മായം കലര്‍ന്ന മീനുകള്‍ കേരളത്തിലേക്കൊഴുകുന്നു; റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചെക്‌പോസ്റ്റുകള്‍വഴിയും കടല്‍വഴിയും വന്‍തോതില്‍ മായം കലര്‍ന്ന മീന്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രോളിങ് നിരോധനം മുതലെടുത്താണ് ഇത്. മീനിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ‘മത്സ്യ’യുടെ ഭാഗമായി ഇതുവരെ 17,283 കിലോഗ്രാം കേടായ മീന്‍ പിടികൂടി.

അതേസമയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. അമ്ബലപ്പുഴ, പുറക്കാട് മേഖലകളില്‍ വാഹനങ്ങളിലും കമ്മിഷന്‍ ഏജന്‍സികളിലുമായി നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ 60 കിലോഗ്രാം അയലയും, തിരുവനന്തപുരം ജില്ലയിലെ അമരവിള, പൂവാര്‍ ചെക്‌പോസ്റ്റുകളില്‍ നടത്തിയ പരിശോധനയില്‍ 70 കിലോഗ്രാം ചൂരയും പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ചെക്‌പോസ്റ്റ് വഴി എത്തിയ 15 വാഹനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.

അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയവയാണ് ദിവസങ്ങളോളം മീനുകള്‍ കേടു കൂടാതെയിരിക്കാന്‍ ചേര്‍ക്കുന്നത്. അമോണിയ കൂടുതല്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഐസ് വേഗത്തില്‍ അലിയില്ല. അമോണിയയും ഫോര്‍മാലിനും മനുഷ്യശരീരത്തിലെത്തിയാല്‍ മാരക ആരോഗ്യപ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കും കാരണമാവും.