Highlights (Page 158)

1991ലെ അമരം സിനിമക്ക് ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടന്‍ അശോകന്‍. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലാണ് അശോകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്തത നിറഞ്ഞൊരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്ന് അശോകന്‍ പറയുന്നു.

‘ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള സിനിമയാണ്. സാധാരണ ഒരു സിനിമാ രീതിയില്‍ നിന്ന് കുറച്ച് വ്യത്യസ്തമായിട്ട് പോകുന്ന സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണ്. തന്റെ കഥാപാത്രവും. മമ്മൂക്കയുടെതും വളരെ വ്യത്യസ്തമായ ഒരു വേഷമാണ്.
30 വര്‍ഷത്തിനു ശേഷം മമ്മൂക്കക്കൊപ്പം അഭിനയിക്കുന്ന സിനിമയാവുമ്പോള്‍ അതിലൊരു പ്രത്യേകത തന്നെ സംബന്ധിച്ച് സ്വാഭാവികമായിട്ടുമുണ്ട്’ അശോകന്‍ പങ്കുവെക്കുന്നു. സന്തോഷവും ത്രില്ലുമുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂക്കക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് അശോകന്‍ പറഞ്ഞു.

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വണ്ടിപ്പെരിയാറിന് മുന്‍പില്‍ ജലബോംബായി നില്‍ക്കുകയാണെന്ന് മുന്‍ വൈദ്യുതി മന്ത്രിയും എംഎല്‍എയുമായ എം.എം. മണി. ഡാം പൊട്ടിയാല്‍ മലയാളികള്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കിട്ടാതെയും മരിക്കുമെന്ന് മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മുല്ലപ്പെരിയാര്‍ സുരക്ഷിതാണെന്നും പിണറായിയും മറ്റു മന്ത്രിമാരും വ്യക്തമാക്കുമ്പോഴാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുമായി മണി രംഗത്തെത്തുന്നത്.

‘ശര്‍ക്കരയും സുര്‍ക്കയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും. വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. വലിയ പ്രശ്നമാ. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാര്‍ഗം. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്’, എംഎം മണി വ്യക്തമാക്കി.

1983ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ബഹുഭാഷാ ചിത്രമാണ് ’83’. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണെന്ന് വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്റെ റോളിലെത്തുന്ന ചിത്രം ഡിസംബര്‍ 24ന് തിയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി യോജിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ കബീര്‍ ഖാനും പ്രതികരിച്ചു.

ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ജനീവ: ഒമൈക്രോണ്‍ വ്യാപനം നടന്നു കഴിഞ്ഞാല്‍ ലോകരാജ്യങ്ങള്‍ നേരിടേണ്ടി വരുന്നത് അതീവ ഗുരുതരമായ പ്രത്യാഘാതമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അഭ്യൂഹങ്ങള്‍ പലതുണ്ടെങ്കിലും ഒമൈക്രോണിന്റെ ആക്രമണം മുന്‍കൂട്ടി പ്രവചിക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതല്‍ സംക്രമണം നടത്താനും സാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ കാനഡയില്‍ രണ്ടുപേരില്‍ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കാണ് ഒന്റാരിയോയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് കാനഡ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നൈജീരിയ ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല. യാത്രാവിലക്ക് ഉള്‍പ്പെടെ വിവിധ പ്രതിരോധ മാര്‍ഗങ്ങള്‍ പരിഗണിച്ചുവരികയാണെന്ന് കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു.

ഓസ്ട്രേലിയയില്‍ രണ്ട് പേര്‍ക്കും ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ശനിയാഴ്ച തിരികെയെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇരുവരും കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വിതരണം ചെയ്യും. വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനിക്കുക.

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അന്ന ബെന്‍, നടന്‍ ജയസൂര്യ, സ്വഭാവ നടന്‍ സുധീഷ്, സ്വഭാവനടി ശ്രീരേഖ, സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക നിത്യ മാമ്മന്‍, പ്രത്യേക അവാര്‍ഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേര്‍ മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡുകള്‍ സ്വീകരിക്കും. പുരസ്‌കാര സമര്‍പ്പണ ചടങ്ങിനുശേഷം 2020ലെ മികച്ച സംഗീത സംവിധായകനും പശ്ചാത്തല സംഗീത സംവിധായകനുമുള്ള പുരസ്‌കാരം ലഭിച്ച എം.ജയചന്ദ്രന്‍ നയിക്കുന്ന പ്രിയഗീതം എന്ന സംഗീത പരിപാടി ഉണ്ടായിരിക്കും.

ഡിസംബര്‍ ഒമ്പതു മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയുടെ (IDSFFK) പോസ്റ്റര്‍ പ്രകാശനവും വൈകിട്ടത്തെ അവാര്‍ഡ്ദാന ചടങ്ങില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിന് പോസ്റ്റര്‍ നല്‍കി പ്രകാശനം നിര്‍വഹിക്കും.

തിരുവനന്തപുരം: കുട്ടികൾക്ക് വേണ്ടി പുതിയ സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ച് കേരള ബാങ്ക്. കുട്ടികളിലെ സാമ്പദ്യശീലം വളർത്തണം എന്ന ലക്ഷ്യത്തോടെയാണ് കേരളാ ബാങ്ക് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ഏഴാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പദ്ധതിയിൽ അംഗമാകാം. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച്ച പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. നിക്ഷേപത്തുകയിൽനിന്നു പഠനാവശ്യങ്ങൾ നിറവേറ്റാൻ കുട്ടികളെ പ്രാപ്തരാക്കാനും പദ്ധതി സഹായിക്കും.

സേവിങ്സ് അക്കൗണ്ടായാകും ഇത്തരത്തിലുള്ള അക്കൗണ്ട് പ്രവർത്തിക്കുക. സൗജന്യം എസ്.എം.എസ്. അലേർട്ടുകൾ, അധിക സേവന നിരക്കുകളില്ലാതെ ഡിമാൻഡ് ഡ്രാഫ്റ്റ് (ഡി.ഡി), സൗജന്യ ആർ.ടി.ജി.സി.- എൻ.ഇ.എഫ്.ടി- ഐ.എം.പി.എസ് സേവനങ്ങൾ തുടങ്ങിയവയും ഈ അക്കൗണ്ടുകളുടെ പ്രത്യേകതകളാണ്.

കുട്ടികൾക്കുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ സ്‌കോളർഷിപ്പുകൾ ഭാവിയിൽ വിദ്യാനിധി അക്കൗണ്ടുകൾ വഴിയാകും കൈമാറുകയെന്നാണ് റിപ്പോർട്ട്. കുട്ടി അക്കൗണ്ട് തുടങ്ങുമ്പോൾ അതിനൊപ്പം രക്ഷിതാവിന് ഒരു പ്രിവിലേജ് അക്കൗണ്ട് ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ അംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ആദ്യ വർഷം പ്രീമിയം അടയ്ക്കേണ്ടതില്ലെന്നതും സവിശേഷതയാണ്.

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റം വരണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അടിത്തട്ടിലുള്ള ജഡ്ജിമാരെ ഓൾ ഇന്ത്യാ ലെവൽ പരീക്ഷയിലൂടെ മേൽക്കോടതിയിലേക്ക് ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊളീജിയം സംവിധാനത്തിന് ബദലായി, ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ കമ്മീഷൻ ആക്ടിനെ കുറിച്ചാണ് രാഷ്ട്രപതി സംസാരിച്ചത്. ആറ് വർഷം മുമ്പ് സുപ്രീം കോടതി നിർത്തലാക്കിയ നിയമമാണ് എൻജെഎസി ആക്ട്.

ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലെ പരിഷ്‌കാരങ്ങൾ പ്രസക്തമായ വിഷയമാണ്. അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് മങ്ങലേൽപ്പിക്കാതെ തന്നെ ശ്രമിക്കണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ വിലപേശൽ സാധ്യമല്ലെന്ന ഉറച്ച വീക്ഷണത്തിലാണ് താൻ വിശ്വസിക്കുന്നത്. അതിനെ ഒട്ടും നേർപ്പിക്കാതെ മേൽക്കോടതികളിലേക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിന് മികച്ച മാർഗം കണ്ടെത്താനാകുമോയെന്ന് അദ്ദേഹം ചോദിച്ചു.

ഏറ്റവും താഴ്ന്ന തലം മുതൽ ഉയർന്ന തലം വരെ ശരിയായ പ്രതിഭകളെ തിരഞ്ഞെടുക്കാനും പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ഒരു അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് ഉണ്ടായിരിക്കുമെന്നും ഈ ആശയം പുതിയതല്ല. അരനൂറ്റാണ്ടിലേറെയായി ഇത് പരീക്ഷിക്കപ്പെടാതെ നിലനിൽക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ‘ജഡ്ജി തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌കരിക്കുന്നതിന് മികച്ച നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ആത്യന്തികമായി, നീതി ന്യായ സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ: മതം മാറിയാലും ഒരാളുടെ ജാതി മാറുന്നില്ലെന്നും അതിന്റെ പേരിൽ മിശ്രവിവാഹ സർട്ടിഫിക്കറ്റിന് അർഹതയില്ലെന്നും വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ആദി ദ്രാവിഡർ സമുദായത്തിൽപ്പെട്ടയാൾ ഹിന്ദു അരുന്ധതിയാർ സമുദായക്കാരിയെ വിവാഹം കഴിക്കുകയും പിന്നീട് ക്രിസ്തുമതം സ്വീകരിച്ചതിനേത്തുടർന്നു മിശ്രവിവാഹ സർട്ടിഫിക്കറ്റിന് അവകാശമുന്നയിക്കുകയും ചെയ്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് തനിക്കു പിന്നാക്കവിഭാഗ സർട്ടിഫിക്കറ്റ് ലഭിച്ചെന്നും ഭാര്യ പട്ടികജാതിയിൽ തുടരുന്നതിനാൽ മിശ്രവിവാഹ സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്നും വ്യക്തമാക്കിയാണ് ഹർജി സമർപ്പിച്ചത്. സർക്കാർ ജോലികളിൽ മിശ്രവിവാഹിതർക്കുള്ള മുൻഗണനയ്ക്കായാണു സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

പങ്കാളികളിൽ ഒരാൾ പട്ടികജാതിയിലും മറ്റേയാൾ മറ്റൊരു ജാതിയിലും ഉൾപ്പെട്ടാലേ മിശ്രവിവാഹ സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്ന നിബന്ധന കോടതി വ്യക്തമാക്കി. ഈ കേസിൽ ഹർജിക്കാരനും ഭാര്യയും പട്ടികജാതിയിൽ ജനിച്ചവരാണ്. ഹർജിക്കാരൻ മതം മാറിയെന്ന കാരണത്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയില്ലെന്നു ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം ഉത്തരവിടുകയും ചെയ്തു. മതംമാറിയതിനെത്തുടർന്ന് ലഭിക്കുന്ന സമുദായ സർട്ടിഫിക്കറ്റ് മിശ്രവിവാഹ സർട്ടിഫിക്കറ്റിനുള്ള യോഗ്യതയല്ലെന്നു സർക്കാർ അഭിഭാഷകൻ സി. ജയപ്രകാശ് വാദിച്ചു. ഹർജിക്കാരനും ഭാര്യയും പട്ടികജാതിക്കാരാണെന്നു വ്യക്തമാക്കുന്ന റവന്യൂ ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ടും സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ പുതിയ നേട്ടങ്ങൾ കരസ്ഥമാക്കി ഇന്ത്യ. അവയവമാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന്റെ കുതിപ്പ് തുടരുന്നതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഗ്ലോബൽ ഒബ്‌സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ ഡാറ്റ പ്രകാരം അവയവമാറ്റ ശസ്ത്രക്രിയയിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണെന്ന് മന്ത്രി പറഞ്ഞു.

അമേരിക്കയും ചൈനയും മാത്രമാണ് തൊട്ട് മുൻപിലുള്ള സ്ഥാനത്ത്. ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 12-ാമത് ദേശീയ അവയവദാന ദിനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അവയവം മരണശേഷം ദാനം ചെയ്യുക എന്നത് നമ്മുടെ ജീവിത മുദ്രാവാക്യം ആയിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സംസ്‌കാരം ശുഭ്,ലാഭ് എന്നിവയ്ക്ക് ഊന്നൽ നൽകുന്നു, അവിടെ വ്യക്തി ക്ഷേമം സമൂഹത്തിന്റെ മഹത്തായ നന്മയ്ക്കൊപ്പം വേരൂന്നിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

12-ാ മത് ദേശീയ അവയവദാന ദിനത്തിൽ പങ്കെടുക്കാൻ കഴിയുന്നത് തനിക്ക് അഭിമാനമാണ്. 2012-2013 നെ അപേക്ഷിച്ച് അവയവദാന നിരക്ക് നാലിരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിവർഷം നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം 2013-ൽ 4990 ആയിരുന്നു. എന്നാൽ 2019-ൽ ഇത് 12746 ആയി ഉയർന്നു. അതേ സമയം അവയവം ആവശ്യമുള്ളവരുടേയും അവയവം ദാനം ചെയ്യുന്നവരുടേയും എണ്ണത്തിൽ ഇപ്പോഴും അന്തരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രജനികാന്ത് നായകനായ ‘അണ്ണാത്തെ’ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനമാരംഭിച്ചു. ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളില്‍ റിലീസായി ഇതിനോടകം 23 ദിവസം പിന്നിട്ടു കഴിഞ്ഞു.

മാസ് മസാല സംവിധായകന്‍ ശിവ ഒരുക്കിയ സിനിമ 180 കോടി മുതല്‍ മുടക്കിലാണ് പൂര്‍ത്തിയായത്. 1,100 കൂടുതല്‍ തിയേറ്ററുകളില്‍ റിലീസായ ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, കുശ്ബു, ജഗപതി ബാബു തുടങ്ങിയ വന്‍ താരനിര തന്നെ അടങ്ങിയിട്ടുണ്ട്. ഡി. ഇമ്മനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റെഡ് ജയന്റ് മൂവിസിന്റെ ബാനറിലാണ് ചിത്രം ഇറങ്ങിയത്. .

ലോക്ക്ഡൗണിന് ശേഷം തിയേറ്റര്‍ റിലീസിന് എത്തിയ സിനിമക്ക് തുടക്കത്തില്‍ ആരാധകരുടെ ഭാഗത്ത് നിന്നും വന്‍ വരവേല്‍പ്പ് ലഭിച്ചുവെങ്കിലും നിരൂപകര്‍ സിനിമയെ കൈവിട്ടു. എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്താന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല. ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഡോക്ടറിന് തൊട്ടുപിന്നാലെ ദീപാവലി റിലീസ് ആയാണ് രജനികാന്ത് ചിത്രം അണ്ണാത്തെ എത്തിയത്. സമീപകാലത്ത് ഒരു രജനി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം റിവ്യൂസ് ലഭിച്ചിട്ടും ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ അണ്ണാത്തെ നേടിയത് 228 കോടിയാണ്. തമിഴ്നാട്ടില്‍ നിന്നു മാത്രം 142.05 കോടിയും, കര്‍ണ്ണാടകത്തില്‍ നിന്ന് 11 കോടിയുമാണ് നേടിയത്.