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഗുണ്ടാ മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. സ്വര്‍ണകള്ളക്കടത്ത് സംഘങ്ങള്‍ യഥേഷ്ടം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. തട്ടിപ്പ് സംഘങ്ങളും ബ്ലേഡ് മാഫിയയും അരങ്ങു തകര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണം പൊട്ടിക്കല്‍, ഓപ്പറേഷന്‍ കുഴല്‍പ്പണം, ഗുണ്ടാ വിളയാട്ടം, ട്രഷറി ഫണ്ട് തട്ടിപ്പ്, പ്രളയഫണ്ട് തട്ടിപ്പ് എല്ലാം നടക്കുന്നു, കൊടകരയില്‍ സിപിഎം-ബിജെപി ധാരണയും പുറത്ത് വന്നിരിക്കുന്നു, പ്രതിയാകേണ്ട സുരേന്ദ്രന്‍ സാക്ഷിയാകുന്നു, എന്ത് മറിമായമാണിത്. പിന്നീട് അന്വേഷിച്ചിട്ട് സുരേന്ദ്രനെ പ്രതിയാക്കാം എന്നാണ് പറയുന്നത്, സിപിഎം-ബിജെപി ധാരണ തന്നെയാണ് വെളിയില്‍ വരുന്നതെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ ചെന്നിത്തല പറഞ്ഞു.

ഈ നാട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പീഡനങ്ങള്‍ ഇതെല്ലാം കണ്ടു മനസ് വിഷമിച്ചാണ് ഗവര്‍ണര്‍ ഉപവാസത്തിന് ഇരിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും, ഇത് പരസ്യമായി സമ്മതിച്ചില്ലെങ്കിലും മുഖ്യമന്ത്രി അതുള്‍ക്കൊള്ളണം, സ്ത്രീ സുരക്ഷയ്ക്ക് ഗവര്‍ണര്‍ ഉപവാസം ഇരിക്കുമ്പോഴാണ് ഈ ഗവണ്‍മെന്റിലെ മന്ത്രി സ്ത്രീ പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ കേസ് ചീറ്റിപ്പോയി എന്ന് മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നുവെന്നും, ഒരു സ്ത്രീ തന്റെ കൈക്ക് പിടിച്ചു എന്ന് പറഞ്ഞു പരാതി കൊടുക്കുമ്പോള്‍ ആ കേസ് ചീറ്റിപ്പോയി എന്ന് പറഞ്ഞ് മുഖ്യമന്ത്രി പോലീസിനു കൊടുക്കുന്ന സന്ദേശം എന്താണ് എന്ന് മനസിലാക്കി ജനങ്ങള്‍ അത്ഭുതപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അഞ്ച് മാസത്തിനുള്ളില്‍ 627 കുട്ടികള്‍ കേരളത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എത്ര ഭീകരമായ ആക്രമണമാണ് കുട്ടികള്‍ക്ക് നേരെ കേരളത്തില്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ച പീഡനങ്ങളാണ് ലോക്ക്ഡൗണ്‍ കാലത്ത് നടന്നത്.

2016ല്‍ കുട്ടികള്‍ക്ക് നേരെ നടന്നത് 968 പീഡനങ്ങള്‍. 2019-ല്‍ 1913, 2020-ല്‍ 1143, 2021 മേയ് വരെ 627. അഞ്ച് വര്‍ഷത്തിനുള്ളില്‍ 66 സ്ത്രീകള്‍ അതിക്രമത്തിന്നിടെ കൊല്ലപ്പെട്ടു. സ്ത്രീ പീഡന കേസുകള്‍ 15143. 2017ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2856. 2018ല്‍ 2046. 2019ല്‍ 2991. 2020ല്‍ 2715, 2021 മേയ് വരെ 1050. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ള അനുഭവങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ഐഎൻഎല്ലിനു മുന്നറിയിപ്പുമായി സിപിഎം. ഇടതുമുന്നണിയിൽ നിൽക്കുമ്പോൾ പക്വത കാട്ടണമെന്നും മുന്നണിക്കു നാണക്കേട് ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഎം അറിയിച്ചു. അഭിപ്രായ ഭിന്നതയെ തുടർന്ന് ഐഎൻഎൽ രണ്ടായി പിരിഞ്ഞതിനെ തുടർന്നാണ് സിപിഎമ്മിന്റെ ഇടപെടൽ.

ഐഎൻഎൽ നേതൃത്വവുമായും മന്ത്രി അഹമ്മദ് ദേവർകോവിലുമായും സിപിഎം ആശയവിനിമയം നടത്തി. പ്രശ്‌നങ്ങൾ ഐഎൻഎല്ലിൽത്തന്നെ തീർക്കണമെന്നും സിപിഎം ഇക്കാര്യത്തിൽ ഇടപെടില്ലെന്നുമാണ് പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഐഎൻഎൽ രണ്ടായി പിളർന്നത്. സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും വെവ്വേറെ യോഗം ചേർന്നു പരസ്പരം പുറത്താക്കുകയായിരുന്നു.

പിളർന്നെങ്കിലും ഇരുകൂട്ടരും എൽഡിഎഫിൽ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. പാർട്ടിയിൽ ഭൂരിപക്ഷമുണ്ടെന്നും ഇരുകൂട്ടരും അവകാശപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ ചേർന്ന ഐഎൻഎൽ നേതൃയോഗമാണ് സംഘർഷത്തിൽ കലാശിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുത്തിരുന്നു. വഹാബ് പക്ഷത്തെ രണ്ടു സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. വിവരം അറിഞ്ഞെത്തിയ അണികൾ തമ്മിൽ സംഘർഷം ഉണ്ടാകുകയും കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.