ഇന്ത്യുടെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കി ’83’; മലയാളത്തില്‍ അവതരിപ്പിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

1983ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ബഹുഭാഷാ ചിത്രമാണ് ’83’. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണെന്ന് വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്റെ റോളിലെത്തുന്ന ചിത്രം ഡിസംബര്‍ 24ന് തിയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി യോജിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ കബീര്‍ ഖാനും പ്രതികരിച്ചു.

ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.