രക്തസാക്ഷി അനുസ്മരണങ്ങള്‍ ഉറ്റവരുടെ കണ്ണുനീരിന് പകരമാവില്ല; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം.

രക്തസാക്ഷി ദിനാചാരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെയും വേദനക്ക് പകരമാകുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും അന്നം മുടക്കുകയാണ്. വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി എതിരാളികളുടെ വൈരാഗ്യത്തിന് അഗ്‌നി പകരും. ഇതൊന്നും ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ല. കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുകയാണ്’- കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പ്രതികളെ ഇന്ന് ഹൈക്കോടതി വെറുതെ വിട്ടിരുന്നു. 2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലിട്ട് ആര്‍എസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്. 13 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.