സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

തിരുവനന്തപുരം: 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വിതരണം ചെയ്യും. വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനിക്കുക.

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അന്ന ബെന്‍, നടന്‍ ജയസൂര്യ, സ്വഭാവ നടന്‍ സുധീഷ്, സ്വഭാവനടി ശ്രീരേഖ, സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക നിത്യ മാമ്മന്‍, പ്രത്യേക അവാര്‍ഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേര്‍ മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡുകള്‍ സ്വീകരിക്കും. പുരസ്‌കാര സമര്‍പ്പണ ചടങ്ങിനുശേഷം 2020ലെ മികച്ച സംഗീത സംവിധായകനും പശ്ചാത്തല സംഗീത സംവിധായകനുമുള്ള പുരസ്‌കാരം ലഭിച്ച എം.ജയചന്ദ്രന്‍ നയിക്കുന്ന പ്രിയഗീതം എന്ന സംഗീത പരിപാടി ഉണ്ടായിരിക്കും.

ഡിസംബര്‍ ഒമ്പതു മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയുടെ (IDSFFK) പോസ്റ്റര്‍ പ്രകാശനവും വൈകിട്ടത്തെ അവാര്‍ഡ്ദാന ചടങ്ങില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിന് പോസ്റ്റര്‍ നല്‍കി പ്രകാശനം നിര്‍വഹിക്കും.