വാസ്പ് 96ബിയില്‍ ജലമുണ്ടെന്ന് കണ്ടെത്തി

ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ സംയോജിപ്പിച്ചുള്ള ആദ്യചിത്രങ്ങള്‍ നാസ പുറത്തു വിട്ടിരുന്നു. എസ്എംഎസിഎസ് 0723 എന്നു പേരുള്ള ആദ്യചിത്രം ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു പുറത്തു വിട്ടത്. പിന്നീട് ബാക്കി ചിത്രങ്ങള്‍ കൂടി നാസ പുറത്തിറക്കി.

1877ല്‍ എഡ്വേഡ് സ്റ്റെഫാന്‍ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് 5 താരസമൂഹങ്ങളടങ്ങിയ സ്റ്റെഫാന്‍സ് ക്വിന്ററ്റ് ഗാലക്‌സി ഗ്രൂപ്പ് കണ്ടെത്തിയത്. എന്‍ജിസി 7320 എന്നു പേരുള്ളതാണ് ഏറ്റവും തിളക്കമേറിയത്. താരസമൂഹങ്ങളുടെ ഈ ഗ്രൂപ്പിനുള്ളില്‍ നടക്കുന്ന കൂട്ടിയിടികളെക്കുറിച്ചും മറ്റും വിവരങ്ങള്‍ നല്‍കിയത്. എന്‍ജിസി 3132 എയ്റ്റ് റിങ് നെബുല എന്നും അറിയപ്പെടുന്നു. പ്ലാനറ്ററി നെബുല എന്ന ഗണത്തില്‍പെടുന്നു. ഭൂമിയില്‍ നിന്ന് 2000 പ്രകാശ വര്‍ഷം അകലെയായാണ് സതേണ്‍ റിങ് നെബുല സ്ഥിതി ചെയ്യുന്നത്. അര പ്രകാശ വര്‍ഷമാണ് ഈ നെബുലയുടെ വിസ്തീര്‍ണം. ഇതിന്റെ കേന്ദ്ര ഭാഗത്തായി ഒരു വെള്ളക്കുള്ളന്‍ നക്ഷത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഈ നക്ഷത്രം കാലങ്ങളായി വാതകങ്ങളും പൊടിപടലങ്ങളും എല്ലാ ദിശകളിലേക്കും വ്യാപിപ്പിക്കുന്നുണ്ടെന്ന് ജെയിംസ് വെബ് ചിത്രം വെളിവാക്കുന്നു. എക്‌സോപ്ലാനറ്റായ വാസ്പ് 96 ബിയുടെ അന്തരീക്ഷത്തില്‍ ജലമുണ്ടെന്ന് ചിത്രങ്ങളോടൊപ്പം ജയിംസ് വെബ് ടെലിസ്‌കോപ് ശേഖരിച്ച ശാസ്ത്രീയ വിവരങ്ങളില്‍ തെളിവ്. പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളുടെയും അന്തരീക്ഷത്തെ വിലയിരുത്താനുള്ള ജയിംസ് വെബ്ബിന്റെ കഴിവു വെളിവാക്കുന്നതാണിത്. ഭൂമി സൂര്യനെ ഒരു വര്‍ഷമെടുത്തു ഭ്രമണം ചെയ്യുന്നു. എന്നാല്‍, വാസ്പ് 96ബി അതിന്റെ നക്ഷത്രത്തെ ചുറ്റുന്നത് വെറും 3.4 ദിവസം കൊണ്ടാണ്.

അറുപതുകളില്‍ നാസ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ജയിംസ് ഇ. വെബ്ബിന്റെ പേരാണു ടെലിസ്‌കോപ്പിനു നല്‍കിയിരിക്കുന്നത്.ജയിംസ് വെബ് വിക്ഷേപണ വിജയത്തിനു പിന്നില്‍ മലയാളി സാന്നിധ്യവുമുണ്ട്; ടെലിസ്‌കോപ്പിന്റെ ഇന്റഗ്രേഷന്‍ ആന്‍ഡ് സിസ്റ്റം എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ജോണ്‍ ഏബ്രഹാം, ടെസ്റ്റ് എന്‍ജിനീയറായ റിജോയ് തോമസ് എന്നിവര്‍. ഹൂസ്റ്റണ്‍ സ്വദേശികളായ ഇവര്‍ 8 വര്‍ഷം പദ്ധതിയില്‍ പ്രവര്‍ത്തിച്ചു.