Highlights (Page 157)

ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗ വാർത്തയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യം. ഹെലികോപ്ടർ അപകടത്തിലാണ് ബിപിൻ റാവത്ത് കൊല്ലപ്പെട്ടത്. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വ്യോമസേനയുടെ എംഐ17വി5 ഹെലികോപ്ടറാണ് തകർന്ന് വീണത്. കോയമ്പത്തൂരിലെ വെല്ലിംഗ്ടണിലേക്കുള്ള യാത്രാമദ്ധ്യേ സൂലൂർ എയർബേസിൽ നിന്നാണ് ഹെലികോപ്ടർ പറന്നുയർന്നത്. കൂനൂർ മലനിരകളിൽ ഹെലികോപ്ടർ തകർന്നു വീണത്. അപകടത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന ആധുനിക ഗതാഗത ഹെലികോപ്ടറാണ് എംഐ17വി5. തന്ത്രപരമായ വ്യോമാക്രമണ സേനയെയും രഹസ്യാന്വേഷണ സംഘങ്ങളെയും രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് എത്തിക്കാനും ഈ ഹെലികോപ്ടർ ഉപയോഗിക്കുന്നുണ്ട്. ഏത് ഭൂമിശാസ്ത്രപരവും കാലാവസ്ഥാ സാഹചര്യങ്ങളിലും രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്നവയാണ് ഈ ഹെലികോപ്ടറുകൾ. രാജ്യത്തുടനീളമുള്ള രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, സൈനികരെ വിന്യസിക്കാനും ഇന്ത്യൻ വ്യോമസേന ഈ ഹെലികോപ്ടർ ഉപയോഗിക്കുന്നുണ്ട്. റഷ്യയാണ് ഈ ഹെലികോപ്ടർ നിർമ്മിച്ചത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയാണ് ഈ ഹെലികോപ്ടറിനുള്ളത്. 13,000 കിലോഗ്രാം ഭാരം വഹിച്ച് പറക്കാനുള്ള ശേഷിയും ഹെലികോപ്ടറിനുണ്ട്. പ്രധാനമന്ത്രിയുൾപ്പെടെയുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും ഉപയോഗിക്കുന്ന ചോപ്പറായി ഈ ഹെലികോപ്ടറുകളെ പരിഗണിച്ചിരുന്നു.

കുനൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടിക്ക് സമീപം കൂനൂരിലാണ് സംഭവം. അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 13 പേര്‍ മരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ ബിപിന്‍ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുനൂര്‍ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. ഹെലികോപ്ടര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നാണ് സൂചന.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരടക്കം പതിനാല് പേരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്. വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ന്യൂഡല്‍ഹി: 2022ല്‍ റഷ്യയില്‍ നടക്കുന്ന 22-ാമത് ഇന്ത്യ – റഷ്യ ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. തിങ്കളാഴ്ച ഹൈദരാബാദ് ഹൗസില്‍ നടന്ന മോദി – പുടിന്‍ കൂടിക്കാഴ്ചയിലാണ് റഷ്യ സന്ദര്‍ശിക്കാനുള്ള ക്ഷണം പുടിന്‍ മുന്നോട്ട് വച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിന് റഷ്യ നല്‍കുന്ന പ്രാധാന്യമാണ് ഈ സന്ദര്‍ശനം വ്യക്തമാക്കുന്നത്.

മോദി-പുടിന്‍ കൂടിക്കാഴ്ചക്ക് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, റഷ്യന്‍ പ്രതിരോധമന്ത്രി ജനറല്‍ സെര്‍ജി ഷൊയ്ഗുവുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായും മന്ത്രിതല ചര്‍ച്ചകള്‍ നടന്നിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനായി ഉന്നതതല പ്രതിനിധി സംഘവും പുടിനൊപ്പം ഇന്ത്യയില്‍ എത്തിയിരുന്നു

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി മാത്രമാണ് ഈ വര്‍ഷം വ്‌ലാദിമിര്‍ പുടിന്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയത്. ഇന്ത്യയെ ശക്തമായ രാഷ്ട്രമായാണ് കാണുന്നതെന്ന് കൂടിക്കാഴ്ചയ്ക്കിടെ പുടിന്‍ വ്യക്തമാക്കി. തനിക്കും തന്റെ സംഘത്തിനും സ്‌നേഹപൂര്‍ണമായ ആതിഥ്യമൊരുക്കിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് പുടിന്‍ നന്ദി രേഖപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സമരം അവസാനിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായി പിജി ഡോക്ടർമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് ശേഷമാണ് പിജി ഡോക്ടർമാർ സമരം അവസാനിപ്പിച്ചത്. പിജി ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ – അക്കാദമിക് റെസിഡന്റ് ഡോക്ടർമാരെ നൽകാമെന്ന സർക്കാർ നിർദേശം അംഗീകരിച്ചു. ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ 2 ദിവസത്തിനുള്ളിൽ നിയമിക്കുമെന്ന് ചർച്ചയിൽ പിജി ഡോക്ടർമാർക്ക് മന്ത്രി ഉറപ്പു നൽകി.

നീറ്റ് – പിജി പ്രവേശനം നീളുന്നതിനെതിരെയാണ് പിജി ഡോക്ടർമാർ സമരം ആരംഭിച്ചത്. പിജി അഡ്മിഷൻ വൈകിയത് കാരണം ഉണ്ടായ ഡോക്ടർമാരുടെ കുറവും അമിതജോലി ഭാരവും കാരണമാണ് പിജി ഡോക്ടർമാർ സമരം തുടങ്ങിയത്. ആറു മാസം വൈകിയ മെഡിക്കൽ പിജി അലോട്ട്‌മെന്റ് വീണ്ടും നാലാഴ്ച്ചത്തേക്ക് കൂടി സുപ്രീം കോടതി നീട്ടിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഒരാഴ്ചയായി മെഡിക്കൽ പിജി വിദ്യാർത്ഥികൾ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു.

മുംബൈ: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും ഇത് ഫെബ്രുവരിയോടെ ഉണ്ടായേക്കാമെന്നും ഐഐടി കാണ്‍പൂരിലെ വിദഗ്ദന്‍ പറഞ്ഞു. മൂന്നാം തരംഗത്തില്‍ രാജ്യത്ത് പ്രതിദിനം ഒന്ന് മുതല്‍ ഒന്നര ലക്ഷംവരെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടേക്കാം, എന്നാല്‍, ഇതിന് രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കുമെന്നാണ് നിലവിലെ വിലയിരുത്തലെന്ന് കൊവിഡിന്റെ മാത്തമാറ്റിക്കല്‍ പ്രോജക്ഷനില്‍ പങ്കാളിയായ മഹീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി.

പുതിയ ഒമൈക്രോണ്‍ വകഭേദത്തിന് വ്യാപനശേഷി വളരെ കൂടുതലാണെങ്കിലും ഡെല്‍റ്റ വകഭേദത്തോളം മാരകമായിരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമൈക്രോണ്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്ന കേസുകള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ഭാഗിക ലോക്ഡൗണ്‍, രാത്രി കര്‍ഫ്യൂ, തിരക്ക് നിയന്ത്രിക്കല്‍ എന്നിവയിലൂടെ ഡെല്‍റ്റ വ്യാപനം നേരിട്ടതുപോലെ തന്നെ ഒമൈക്രോണ്‍ വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നും അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത് നിലവില്‍ 23 പേര്‍ക്കാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമൈക്രോണ്‍ എന്നാണ് കരുതപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍ എന്ന വിഭാഗത്തിലാണ് ഒമൈക്രോണ്‍ വകഭേദത്തെ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ന്യൂഡൽഹി:സാമ്പത്തിക രംഗത്ത് നിർണായക നേട്ടവുമായി ഇന്ത്യ. ഏഷ്യ പവർ ഇൻഡക്‌സ് പ്രകാരം ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോവി ഇൻസ്റ്റിറ്റ്യൂട്ടാണ് ഏഷ്യ പവർ ഇൻഡക്‌സ് പുറത്തു വിട്ടത്. രാജ്യത്തെ വിഭവങ്ങളും രാജ്യങ്ങൾക്കിടയിലുള്ള സ്വാധീനവും അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിംഗ് നടത്തിയത്. നിലവിലെ അധികാര വിതരണവും അധികാരം കൈകാര്യം ചെയ്യുന്ന രീതികളുമെല്ലാം റാങ്ക് നിർണയത്തിനായി പരിഗണിച്ചിരുന്നു.

അതേസമയം കഴിഞ്ഞ വർഷത്തിനെക്കാൾ ഇത്തവണ ഇന്ത്യയ്ക്ക് രണ്ട് പോയിന്റ് കുറഞ്ഞു. ഇന്ത്യ ഉൾപ്പെടെ 18 രാജ്യങ്ങൾക്ക് ഇത്തരത്തിൽ പോയിന്റ് കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിരോധ ശേഷി, സാംസ്‌കാരിക സ്വാധീനം തുടങ്ങിയവയിൽ ഇന്ത്യ നാലാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. സൈനിക ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ഏഴാമതാണ്.

ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടനയെ കോവിഡ് വൈറസ് വ്യാപനം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക, ചൈന, ജപ്പാൻ, ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ഇൻഡെക്‌സിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. വളർച്ചയുടെ കാര്യത്തിൽ അമേരിക്ക മുൻ വർഷത്തേതിൽ നിന്നും ഉയർച്ച കൈവരിച്ചു. രണ്ട് സുപ്രധാന റാങ്കിംഗുകളിൽ അമേരിക്ക ചൈനയെ മറികടക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂഡൽഹി: വർക്ക് ഫ്രം ഹോം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ജീവനക്കാരുടെ തൊഴിൽസമയം കൃത്യമായി നിശ്ചയിക്കുക, ഇന്റർനെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചെലവിന് വ്യവസ്ഥയുണ്ടാക്കുക എന്നിവയെല്ലാം ചേർത്താണ് പുതിയ വർക്ക് ഫ്രം ഹോം ചട്ടം തയ്യാറാക്കുന്നത്. കോവിഡാനന്തര സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയായി മാറുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. വർക്ക് ഫ്രം ഹോമിന് നിലവിൽ രാജ്യത്ത് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വർക്ക് ഫ്രം ഹോം നടപ്പിലാക്കുന്നത്.

വർക്ക് ഫ്രം ഹോമിന് പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കാനാണ് സർക്കാരിന്റെ പദ്ധതി. ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് ഉടമസ്ഥർ മെസേജ് അയക്കുന്നത് പോർചുഗൽ നിയമവിരുദ്ധമാക്കിയിരുന്നു. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന തൊഴിലുടമകൾക്കെതിരെ പോർച്ചുഗലിൽ തൊഴിലാളികൾക്ക് നിയമപരമായി നീങ്ങാനുള്ള അവകാശമുണ്ട്. ജീവനക്കാരെ സംരക്ഷിക്കുന്ന തരത്തിലാണ് പോർച്ചുഗൽ വർക്ക് ഫ്രം ഹോം ചട്ടം ആവിഷ്‌ക്കരിച്ചത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണം പല രാജ്യങ്ങളിലെയും തൊഴിലിടങ്ങളിലും വർക്ക് ഫ്രം ഹോം സേവനം നടപ്പാക്കിയിരുന്നു. വർക്ക് ഫ്രം ഹോം മറയാക്കി പലയിടങ്ങിളിലും അധിക സമയം ജോലിയെടുപ്പിക്കൽ ഉൾപ്പെടെയുള്ള ചൂഷണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഇതിനെതിരെ നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ പോർച്ചുഗീസ് രംഗത്തെത്തിയത്.

ന്യൂഡൽഹി: അടുത്ത വർഷം ജനുവരി മുതൽ എടിഎം ഇടപാടുകളുടെ നിരക്ക് വർധിക്കും. സാമ്പത്തിക-സാമ്പത്തികേതര എടിഎം ഇടപാടുകളുടെ നിരക്കിൽ വർധനവുണ്ടാകും. സൗജന്യ പരിധിക്ക് പുറത്തുവരുന്ന എടിഎം ഇടപാടുകൾക്ക് അടുത്ത മാസം മുതൽ നിരക്ക് വർധിക്കും. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് ബാങ്കുകൾക്ക് അനുമതി നൽകി.

2022 ജനുവരി മുതൽ സൗജന്യ പരിധിക്ക് പുറത്തുവരുന്ന ഇടപാടുകൾക്ക് 21 രൂപയും ജിഎസ്ടിയും നൽകേണ്ടിവരും. 20 രൂപയും ജിഎസ്ടിയുമാണ് സൗജന്യ പരിധിയ്ക്ക് പുറത്തു വരുന്ന ഇടപാടുകൾക്കുള്ള ഇപ്പോഴത്തെ നിരക്ക്. ഉപഭോക്താക്കൾക്ക് അക്കൗണ്ടുള്ള ബാങ്കിൽ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ നഗരങ്ങളിലെ എടിഎമ്മുകളിൽ നിന്ന് മൂന്ന് തവണയും ഗ്രാമീണ മേഖലകളിൽ 5 തവണയും സൗജന്യ ഇടപാടുകൾ നടത്താം.

2019 ന്റെ ആദ്യം മുതല്‍ ചന്ദ്രന്റെ അജ്ഞാത വശത്ത് പര്യവേഷണം നടത്തുകയാണ് യുടു2. ചതുരാകൃതിയില്‍ അത്യന്തം ദുരൂഹമായ ഒരു വസ്തു ചൈനീസ് റോവറായ യുടു-2 കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. എന്നാല്‍, ഇതെന്താണെന്ന് നിര്‍ണയിക്കാനും സ്ഥിരീകരിക്കാനും ശാസ്ത്രലോകത്തിനായിട്ടില്ല. ദുരൂഹ വീട് എന്ന് അര്‍ഥമുള്ള മിസ്റ്ററി ഹൗസ് എന്നാണ് വസ്തുവിന് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്.

ദൂരത്ത് നിന്നാണു റോവര്‍ വസ്തുവിന്റെ ചിത്രം എടുത്തിരിക്കുന്നത്. റോവറിനെ വസ്തുവരികിലേക്ക് കൂടുതല്‍ അടുപ്പത്തില്‍ എത്തിച്ച് ദുരൂഹവീടിനെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കു പദ്ധതിയുണ്ട്. എന്നാല്‍, ഈ വിചിത്ര വസ്തുവിനെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ ഇതിനിടയില്‍ പുറത്ത് വരുന്നുണ്ട്. അതേസമയം, ഇത് അവിടെയുള്ള വലിയ പാറകളില്‍ ഏതെങ്കിലുമാകുമെന്നും ഈ പറയുന്ന ദുരൂഹതയൊന്നും ഇതിനില്ലെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. റോവര്‍ കൂടുതല്‍ അടുത്തെത്തുന്നതോടെ വിചിത്ര വസ്തുവിന്റെ യഥാര്‍ഥ സത്യം പുറത്തു വരുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ചന്ദ്രന്‍ സ്വന്തം അച്ചുതണ്ടില്‍ ചുറ്റുന്നതിന്റെയും ഭൂമിയെ ഭ്രമണം ചെയ്യുന്നതിന്റെയും തോതുകളുടെ പ്രത്യേകത മൂലം ചന്ദ്രന്റെ ഒരു വശം മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ. കാണാന്‍ സാധിക്കാത്ത വശമാണ് ഫാര്‍ സൈഡ് അഥവാ അജ്ഞാത വശമെന്ന് അറിയപ്പെടുന്നത്.

വിഖ്യാത ഹോളിവുഡ് സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക് തന്റെ കള്‍ട്ട് ക്ലാസിക്കായ 2001- എ സ്‌പേസ് ഒഡീസി എന്ന ചിത്രത്തില്‍ ഒരു ചതുര ബീം കാണിക്കുന്നുണ്ട്. മനുഷ്യരുടെ പരിണാമത്തിനു വേഗം പകര്‍ന്നതും മനുഷ്യര്‍ക്ക് ബുദ്ധി കിട്ടിയതുമൊക്കെ ഈ ബീമില്‍ നിന്നാണെന്നാണ് ആ ചിത്രം പറഞ്ഞുവെക്കുന്നത്. ഇത്തരത്തിലൊരു ബീമാണ് ഇതെന്നാണ് ചില നിഗൂഢസിദ്ധാന്തക്കാരുടെ വാദം.

തിരുവനന്തപുരം: വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളായ എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ എന്നിവക്ക് വേണ്ട വൈദ്യുതി സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനവുമായി കെഎസ്ഇബി.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് പ്രതിമാസം ആവശ്യമായ വൈദ്യുതി എത്രയാണെന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വാട്ടേജ്, അത് ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കി 6 മാസത്തേക്ക് ഇളവ് അനുവദിക്കും. ഇതിനായി വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതാത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നല്‍കണം. അപേക്ഷയോടൊപ്പം, പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യാവശ്യമാഎന്ന് ഒരു ഗവണ്‍മെന്റ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം. 200/- രൂപ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണം.

കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

‘ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യം!

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നല്‍കുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് നല്‍കണം.

അപേക്ഷയോടൊപ്പം , പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ് , സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ മുതലായവ) അദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവണ്മെന്റ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം. 200/- രൂപ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണം. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായി ലഭിക്കും.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവന്‍ രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ സര്‍ട്ടിഫിക്കറ്റിന്മേല്‍ ഇളവ് തുടരാവുന്നതാണ്.’