ആറര മീറ്റർ ഉയരം; പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത്. ആറര മീറ്റർ ഉയരവും 9500 കിലോ ഭാരവുമാണ് അശോക സ്തംഭത്തിനുള്ളത്. വെങ്കലം കൊണ്ടാണ് അശോക സ്തംഭം നിർമ്മിച്ചിട്ടുള്ളത്. ഇതിന് താഴെ 6500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിർമ്മിച്ചിട്ടുണ്ട്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മധ്യത്തായുള്ള വിശ്രമ കേന്ദ്രത്തിന്റെ മുകളിലായാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയിൽ ദേശീയ ചിഹ്നം പതിപ്പിക്കുന്നതിനുള്ള രേഖാചിത്രവും മറ്റു പ്രക്രിയകളും ക്ലേ മോഡലിങ്/കമ്പ്യൂട്ടർ ഗ്രാഫിക്‌സ് മുതൽ വെങ്കലംകൊണ്ടു വാർക്കുന്നതും മിനുക്കുപണിയുംവരെയുള്ള എട്ടു വ്യത്യസ്തഘട്ടങ്ങളിലൂടെയാണു കടന്നുപോയത്.

അതേസമയം, പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ട തൊഴിലാളികളുമായി അനാച്ഛാദന ചടങ്ങിനിടെ പ്രധാനമന്ത്രി സംവദിച്ചു. ചടങ്ങിന് മുൻപായുള്ള പൂജാ കർമങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.