‘കാളി രാജ്യത്തിന്റെ വിശ്വാസ കേന്ദ്രം’; ഡോക്യുമെന്ററി വിവാദത്തില്‍ പരോക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാളി ഡോക്യുമെന്ററി വിവാദത്തില്‍ പരോക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കാളി രാജ്യത്തെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. കാളിയുടെ അനുഗ്രഹം ബംഗാളില്‍ മാത്രമല്ല രാജ്യം മുഴുവനുമുണ്ട്. സ്വാമി വിവേകാനന്ദന്‍ കാളിയുടെ ആരാധകനായിരുന്നു’- പ്രധാനമന്ത്രി വിശദീകരിച്ചു.

അതേസമയം, കാളി വിവാദത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കും ലീന മണി മേഖലക്കുമെതിരെ എട്ടോളം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബിജെപി ദില്ലി ഘടകവും മഹുവ മൊയ്ത്രക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. ലീന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനെതിരെയും യുപിയില്‍ ബിജെപി പരാതി നല്‍കി.

ജൂലൈ രണ്ടിനാണ് കവിയും സംവിധായികയുമായ ലീന മണിമേഖല കാളി എ പെര്‍ഫോമന്‍സ് ഡോക്യുമെന്ററിയെന്ന പേരില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഡോക്യുമെന്ററിയില്‍ കാളിയുടെ വേഷമിട്ടത് ലീന തന്നെയാണ്. പുക വലിക്കുകയും എല്‍ജിബിടി അനുകൂല പതാക കൈയിലേന്തുകയും ചെയ്ത കാളിയുടെ ചിത്രമുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് കാട്ടി വിവിധ ഹിന്ദു സംഘടനകളും നേതാക്കളും ഇതോടെ രംഗത്തെത്തി. യുപി ലക്‌നൗവിലെ ഹസറത്ഗംജ് പൊലീസാണ് ആദ്യം കേസെടുത്തത്. ലീന മണിമേഖലയെ ഒന്നാം പ്രതിയായും, അസോസിയേറ്റ് പ്രൊഡ്യൂസര്‍ ആശ, എഡിറ്റര്‍ ശ്രാവണ്‍ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസെടുത്തത്. ദില്ലി പോലീസിന്റെ സൈബര്‍ വിഭാഗവും ലീനയ്‌ക്കെതിരെ കേസെടുത്തു.