Highlights (Page 191)

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ വിവരങ്ങളറിയാൻ പുതിയ സംവിധാനം. കോവിഡ് ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ എന്ന സംവിധാനമാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ പോർട്ടലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങൾ തെരയുന്നതിനുള്ള ഓപ്ഷൻ പോർട്ടലിലുണ്ട്. സർക്കാർ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോർട്ട് ചെയ്തവ എല്ലാം ഈ പോർട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ പോർട്ടലിൽ നിന്ന് വിവരങ്ങൾ ലഭ്യമാകുന്നതാണ്. ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണങ്ങളുടെ, ഡി.എം.ഒ. നൽകുന്ന ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് കഴിയുന്നതാണ്. നിലവിൽ 22.07.2021 വരെയുള്ള മരണങ്ങൾ ലഭ്യമാണ്. 22.07.2021 ന് ശേഷം പ്രഖ്യാപിച്ച മരണങ്ങൾ ഉടൻ തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതാണെന്ന് വീണാ ജോർജ് പറഞ്ഞു. https://covid19.kerala.gov.in/deathinfo/ എന്നാണ് പോർട്ടലിന്റെ ലിങ്ക്.

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡുകളില്‍ മുന്‍പന്‍ ഇനി ഇന്ത്യയില്‍. കിഴക്കന്‍ ലഡാക്കില്‍ ഉം ലിങ് ലാ ചുരത്തിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡാണ് ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 19,300 അടി ഉയരത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്.

എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പാതകളിലെ ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് ഉം ലിങ് ലാ ചുരത്തിലൂടെയുള്ള റോഡ്. നേപ്പാളിലെ ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്, ടിബറ്റിലേത് 16,900 അടി ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

മൈനസ് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന അന്തരീക്ഷ താപനിലയില്‍, ഓക്സിജന്‍ അളവ് സാധാരണ ഇടങ്ങളിലേക്കാള്‍ പകുതി മാത്രമുള്ള സ്ഥലത്തുകൂടിയാണ് ബി.ആര്‍.ഒ. 52 കി.മീ. ദൈര്‍ഘ്യമുള്ള റോഡ് പൂര്‍ത്തിയാക്കിയത്. കിഴക്കന്‍ ലഡാക്കിലെ ചുമാര്‍ സെക്ടറിലേക്കാണു റോഡ് വന്നെത്തുന്നത്. റോഡ് മാര്‍ഗ്ഗം ലാ ലേയില്‍ നിന്നു ചിസുംലെയിലേക്കും ദെംചോക്കിലേക്കുമുളള യാത്രയും എളുപ്പമാകും.

പുതിയ റോഡിന്റെ വരവോടെ മികച്ച ടൂറിസം സാധ്യതകള്‍ക്ക് കൂടിയാണ് വഴി തുറന്നിരിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ പ്രതിരോധ രംഗത്തും നിര്‍ണായ പ്രാധാന്യം വഹിക്കുവാന്‍ ഉം ലിങ് ലാ ചുരത്തിലൂടെയുള്ള റോഡിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 പിൻവലിച്ച് രണ്ടു വർഷം തികയുമ്പോൾ കശ്മീരിൽ ഉണ്ടായിരിക്കുന്നത് ജനപ്രീയ മാറ്റങ്ങൾ. ആരോഗ്യ, വികസന, തൊഴിൽ മേഖലകളിൽ വലിയ മാറ്റങ്ങളാണ് കശ്മീരിൽ ഉണ്ടായിരിക്കുന്നത്. വലിയ പദ്ധതികൾകൾക്കാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിൽ തുടക്കം കുറിക്കാൻ പദ്ധതിയിടുന്നത്.

ഐഐടി, ഐഐഎം, എയിംസ് (2) തുടങ്ങിയ വിദ്യാഭ്യാസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ 2022-2025 ഓടെ കശ്മീരിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2023 ൽ വിജയ്പൂരിലും ( ജമ്മു)2025 ഓടെ അവന്തിപൂരയിലും (ശ്രീനഗർ) എയിംസ് നിലവിൽ വരും. ഇതിനു പുറമേ 2 കേന്ദ്ര സർവ്വകലാശാലകൾ, 7 പുതിയ മെഡിക്കൽ കോളജുകൾ, 5 നഴ്സിങ് കോളേജുകൾ എന്നിവയും സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലഡാക്കിൽ കേന്ദ്ര സർവ്വകലാശാലയ്ക്കും അനുമതി സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

തൊഴില് മേഖലയിലും വലിയ മാറ്റങ്ങളാണ് കശ്മീരിൽ വരാനിരിക്കുന്നത്. 2022 ആകുമ്പോഴേക്കും 25000 സർക്കാർ ജോലികൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2021-2022 വർഷത്തിൽ 28400 കോടി രൂപയാണ് വ്യാവസായ പാക്കേജിനായി സർക്കാർ നീക്കിവച്ചിരിക്കുന്നത്. കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2020 ജൂലെയിൽ ആറ് പാലങ്ങളാണ് കശ്മീരിൽ ഉദ്ഘാടനം ചെയ്തത്. ചിനാബ് നദിക്ക് കുറുകെ സ്ഥാപിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന മേൽപ്പാലം ഇന്ത്യൻ ട്രെയിൻ സർവ്വീസിനെ കശ്മീരുമായി ബന്ധിപ്പിക്കും. 2022 ഓടെ പാലത്തിന്റെ പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കായും കേന്ദ്രം നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം, സാംസ്‌കാരിക ടൂറിസം എന്നിവ ലഡാക്കിൽ വലിയ തോതിൽ പ്രോൽസാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പക്ഷി നിരീക്ഷണം, വന്യ ജീവി സഫാരി തുടങ്ങിയ പാരിസ്ഥിതിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2019 ഓഗസ്റ്റ് 5 നാണ് കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ചത്.

ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില്‍ നാലുപതിറ്റാണ്ടിന് ശേഷം ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. ലൂസേഴ്സ് ഫൈനലില്‍ കരുത്തരായ ജര്‍മനിയെ തറപറ്റിച്ചാണ് ഇന്ത്യയുടെ വെങ്കല നേട്ടം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മനിയെ വീഴ്ത്തിയത്. ഇതോടെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡല്‍ ഹോക്കി ടീമിന്റെ വകയായി.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നിലായിരുന്ന ഇന്ത്യ മികച്ച തിരിച്ചുവരവിലൂടെയാണ് മത്സരവും കൈപ്പിടിയിലൊതുക്കിയത്. സിമ്രന്‍ജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. 17, 34 മിനിറ്റുകളിലാണ് സിമ്രന്‍ജീത് ലക്ഷ്യം കണ്ടത്. ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് , രൂപീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റു ഗോളുകള്‍.

ജര്‍മനിയുടെ ഗോളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. തിമൂര്‍ ഒറൂസാണ് ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടിയത്. നിക്കളാസ് വെല്ലെന്‍ , ബെന്‍ഡിക്ട് ഫുര്‍ക് , ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവരും ഇന്ത്യന്‍ പ്രതിരോധത്തെ മറികടന്ന് ഗോളുകള്‍ നേടി.

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ 300 തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറൽ, ജില്ലാ, താലൂക്കുതല ആശുപത്രികൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവയിൽ 1200 വിവിധ തസ്തികകൾ സൃഷ്ടിക്കാൻ നേരത്തെ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇതിൽ ആദ്യഘട്ടമായി 300 തസ്തികകളുടെ അനുമതിയാണ് നൽകിയതെന്ന് മന്ത്രി അറിയിച്ചു.

നഴ്സ് ഗ്രേഡ് രണ്ട് 204, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് 52, ക്ലാർക്ക് 42, ഓഫീസ് അറ്റൻഡന്റ് 2 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർമാർ ഒഴിവുള്ള തസ്തികകൾ എത്രയും വേഗം പി.എസ്.സി.യെ അറിയിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിലെ ഒഴിവുള്ള തസ്തികകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് തലവൻമാരുടെ യോഗം വിളിച്ച് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റവുമധികം തസ്തികകൾ സൃഷ്ടിച്ചത് ആരോഗ്യ വകുപ്പിലാണ്. അതിന്റെ തുടർച്ചയായി ഈ സർക്കാരും നിരവധി തസ്തികകളാണ് സൃഷ്ടിച്ചു വരുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

പത്തനംതിട്ട: മരംമുറി വിവാദത്തിൽ പ്രതികരണവുമായി എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനിട്ട ഉത്തരവ് കൊണ്ടായിരിക്കാം മരംമുറി നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മന്ത്രി പറഞ്ഞുവെന്ന് വച്ച് ഒരു ഉദ്യോഗസ്ഥനും അങ്ങനെ ഒരു ഉത്തരവ് ഇറക്കേണ്ട ബാധ്യതയില്ലെന്നും മന്ത്രി ഉത്തരവിടാൻ പറഞ്ഞാൽ എതിർക്കുന്ന എത്രയോ ഉദ്യോഗസ്ഥരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മരംമുറി വിവാദത്തിൽ മന്ത്രിമാരുടെ പ്രേരണ, സമ്മർദം എന്നിവ അന്വേഷിക്കണമെന്നും പി സി ചാക്കോ ആവശ്യപ്പെട്ടു. മരംമുറി സംബന്ധിച്ച് യാതൊരു ബന്ധവും ഇപ്പോഴത്തെ മന്ത്രിക്കില്ല. നേരത്തെ മന്ത്രിസ്ഥാനത്ത് ഇരുന്നവർക്ക് സംഭവത്തിൽ ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കണം. അതിനാണ് സംസ്ഥാന സർക്കാർ സംയുക്ക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി. മന്ത്രിമാരും പാർട്ടിക്കാരും ഉദ്യോഗസ്ഥരും ചേർന്നാൽ തീർച്ചയായും അഴിമതി നടക്കുമെന്നും എന്നാൽ, ഈ വിഷയത്തിൽ അങ്ങനെ ഉണ്ടായതായി തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് പാർട്ടി പ്രവർത്തകർ തമ്മിലുള്ള വിഷയത്തിൽ മന്ത്രി ഇടപെടേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആരെയും ഫോൺ വിളിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. മന്ത്രി അദ്ദേഹത്തിന്റെ ജോലി ചെയ്യുക. പാർട്ടി കാര്യങ്ങൾ നോക്കാൻ പ്രസിഡന്റും സെക്രട്ടറിയുമൊക്കെയുണ്ടെന്നും ഇനി പാർട്ടി സംബന്ധമായി പരാതികൾ ലഭിച്ചാൽ അത് നേതൃത്വത്തിന് കൈമാറണമെന്നും അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം പാർട്ടി കാര്യങ്ങളിൽ ഇടപെട്ടാൽ ആവശ്യമില്ലാത്ത വിവാദങ്ങൾ ഉണ്ടാകും. അതു കൊണ്ടാണ് കൊല്ലം സംഭവത്തിൽ അദ്ദേഹത്തിന് ജാഗ്രത കുറവുണ്ടായി എന്ന് പാർട്ടി വിലയിരുത്തിയത്. ആക്ഷേപം ഉണ്ടായപ്പോൾ അന്വേഷിച്ച് നടപടി എടുത്തുവെന്നും മന്ത്രിയെ പാർട്ടി പൂർണമായും പിന്തുണച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ വി തോമസ് വരുമെങ്കിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എൻസിപി തയ്യാറാണ്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് നേതൃത്വത്തിന്റെ കണ്ണിലെ കരടായ വ്യക്തിയാണ് കെ വി തോമസ്. കോൺഗ്രസിൽ അദ്ദേഹം ഒരുപാട് അവഗണന നേരിടുന്നുണ്ട്. തോമസ് സിപിഎമ്മിലേക്ക് പോകുന്നതായി അറിയില്ല. അദ്ദേഹത്തിന് സീതാറാം യെച്ചൂരിയുമായി സൗഹൃദം ഉണ്ട്. അതു കൊണ്ടാകാം സന്ദർശനം നടത്തിയത്. പുതുതായി വന്നവർ എൻസിപിയിലെ മുൻകാല നേതാക്കളെ ഒതുക്കുന്നുവെന്ന് തോന്നിയിട്ടില്ല. പാർട്ടിയുടെ ഭാരവാഹികൾ മാറിയേക്കാമെന്നും ഭിന്നാഭിപ്രായമില്ലാതെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുമെന്നും പിസി ചാക്കോ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷ ചടങ്ങിലേക്ക് വിശിഷ്ടാതിഥികളായി ഒളിമ്പിക്‌സ് താരങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിശിഷ്ടാതിഥികളായി ക്ഷണിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒളിമ്പിക്‌സിൽ പങ്കെടുത്ത താരങ്ങളുമായി പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ച്ചയും നടത്തുമെന്നാണ് വിവരം.

ഇതുവരെ നടന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ ഏറ്റവുമധികം ഇന്ത്യൻ താരങ്ങൾ പങ്കെടുത്ത ഒളിമ്പിക്സാണ് ടോക്കിയോയിലേത്. ഭാരോദ്വഹനത്തിൽ മീരാബായ് ചാനു രാജ്യത്തിനായി ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. ബാഡ്മിന്റണിൽ പി വി സിന്ധു വെങ്കല മെഡലും നേടിയി നേടി പി.വി സിന്ധുവും നേടി. ബോക്‌സിംഗിൽ ലവ്ലീന ബൊർഗൊഹെയിനും രാജ്യത്തിനായി മെഡൽ ഉറപ്പിച്ചിട്ടുണ്ട്.

ബെൽജിയത്തോട് സെമിയിൽ തോറ്റ ഇന്ത്യൻ ഹോക്കി ടീമും വെങ്കല മെഡലിനായി മത്സരത്തിനിറങ്ങുന്നുണ്ട്. മത്സരത്തിൽ ജർമ്മനിയാണ് ഇന്ത്യയുടെ എതിരാളി. സെമിയിൽ പ്രവേശിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീമും മെഡൽ പ്രതീക്ഷിക്കുന്നുണ്ട്.

ഭുവനേശ്വർ: കോവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടം കരസ്ഥമാക്കി ഒഡീഷയിലെ ഭുവനേശ്വർ. നൂറ് ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകിയ ആദ്യ ഇന്ത്യൻ നഗരം എന്ന നേട്ടമാണ് ഭുവനേശ്വറിനെ തേടിയെത്തിയത്. ഭുവനേശ്വർ മുൻസിപ്പിൽ കോർപ്പറേഷൻ (ബിഎംസി) തെക്ക്-കിഴക്കൻ സോണൽ ഡെപ്യൂട്ടി കമ്മീഷണർ അൻഷുമാൻ രാഥിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

31000 ആരോഗ്യ പ്രവർത്തകരും, 33000 മുൻനിര പ്രവർത്തകരും ഉൾപ്പെടെ 18 വയസിന് മുകളിലുള്ള ഒമ്പത് ലക്ഷം പേർ ഭുവനേശ്വർ മുൻസിപ്പൽ കോർപ്പറേഷനിലുണ്ട്. 18 മുതൽ 44 വരെയുള്ള 5,17000 പേരും 45 വയസിന് മുകളിൽ 3,25000 പേരും ഭുവനേശ്വറിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ജൂലായ് 31-നുള്ളിൽ നഗരത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയായിരുന്നുവെന്ന് അൻഷുമാൻ രാഥ് അറിയിച്ചു.

18,16000 പേർ ഭുവനേശ്വറിൽ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ചില കാരണങ്ങളാൽ കുറച്ചുപേർക്ക് വാക്‌സിൻ എടുക്കാൻ സാധിച്ചില്ല. ഇതൊഴികെ മറ്റിടങ്ങളിൽ നിന്ന് ഭുവനേശ്വറിൽ ജോലിക്കായി എത്തിയവർക്കടക്കം വാക്‌സിന്റെ ആദ്യ ഡോസ് നൽകിയെന്നും ഗർഭിണികളും ആദ്യ ഡോസ് വാക്‌സീൻ എടുത്തുകൊണ്ടിരിക്കുകയാണെന്നും നഗരസഭാ അധികൃതർ വിശദമാക്കി.

മുപ്പതോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെ ഭുവനേശ്വർ നഗരത്തിൽ ആകെ 55 വാക്‌സിൻ കേന്ദ്രങ്ങളാണ് ഉള്ളത്. വാക്‌സിനേഷൻ പദ്ധതി ഫലപ്രദമായി നടത്താൻ കഴിഞ്ഞതിൽ ജനങ്ങൾക്ക് നഗരസഭാ അധികൃതർ നന്ദി അറിയിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. സിഎംഡിആർഎഫിൽ അപേക്ഷ നൽകി 100 മണിക്കൂറുനുള്ളിൽ അർഹരായവരുടെ അക്കൗണ്ടിൽ സഹായം എത്തും. പ്രതിദിനം ധാരാളം പേരാണ് സിഎംഡിആർഎഫ് വഴി സഹായത്തിനായി അപേക്ഷിക്കുന്നത്. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവക്കും വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കടൽക്ഷോഭം തുടങ്ങിയ ദുരന്തങ്ങൾ ബാധിച്ചവർക്കും ആശ്വാസം നൽകുന്നതിനായി രൂപീകരിച്ച ഭരണഘടനപരമായ പൊതു ഫണ്ടാണ് സിഎംഡിആർഎഫ് അഥവാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.

സിഎംഡിആർഎഫിലേക്ക് അപേക്ഷിക്കേണ്ട രീതി:

ജീവിത ശൈലി രോഗങ്ങൾ ഉദാഹരണം പ്രമേഹം, പ്രഷർ ഒഴികെയുള്ള രോഗങ്ങൾ ബാധിച്ചവർക്ക് സിഎംഡിആർഎഫ് ഓൺലൈൻ സൈറ്റ് വഴിയോ, എംഎൽഎ വഴിയോ അപേക്ഷിക്കാം. സിഎംഡിആർഎഫിൽ അപേക്ഷിക്കുമ്പോൾ ആറുമാസത്തിനുള്ളിൽ ലഭിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രോഗവിവരം, ചെലവായ തുക, ചികിത്സയ്ക്ക് വേണ്ടിവരുന്ന തുക എന്നിവ ഡോക്ടറുടെ സർട്ടിഫക്കറ്റിൽ കാണിച്ചിരിക്കണം. ഡിസ്ചാർജ് സമ്മറി വെച്ച് അപേക്ഷിക്കരുത്.

റേഷൻ കാർഡ്, ആധാർ കാർഡ്, നാഷണലൈസ്ഡ് ബാങ്കിന്റെ പാസ്ബുക്ക് എന്നിവ അപേക്ഷക്കൊപ്പം വക്കണം. വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല. അപകടമരണം സംഭവിച്ച കേസുകളിൽ മരണ സർട്ടിഫിക്കറ്റ്, എഫ്‌ഐആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ ചേർത്ത് ആശ്രിതർക്ക് അപേക്ഷിക്കാം. സാധാരണ കേസുകളിൽ ഒരുലക്ഷം വരെ അനുവദിക്കാറുണ്ട്. കിഡ്നി മാറ്റിവക്കൽ പോലുള്ള കേസുകളിൽ ഓപ്പറേഷൻ തിയതി കാണിച്ചുകൊണ്ടുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മൂന്ന് ലക്ഷം വരെ ക്യാബിനറ്റ് തീരുമാനമില്ലാതെ അനുവദിക്കും. ഒരുതവണ സഹായം ലഭിച്ചാൽ രോഗാവസ്ഥ തുടർന്നാൽ രണ്ടുവർഷം കഴിഞ്ഞു വീണ്ടും അപേക്ഷിക്കാം. രണ്ടു ലക്ഷം വരെ വരുമാനമുള്ളവർക്ക് അപേക്ഷ നൽകാം.

തിരുവനന്തപുരം: മഹാപ്രളയം കഴിഞ്ഞ് മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങി റീ ബിൽഡ് കേരള. 7,405 കോടി രൂപയുടെ പദ്ധതികൾക്കണ് റീബിൽഡ് കേരളയ്ക്ക് ഭരണാനുമതി നൽകിയത്. എന്നാൽ 460 കോടി രൂപ മാത്രമാണ് പദ്ധതിയിൽ ഇതുവരെ ചെലവഴിച്ചത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രളയ സെസിൽ നിന്ന് ലഭിച്ച 1,705 കോടി രൂപ റീബിൽഡ് കേരളയ്ക്ക് കൈമാറാനുണ്ട്.

ജീവനോപാധികളുടെ പുനരുജ്ജീവനത്തിനായുള്ള 188 കോടിയും കൃഷിക്കുള്ള 100 കോടിയും നൽകിയതാണ് റീബിൽഡ് കേരളയ്ക്ക് കീഴിൽ ചെലവഴിച്ച ഏറ്റവും ഉയർന്ന തുകയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിനായി 56 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ജല വിതരണത്തിന് 23 കോടി രൂപ ചെലവിട്ടു. 182 കോടിയുടെ പദ്ധതികൾക്കാണ് ഇതിനായി അനുമതി ലഭിച്ചിരിക്കുന്നത്. മൃഗസംരക്ഷണത്തിനായുള്ള പദ്ധതികൾക്കായി 163 കോടി അനുവദിച്ചെങ്കിലും ചെലവഴിച്ചത് 68 കോടി മാത്രമാണ്.

പ്രതിമാസം 1.6 ലക്ഷം രൂപ വാടക നൽകിയാണ് റീബിൽഡ് കേരളയുടെ ഓഫിസ് പ്രവർത്തിക്കുന്നത്. ഇതുവരെ 48 ലക്ഷം രൂപ വാടക ഇനത്തിൽ മാത്രം ചെലവാക്കി. 4.34 കോടി രൂപ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിനും ബോധവൽകരണ പരിപാടികൾക്കും കോൺക്ലേവ് സംഘടിപ്പിക്കുന്നതിനുമായി ചെലവാക്കിയിട്ടുണ്ടെന്നും വിരാവകാശ രേഖയിൽ പറയുന്നു.

ബജറ്റ് വിഹിതമായി 2,942 കോടിയും ലോക ബാങ്ക് വായ്പയായി 1,779 കോടിയുമാണ് പ്രളായനന്തര പുനർ നിർമാണത്തിനായി ലഭിച്ച തുക. പ്രളയ സെസ് എന്ന ഇനത്തിൽ 1,705 കോടി രൂപയും പിരിച്ചു. അന്തിമ കണക്കു വരുമ്പോൾ ഇത് 2000 കോടിയിലേക്കെത്താമെന്നാണ് വിലയിരുത്തൽ. ഈ തുക റീബിൽഡ് കേരളയ്ക്ക് കൈമാറും.