തിരുവനന്തപുരം: കുട്ടികൾക്ക് വേണ്ടി പുതിയ സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ച് കേരള ബാങ്ക്. കുട്ടികളിലെ സാമ്പദ്യശീലം വളർത്തണം എന്ന ലക്ഷ്യത്തോടെയാണ് കേരളാ ബാങ്ക് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ഏഴാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പദ്ധതിയിൽ അംഗമാകാം. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച്ച പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. നിക്ഷേപത്തുകയിൽനിന്നു പഠനാവശ്യങ്ങൾ നിറവേറ്റാൻ കുട്ടികളെ പ്രാപ്തരാക്കാനും പദ്ധതി സഹായിക്കും.
സേവിങ്സ് അക്കൗണ്ടായാകും ഇത്തരത്തിലുള്ള അക്കൗണ്ട് പ്രവർത്തിക്കുക. സൗജന്യം എസ്.എം.എസ്. അലേർട്ടുകൾ, അധിക സേവന നിരക്കുകളില്ലാതെ ഡിമാൻഡ് ഡ്രാഫ്റ്റ് (ഡി.ഡി), സൗജന്യ ആർ.ടി.ജി.സി.- എൻ.ഇ.എഫ്.ടി- ഐ.എം.പി.എസ് സേവനങ്ങൾ തുടങ്ങിയവയും ഈ അക്കൗണ്ടുകളുടെ പ്രത്യേകതകളാണ്.
കുട്ടികൾക്കുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ സ്‌കോളർഷിപ്പുകൾ ഭാവിയിൽ വിദ്യാനിധി അക്കൗണ്ടുകൾ വഴിയാകും കൈമാറുകയെന്നാണ് റിപ്പോർട്ട്. കുട്ടി അക്കൗണ്ട് തുടങ്ങുമ്പോൾ അതിനൊപ്പം രക്ഷിതാവിന് ഒരു പ്രിവിലേജ് അക്കൗണ്ട് ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ അംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ആദ്യ വർഷം പ്രീമിയം അടയ്ക്കേണ്ടതില്ലെന്നതും സവിശേഷതയാണ്.

