Feature (Page 3)

violin

ഇന്ന് ഡിസംബർ 13 ലോക വയലിൻ ദിനം. പാശ്ചാത്യമായ വാദ്യോപകരണമായ ശ്രുതിമധുരമായ സംഗീതം പൊഴിക്കുന്ന വയലിൻ  കർണാടക സംഗീതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഉപകരണമാണ്. ആറ് കാലങ്ങളും വളരെ മനോഹരമായി വയലിനിൽ വായിക്കുവാൻ സാധിക്കുന്നു . മാത്രമല്ല മനുഷ്യശബ്ദത്തോട് ഏറ്റവും കൂടുതൽ താദാത്മ്യം പ്രാപിച്ച നാദമാണ് ഇതിനുള്ളത്.
വയലിൻ കൂടാതെയുള്ള
ഒരു സംഗീതകച്ചേരി  ഇക്കാലത്ത് വിരളമാണ്‌. വായ്പ്പാട്ടിന്റെ കൂടെയല്ലാതെ വയലിൻ മാത്രം ഉപയോഗിച്ചും കച്ചേരികൾ നടത്തുന്നുണ്ട്.  നാലു തന്ത്രികളാണ്‌ സാധാരണയായി വയലിനുള്ളത്. കർണ്ണാടകസംഗീതത്തിൽ ഓരോ കമ്പികളും യഥാക്രമം മന്ദ്രസ്ഥായി ഷഡ്ജം, മന്ദ്രസ്ഥായി പഞ്ചമം, മദ്ധ്യസ്ഥായി ഷഡ്ജം, മദ്ധ്യസ്ഥായി പഞ്ചമം എന്നിവ മീട്ടുന്നതിനായി ക്രമീകരിച്ചിരിക്കും. പാശ്ചാത്യ ശൈലിയിൽ ഇ,എ,ഡി,ജി എന്നിങ്ങനെയാണ് തന്ത്രികളുടെ ക്രമീകരണം. 	
 ഇതിന്റെ ചരിത്രം പരിശോധിച്ചാൽ ഗ്രീസിലെ ലയർ പോലെയുള്ള കമ്പിവാദ്യങ്ങൾ കമ്പി വലിച്ചുവിട്ടു വായിക്കുന്നവയാണ്. വില്ലുരൂപത്തിലുള്ള വാദ്യോപകരണങ്ങൾ മധ്യേഷ്യയിലെ അശ്വാരൂഢസസ്കാരത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ഇതിനൊരു ഉദാഹരണമാണു തംബുർ. ഇതു ആധുനിക ഉസ്ബെക്കിസ്ഥാനിൽ  -ഒരു പ്രാചീന ടർക്കിയിലേയോ കസാക്കിലേയോ വദ്യോപകരണം അല്ലെങ്കിൽ മംഗോളിയായിലെ മോറിൻ ഹൂർ: ടർക്കിയിലേയോ മംഗോളിയായിലേയോ അശ്വാരൂഢരായിരിക്കാം ഒരുപക്ഷെ ലോകത്തെ ആദ്യത്തെ ഫിഡിൽ വായനക്കാർ. അവരുടെ രണ്ടു കമ്പികളുള്ള തിരിച്ചുപിടിക്കുന്ന ഫിഢിലുകളുടെ കമ്പികൾ കുതിര വാലുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവ വായിക്കുന്നതോ, കുതിരരോമം കൊണ്ടുള്ള വില്ലുകൊണ്ടും. ഇതിന്റെ തലഭാഗത്ത് കുതിരയുടെ തല കൊത്തിവച്ചിട്ടുമുണ്ടാവും. ഇന്നു നമ്മൾ വായിക്കാനുപയോഗിക്കുന്ന വയലിനുകളും വയോളകളും സെല്ലോകളും വായിക്കുന്നതിനുള്ള വില്ലു നിർമ്മിച്ചിരിക്കുന്നത് അന്നത്തെ നാടോടികളുടെ പൈതൃകമായ കുതിരരോമം കൊണ്ടു തന്നെയാണ്. ഈ വാദ്യോപകരണങ്ങൾ ഒടുവിൽ, ചൈനയിലേയ്ക്കും ഇന്ത്യയിലേയ്ക്കും ബൈസാന്റൈൻ സാമ്രാജ്യത്തിലേയ്ക്കും മധ്യപൂർവദേശങ്ങളിലേയ്ക്കും പടരുകയാണുണ്ടായത്.
ഇന്നത്തെ രൂപത്തിൽ വയലിൻ ഉൽഭവിച്ചത് 16 നൂറ്റാണ്ടിലെ വടക്കൻ ഇറ്റലിയിലായിരുന്നു. മധ്യപൂർവദേശത്തിനു സിൽക്ക് റൂട്ട് എന്നറിയപ്പെടുന്ന പാത വഴി ഇറ്റലിയിലെ തുറമുഖങ്ങളായ വെനീസ്, ജെനോവ എന്നിവിടങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ആധുനിക യൂറോപ്യൻ വയലിനു മധ്യപൂർവദേശത്തെയും ബൈസാന്റിയം സാമ്രാജ്യത്തിലേയും പല വാദ്യോപകരണങ്ങളുമായും ബന്ധമുണ്ടായിരുന്നു. ആദ്യ വയലിൻ നിർമാതാക്കൾ ഇന്നത്തെ മൂന്നുതരം വാദ്യോപകരണങ്ങളിൽ നിന്നും കടം കൊണ്ടിട്ടുണ്ടെന്നു കാണാം.
delhi

1911-ല്‍ ഈ ദിവസം ജോര്‍ജ് അഞ്ചാമന്‍ രാജാവും മേരി ഓഫ് ടെക് രാജ്ഞിയും ഡല്‍ഹി ദര്‍ബാറില്‍ പങ്കെടുത്തു- ബ്രിട്ടീഷ് രാജ ദമ്പതികളെ ഇന്ത്യയുടെ ചക്രവര്‍ത്തിയും ചക്രവര്‍ത്തിനിയുമായി വാഴിക്കുന്ന ചടങ്ങ്. അന്നാണ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം യുഎന്‍ഐ മുതല്‍ കൊല്‍ക്കത്തക്കു പകരം ഡല്‍ഹിയാണെന്ന് ജോര്‍ജ് അഞ്ചാമന്‍ രാജാവു പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സാമ്രാജ്യത്തെ നിലനിര്‍ത്താനുള്ള ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. ബംഗാള്‍ വിഭജനം നടപ്പാക്കിയതിന് ശേഷം ബംഗാളില്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്ന പ്രതിഷേധം, കൊല്‍ക്കത്തയില്‍ നിന്നും ദൈനംദിന ഭരണനിര്‍വഹണം നടത്തുന്നത് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ബുദ്ധിമുട്ടാക്കിത്തുടങ്ങി. തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വൈസ്രോയ് ചാള്‍സ് ഹാര്‍ഡിങ്ങും ഇന്ത്യന്‍ സര്‍ക്കാരിലെ മുതിര്‍ന്ന അംഗം സര്‍ ജോണ്‍ ജെങ്കിന്‍സ്സും ലണ്ടനിലെ ഇന്ത്യയുടെ ചുമതലയുള്ള സെക്രട്ടറിക്കെഴുതി. 1911 ഡിസംബര്‍ ഡിസംബര്‍ 12-നു ജോര്‍ജ് അഞ്ചാമന്‍ രാജാവു ബംഗാളിന്റെ ഏകീകരണം പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ പുതിയ തലസ്ഥാനം പണിയാനുള്ള ഹാര്‍ഡിങ്ങിന്റെ അപേക്ഷ അംഗീകരിച്ചു. പഞ്ചാബ് പ്രവിശ്യയില്‍, റെയ്‌സീന കുന്നുകള്‍ക്കിടയില്‍ പുതിയ തലസ്ഥാനത്തിനു രൂപകല്‍പന നടത്താന്‍ സര്‍ ഹെര്‍ബെര്‍ട് ബേക്കര്‍, സര്‍ എഡ്വിന്‍ ല്യൂടെന്‍സ് എന്നിവരെ വൈസ്രോയ് നിയോഗിച്ചു. ഒന്നാം ലോകയുദ്ധവും ബ്രിട്ടീഷ് ഖജനാവിന് തുടര്‍ന്നുണ്ടായ ധനക്ഷാമവും നിര്‍മ്മാണം വൈകിപ്പിച്ചു. പുതിയതായി പണിത തലസ്ഥാനത്തിന് 1927-ല്‍ ന്യൂ ഡല്‍ഹി എന്നു പേരിട്ടു. എന്നാല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി ന്യൂ ഡല്‍ഹി ഉദ്ഘാടനം ചെയ്യ്തത് 1931-ലാണ്.

sai baba

ഒരു ഇന്ത്യൻ ആദ്ധ്യാത്മിക ഗുരുവും കാരുണ്യ പ്രവർത്തകനുമായിരുന്നു സത്യസായിബാബ (ജനനം സത്യനാരായണ രാജു നവംബർ 23, 1926: മരണം ഏപ്രിൽ 24, 2011)

സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് 126 രാജ്യങ്ങളിലായി ഏതാണ്ട് 1200-ഓളം സായി സംഘടനകൾ ലോകമെമ്പാടുമുണ്ട്. ശ്രീ സത്യ സായി ബാബ താൻ ഷിർദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്നാണ് അവകാശപ്പെട്ടിരുന്നത്. 1926 നവംബർ 23-ന് ഇന്നത്തെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ (അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന) അനന്തപൂർ ജില്ലയിലെ പുട്ടപർത്തി എന്ന ഗ്രാമത്തിൽ പെദ്ദവേങ്കമ്മ രാജുവിന്റെയും ഈശ്വരമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായാണ് സത്യസായിബാബ എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായ സത്യനാരായണരാജു ജനിച്ചത്. ശേഷം രാജു, വെങ്കമ്മ, പർവ്വതമ്മ, ജാനകീരാമയ്യ എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. സായിഭക്തർ അദ്ദേഹത്തിന്റെ ജനനത്തിന് ദിവ്യത്വം കല്പിച്ചുകൊടുക്കുന്നു. പുട്ടപർത്തിക്കടുത്തുള്ള ബുക്കപട്ടണത്തെ ഗവ. ഹൈസ്കൂളിലാണ് സത്യൻ പഠിച്ചത്. ജ്യേഷ്ഠനായ ശേഷം രാജുവിനോടൊപ്പം കിലോമീറ്ററുകൾ നടന്നാണ് അദ്ദേഹം പോയിരുന്നത്. ദരിദ്രകുടുംബാംഗമായിരുന്ന സത്യന് വൻ അളവിൽ ഫീസടയ്ക്കേണ്ടിവന്നിരുന്നു. വിദ്യാഭ്യാസകാര്യങ്ങളിൽ ശ്രദ്ധ കുറവായിരുന്നെങ്കിലും അസാമാന്യ ബുദ്ധിശക്തിയുടെ ഉടമയായിരുന്നു സത്യനെന്ന് പറയപ്പെടുന്നു. സത്യൻ ചെറുപ്പത്തിൽതന്നെ സസ്യാഹാരി ആയിരുന്നു. അശരണരോടും പാവപ്പെട്ടവരോടും സത്യന് എന്നും സഹതാപമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സത്യൻ സ്വന്തമായി ഭജന രചിച്ചു പാടിയിരുന്നു. ‘മനസ ഭജരേ ഗുരു ചരണം’ എന്ന് തുടങ്ങുന്ന ഭജന ഗ്രാമീണരെ ആനന്ദിപ്പിച്ചു. സത്യന് 14 വയസ്സുള്ളപ്പോഴായിരുന്നു കരിന്തേൾ ദംശനം. കരിന്തേളിന്റെ കടിയേറ്റ് മണിക്കൂറുകളോളം അബോധാവസ്ഥയിലെക്കു പോയ സത്യൻ പിന്നെ വളരെ അസ്വാഭാവികമായിട്ടാണ് വീട്ടുകാരോട് പ്രതികരിച്ചത്. ഭ്രാന്താണെന്ന് സംശയിച്ച് പല രീതിയിലുള്ള ചികിത്സകളും സത്യന്റെ മാതാപിതാക്കൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, 1940 ഒക്ടോബർ 20-ന് താൻ ഷിർദ്ദി സായിബാബയുടെ പുനർജന്മമാണെന്ന് സത്യൻ പ്രഖ്യാപിച്ചു. തുടർന്നാണ് അദ്ദേഹം ‘സത്യസായിബാബ’ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്. 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവുമായി ഇന്നത്തെ മഹാരാഷ്ട്രയിലെ അഹമദ്നഗർ ജില്ലയിലെ ഷിർദ്ദിയിൽ ജീവിച്ചിരുന്ന ഷിർദ്ദി സായിബാബ സമാധിയായി എട്ടുവർഷം കഴിഞ്ഞായിരുന്നു സത്യസായിബാബയുടെ ജനനം. ഷിർദ്ദി സായിബാബയുടെ പുനർജന്മമായി സ്വയം പ്രഖ്യാപിച്ച സത്യസായിബാബയെ കാണാൻ തുടർന്ന് ഭക്തജനങ്ങളുടെ ഒരു പ്രവാഹമായി. അവർക്കായി 1944-ൽ അദ്ദേഹം ഒരു ക്ഷേത്രം പണിതുകൊടുത്തു. ഇന്നിത്, ‘പഴയ ക്ഷേത്രം’ എന്നറിയപ്പെടുന്നു. 1948-ലാണ് അദ്ദേഹത്തിന്റെ പ്രധാന ആശ്രമമായ ‘പ്രശാന്തി നിലയ’ത്തിന്റെ പണി തുടങ്ങിയത്. തന്റെ 25-ആം ജന്മദിനമായിരുന്ന 1950 നവംബർ 23-ന് അദ്ദേഹം ഇത് ഭക്തർക്കായി തുറന്നുകൊടുത്തു. 1954-ൽ പുട്ടപർത്തിയിൽ ദരിദ്രർക്കായി ഒരു സൗജന്യ ജനറൽ ആശുപത്രി അദ്ദേഹം നിർമ്മിച്ചു. അത്ഭുതരോഗശാന്തിയിലൂടെയും മറ്റും അദ്ദേഹം പെട്ടെന്നുതന്നെ ലോകപ്രസിദ്ധനായി. 1957-ൽ ഉത്തരേന്ത്യൻ സന്ദർശനം നടത്തിയ ബാബ ഉത്തരേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തി.

2011 ഏപ്രിൽ 24 ഞായറാഴ്ച രാവിലെ 7.30-ന് താൻ നിർമ്മിച്ചതും തന്റെ പേരിലുള്ളതുമായ പുട്ടപ്പർത്തി സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസിൽ വെച്ച് 85-ആം വയസ്സിൽ സായിബാബ സമാധിയായി.രാവിലെ 10.30-നാണ് ആശുപത്രി അധികൃതർ മരണസ്ഥിരീകരണം പുറത്തറിയിച്ചത്. ബാബയെ ശ്വാസകോശസംബന്ധമായ അസുഖം മൂലം മാർച്ച് 28-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ നേരിയ തോതിൽ പുരോഗതിയുണ്ടായെങ്കിലും പിന്നീട് രോഗം വീണ്ടും വഷളായി. തുടർന്ന് വൃക്കകളുടെ പ്രവർത്തനത്തെയും അസുഖം ബാധിച്ചു. ബാബയുടെ ഭൗതികശരീരം അദ്ദേഹം ഭക്തർക്ക് ദർശനം നൽകിയിരുന്ന പ്രശാന്തിനിലയത്തിലെ സായ് കുൽവന്ത് ഹാളിൽ മൂന്നുദിവസം പൊതുദർശനത്തിന് വച്ചശേഷം ഏപ്രിൽ 27-ന് ഹാളിന്റെ ഒരു വശത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സമാധിയിരുത്തി. ഭക്തരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികരംഗങ്ങളിലെ പ്രമുഖരും അദ്ദേഹത്തിന് അന്ത്യാഞ്ജലികളർപ്പിച്ചു. സമാധിയിരുത്തൽ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കാൻ എല്ലാ മതങ്ങളിൽ നിന്നും പുരോഹിതന്മാരുണ്ടായിരുന്നു

childrens day

ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14 ന് ജനിച്ച നെഹ്‌റു കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവായ മോത്തിലാല്‍ നെഹ്‌റു. അതുകൊണ്ടുതന്നെ ഏക മകനെ ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു. 1905-ല്‍ ഇംഗ്ലണ്ടിലെ ‘ഹാരോ’ സ്‌കൂളില്‍ ചേര്‍ന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ബിരുദമെടുത്തു. ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. 1912-ല്‍ അലഹബാദില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1916-ല്‍ വിവാഹിതനായി. ആ വര്‍ഷം ലക്‌നൗവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. 1920-ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു. കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു. ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും.കുരുന്നുകളുടെ കലാപരിപാടികളും സമ്മാന വിതരണവും ഉണ്ടാകും. നാം കുട്ടികള്‍ക്കായി ഒരുക്കിക്കൊടുക്കുന്ന സാഹചര്യങ്ങളും സൗകര്യങ്ങളും മാതൃകകളും പരിചരണവുമാണ് അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുക.

കേരളപ്പിറവി ദിനം : കേരള സംസ്ഥാനത്തിന്റെ 64 -ാം പിറന്നാള്‍

ഇന്ന് കേരള സംസ്ഥാനത്തിന്റെ 64 -ാം പിറന്നാള്‍. 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ചുസംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. 1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956-ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. കേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. എന്നിരുന്നാലും വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു കേരളം. ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ.എം. പണിക്കര്‍, പണ്ഡിറ്റ് ഹൃദയനാഥ് കുന്‍സ്രു എന്നിവര്‍ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചത് 1953-ലാണ്. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരള സംസ്ഥാനരൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ച് ജില്ലകളാണുണ്ടായിരുന്നത്. നവംബര്‍ ഒന്നിനു ചിത്തിരതിരുനാള്‍ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി തിരുവിതാംകൂര്‍ കൊച്ചിയില്‍ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്.

മഹാത്മാ ഗാന്ധി ജന്മദിനം

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 – 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വഴികാട്ടിയുമായിരുന്നു.
ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി. ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂ ചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും(2007 മുതൽ) പ്രഖ്യാപിച്ചിട്ടുണ്ട്

കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന്‌ ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ചു. ഒരു സഹോദരിയും
(റലിയത്ത് ബഹൻ‍) അദ്ദേഹത്തിനുണ്ടായിരുന്നു. വൈശ്യകുലത്തിലെ ബനിയ ജാതിക്കാരായ ആ കുടുംബം വൈഷ്ണവവിശ്വാസികളായിരുന്നു. കരംചന്ദ് നാലു വിവാഹങ്ങൾ ചെയ്തിരുന്നു അവസാനത്തെ ഭാര്യയായിരുന്നു പുത്‍ലിബായി. മുത്തച്ഛൻ പോർബന്ദറിൽ ദിവാൻ ആയിരുന്നു. അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു. അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല. അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. അമ്മ അന്നത്തെ രാജാവായിരുന്ന ഠാക്കൂറിന്റെ വിധവയായ അമ്മയുമായി നല്ല ബന്ധത്തിലായിരുന്നു. മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്‌കോട്ടിൽ ജോലി സ്വീകരിച്ചു. അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ (1881) പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻ‍ജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു. നിര‍ക്ഷരയായ കസ്തൂർ‍ബായെ മോഹൻ‍ദാസ് പഠിപ്പിച്ചു. വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടർന്നു. ചെറുപ്പകാലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാർത്ഥിയായിരുന്നില്ല മോഹൻ‍ദാസ്. മെട്രിക്കുലേഷൻ വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. ബാരിസ്റ്റർ ആവാനായി കുടുംബാംഗങ്ങൾ നിർബന്ധിച്ചതിനാലാണ് വിദ്യാഭ്യാസം തുടർന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ 1885-ൽ അന്തരിച്ചു. 1887-ലായിരുന്നു‍ മോഹൻ‍ദാസ് മെട്രിക്കുലേഷൻ പൂർത്തിയാക്കിയത്. പിന്നീട് ഭവനഗറിലെ സമൽദാസ് കോളേജിൽ പഠനം തുടർന്നു. ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബർ മാസത്തിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു, ഹരിലാൽ ഗാന്ധി. ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത്. ഇംഗ്ലണ്ടിൽ വച്ചാണ് അദ്ദേഹം ആദ്യമായി ഭഗവദ് ഗീത വായിക്കുന്നത്. ഗാന്ധിയുടെ ആത്മീയ ജിവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു ഗ്രന്ഥമായിരുന്നു അത്.

ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധി 1915 ജനുവരി 9 ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി. കാര്യങ്ങൾ നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിൽ നിന്നും വന്ന വിദ്യാർത്ഥികളെ അക്കാലത്ത് രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത്. മരിക്കുവോളം നീണ്ട ഒരു സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അഹമ്മദാബാദിലെ കൊച്ച്റാബിൽ 1915 മേയ് 25-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു. സ്വയം നൂൽ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. 1917 ഏപ്രിൽ 16-ന് ചമ്പാരൻ ജില്ലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി നടത്തിയ സമരത്തിൽ ഗാന്ധി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. പിന്നീട് 1917-1918 കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ ഘേഡ കർഷക സമരം, അഹമ്മദാബാദിലെ തൊഴിൽ പ്രശ്നം തുടങ്ങിയവ ഒത്തു തീർപ്പാക്കി.
1917 ജൂണിൽ സത്യാഗ്രഹാശ്രമം സബർമതി യിലേക്ക് മാറ്റി. പിന്നീട് ഇത് സബർമതി ആശ്രമം എന്ന് അറിയപ്പെടാൻ തുടങ്ങി. അക്കാലത്ത് ടാഗോർ ആയിരുന്നു ഗാന്ധിജിയെ ​​​ആദ്യമായി മഹാത്മാ എന്ന് വിശേഷിപ്പിച്ചത്. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തിനു ശേഷമെങ്കിലും ബ്രിട്ടിഷുകാരുടെ നയത്തിന് മാറ്റമുണ്ടാവുമെന്ന് എല്ലാവരും കരുതിയെങ്കിലും ആ പ്രതീക്ഷ സഫലമായില്ല. ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധസമരങ്ങൾ ശക്തമായിത്തീർന്നു. ഇതിനകം ഗാന്ധിജിയെ നേതാവായി മറ്റു നേതാക്കൾ അംഗീകരിച്ചു തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം നടത്തിയ സമരങ്ങളും അതിന് കാരണമായിരുന്നു.ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി അഭിഭാഷകനായി സേവനം അനുഷ്ഠിക്കുന്ന കാലത്താണ് സത്യാഗ്രഹം എന്ന സമരമാർഗ്ഗം വികസിപ്പിച്ചെടുക്കുന്നത്. അതിനാലാണ് ദക്ഷിണാഫ്രിക്കയെ ‘ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല’ എന്നു വിശേഷിപ്പിക്കുന്നത്. ഗാന്ധി പറയുന്നു. “ഏതു തരത്തിലുള്ള പീഡനത്തേയും അടിച്ചമർത്തലിനേയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കേണ്ടിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്”. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിത്തീർന്ന ഗാന്ധിജി 30 കൊല്ലക്കാലം ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സമര യത്നങ്ങൾക്ക് ചുക്കാൻ പിടിച്ചു. അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്.

ഗാന്ധിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ ദുഃഖഭരിതമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന ഇന്ത്യാവിഭജനം അതിന്റെ പ്രധാന കാരണവുമായിരുന്നു. കസ്തൂർബായുടെ വിയോഗവും അദ്ദേഹത്തെ ദുഃഖിതനാക്കി. വിഷ്ണുഭജനമായിരുന്നു ആശ്വാസം. അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു. 1947 ഓഗസ്റ്റ്‌ 15-ന്‌ ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ ഗാന്ധിജി കൽക്കത്തയിൽ ഭാരതവിഭജനത്തിൽ ദുഃഖിതനായി കഴിഞ്ഞു. പശ്ചിമപാകിസ്താനിൽ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാർത്ഥികളായെത്തി. സെപ്റ്റംബർ 4 ന് ഡൽഹിയിലും വർഗീയലഹള ആരംഭിച്ചു.
1948 ജനുവരിയിലും ഇതേ പോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡൽഹിയിൽ ജനുവരി 13 ന് നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീർപ്പിന് തയ്യാറായപ്പോൾ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു.

1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു. 1949 നവംബർ 15-ന് നാഥുറാം ഗോഡ്സേയും കുറ്റവാളികളെയും തൂക്കിലേറ്റി.

രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് നേതാജി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. ഇന്ത്യക്ക് യഥാർത്ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കിൽ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് എന്നു ഗാന്ധി വിശ്വസിച്ചിരുന്നു.

google

വിവര സാങ്കേതിക വിദ്യാ രംഗത്തിന്റെ ചരിത്രത്തിൽ ഒരു സുപ്രധാന സ്ഥാനം വഹിക്കുന്ന ഗൂഗിളിന് ഇന്ന് 22-ാം പിറന്നാൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻ‌ജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. പിറന്നാളിന്റെ ഭാഗമായി പ്രത്യേക ഡൂഡിളും ഗൂഗിൾ തയ്യാറാക്കിയിട്ടുണ്ട്. 21 വർഷങ്ങൾക്ക് മുമ്പാണ് ഗൂഗിൾ സ്ഥാപകരായ സെർഗേ ബ്രിനും ലാരി പേജും ചേർന്ന് ദി അനാട്ടമി ഓഫ് എ ലാർജ് സ്കേൽ ഹൈപ്പർ ടെക്സ്റ്റ്വൽ വെബ് സെർച്ച് എഞ്ചിൻ എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇതിലാണ് ഗൂഗിളിന്റെ ആദ്യ രൂപമായ ലാർജ് സ്കേൽ സെർച്ച് എഞ്ചിൻ എന്ന ആശയം വിശദമാക്കുന്നത്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ (googol) എന്ന പദം സെർച്ച് എൻജിന്റെ പേരാക്കാനായിരുന്നു സ്ഥാപകർ ലക്ഷ്യമിട്ടിരുന്നത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻജിനു പേരായി നൽകാം എന്നായിരുന്നു സ്ഥാപകരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ ഗൂഗൾ (googol) എന്ന് എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ (google) എന്ന പേരുവന്നു. പിന്നീട് അത് തിരുത്തിയതുമില്ല. സ്ഥാപകർക്ക് തെറ്റു പറ്റിയെങ്കിൽ ഗൂഗിളിനായി ഇന്റർനെറ്റിൽ തിരയുന്നവർക്കും തെറ്റു പറ്റാം എന്ന ചിന്തയിൽ ഗൂഗിൾ എന്ന വാക്കിനോട് സമാനമായ സകല പദങ്ങളുടേയും ഡൊമൈൻ ഗൂഗിൾ സ്വന്തമാക്കിയിട്ടുണ്ട്. 22 വർഷം കൊണ്ട് നാടകീയമായ വളർച്ചയാണ് ഗൂഗിളിനുണ്ടായിട്ടുള്ളത്. ശതകോടിക്കണക്കിന് വെബ് പേജുകൾ ഇന്ന് ഗൂഗിളിലുണ്ട്. സെർച്ച് എഞ്ചിൻ എന്നതിലുപരി പരസ്യവിതരണ രംഗത്തും ശക്തമാണ് ഗൂഗിൾ. ആൽഫബെറ്റ് എന്ന മാതൃസ്ഥാപനത്തിന് കീഴിലാണ് ഇപ്പോൾ ഗൂഗിളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും. സെൽഫ് ഡ്രൈവിങ് കാറുകൾ മുതൽ ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ വരെ ഇന്ന് ഗൂഗിൾ വ്യാപിച്ചുകിടക്കുന്നു. ഗൂഗിളിന് 22 വയസ് പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ വര്‍ഷങ്ങളോളം ടെക് ലോകത്തെ ഈ ഭീമന്‍ കമ്പനിയുടെ ജന്മദിനത്തെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായിരുന്നു എന്നതാണ് സത്യം. 2006 മുതലാണ് സെപ്റ്റംബര്‍ 27 ഗൂഗിള്‍ ജന്മദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2006ന് മുന്‍പ് മറ്റ് പല തീയതികളിലുമാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചത്. വ്യത്യസ്ത തീയതികളിലെ ജന്മദിനാഘോഷമാണ് സോഷ്യല്‍ മീഡിയയെ ആശയക്കുഴപ്പത്തിലാക്കിയത്. 1998 സെപ്റ്റംബറിലാണ് ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് ഗൂഗിള്‍ ആരംഭിച്ചത്. 2004ല്‍ ഗൂഗിള്‍ ആറാം പിറന്നാള്‍ ആഘോഷിച്ചത് സെപ്റ്റംബര്‍ 7ന് ആയിരുന്നു. 2003ല്‍ സെപ്റ്റംബര്‍ എട്ടിനാണ് പിറന്നാള്‍ ആഘോഷിച്ചത്. ഗൂഗിളിന്റെ തന്നെ ഹിസ്റ്ററി പേജില്‍ കമ്പനി ഇന്‍കോര്‍പ്പറേറ്റ് ചെയ്തത് 1998 സെപ്റ്റംബര്‍ നാലിനാണെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ വ്യത്യസ്തമായ തീയതികളിലെ ജന്മദിനാഘോഷത്തിന് ഗൂഗിള്‍ പ്രത്യേക കാരണമെന്നും വ്യക്തമാക്കുന്നില്ല. ജന്മദിന തീയതിയുടെ പേരില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് ഗൂഗിള്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ജന്മദിന ഡൂഡില്‍ നിലവില്‍ വന്നത് മുതലാണ് സെപ്റ്റംബര്‍ 27 ഗൂഗിള്‍ സ്ഥിര തീയതിയായി ഗൂഗിള്‍ തെരഞ്ഞെടുത്തത്.

narendra modi

ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി. ജനനം സെപ്റ്റംബർ 17, 1950. 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അംഗ നിയമസഭയിൽ 126 സീറ്റുകൾ ലഭിക്കുകയും മോദി വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ കൊണ്ട് ഗുജറാത്തിൽ വികസനങ്ങൾ ഉണ്ടായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കള്ളപ്പണം തടയാനും ഭീകരവാദികൾ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള നടപടിയുടെ ഭാഗമായി 2016 നവംബർ 8 ന് 500 രൂപ,1000 രൂപ നോട്ടുകൾ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം നടത്തി.

ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഒരു ഗ്രാമത്തിൽ പലചരക്കു വ്യാപാരികളുടെ കുടുംബത്തിലാണ് 1950 സെപ്റ്റംബർ 17-ൽ നരേന്ദ്രമോദി ജനിച്ചത്. ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം.പിതാവിനെ ചായക്കച്ചവടത്തിൽ അദ്ദേഹം സഹായിക്കുമായിരുന്നു, കൗമാരകാലഘട്ടത്തിൽ സഹോദരനോടൊപ്പം മോദി, ഒരു ചായക്കടയും നടത്തിയിരുന്നു. മോദി വിവാഹിതനല്ല എന്നാണ് 2014-വരെ പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാൽ 2014-ലെ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ താൻ വിവാഹിതനാണെന്നും, യെശോദാ ബെൻ എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു.1968-ൽ തന്റെ പതിനേഴാം വയസ്സിൽ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി, വിവാഹത്തിനു ശേഷം ചില മാസങ്ങൾക്കുള്ളിൽ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു. ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുകമാത്രമാണ് മോദി ചെയ്തതെന്ന് മോദിയുടെ ജ്യേഷ്ഠ സഹോദരൻ സോമഭായ് അവകാശപ്പെടുന്നു. ഭാര്യയായ യശോദയെ പഠനം പൂർത്തിയാക്കാൻ നിർബന്ധിച്ച് സ്വഗൃഹത്തിലേക്കയച്ചിട്ടാണ് രാഷ്ട്രീയപ്രവർത്തനങ്ങൾക്കായി മോദി വീടു വിട്ടതെന്നും പറയപ്പെടുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി പിന്നീട് ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി.തന്റെ എട്ടാമത്തെ വയസ്സുമുതൽ മോദി ആർ.എസ്.എസ്സിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു. പ്രചാരക് ആയി പ്രവർത്തിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ നിന്നും ദീർഘ പരിശീലനം ലഭിച്ച മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ വിദ്യാർത്ഥി നേതാവാകുകയും, തുടർന്ന് ബി.ജെ.പി, നവനിർമ്മാൺ എന്നീ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.

1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധ കാലഘട്ടത്തിലാണ് മോദി ആർ.എസ്സ്.എസ്സിൽ ചേരുന്നത്. 1975 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോയ മോദി, അവിടെയിരുന്ന് കേന്ദ്ര സർക്കാരിനെതിരേ ലഘുലേഖകൾ തയ്യാറാക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു.[25] ജയപ്രകാശ് നാരായൺ അടിയന്തരാവസ്ഥക്കെതിരേ നടത്തിയ സമരങ്ങളിലും, മോദി ഭാഗഭാക്കായിരുന്നു. 1985 ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആർ.എസ്സ്.എസ്സാണു മോദിയോട് ആവശ്യപ്പെട്ടത്. 1988 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു, 1995 ൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി നേടിയ വൻവിജയത്തിനു പിന്നിൽ മോദിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നു

ഇന്ത്യയിൽ 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി നരേന്ദ്രമോദിയെയായിരുന്നു ഉയർത്തിക്കാട്ടിയിരുന്നത്. വിജയത്തിന് ശേഷം ലോകസഭാകക്ഷി നേതാവായി എൻഡിഎയുടെ സഖ്യ കക്ഷികൾ നരേന്ദ്രമോദിയെ തിരഞ്ഞെടുക്കുകയും, സഖ്യകക്ഷികളുടെ നേതാവായി പ്രധാനമന്ത്രിപദത്തിന് അവകാശം ഉന്നയിക്കയും ചെയ്തു. നരേന്ദ്ര മോദിയുടെ അവകാശത്തെ അംഗീകരിച്ച രാഷ്ട്രപതി പ്രണബ് മുഖർജി 2014 മേയ് 20-ന് നരേന്ദ്രമോദിയെ ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നിയമിച്ചു.[81] മേയ് 26-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരയിൽ നിന്നും ഉത്തർപ്രദേശിലെ വാരണസിയിൽ നിന്നും ഒരേസമയം ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ച മോദി വാരാണസി മണ്ഡലം നിലനിർത്തി വഡോദരയിൽ നിന്ന് രാജി വെയ്ക്കുകയായിരുന്നു. ഒരു തികഞ്ഞ സസ്യാഹാരിയാണ് മോദി. പഴയ ബോംബെ സംസ്ഥാനത്തിലെ മെഹ്സാന ജില്ലയിലെ വട്നഗറിൽ ഒരു ഇടത്തരം കുടുംബത്തിലാണ് മോദിജനിച്ചത്‌. അദ്ദേഹത്തിനെ ദൈനംദിന ജോലികളിൽ സഹായിക്കാനായി മൂന്നു ഔദ്യോഗികാംഗങ്ങൾ മാത്രമേയുള്ളൂ . നരേന്ദ്ര മോദിയുടെ അമ്മ താമസിക്കുന്നത് ഔദ്യോഗിക വസതിയിലല്ല. 2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയും 2014 മുതൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായ മോദി ആർ.എസ്.എസ്സിൽ ഇപ്പോഴും പ്രചാരക് ആയി തുടരുന്നു. ഗുജറാത്തിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുവാനായി , മോദി ജപ്പാൻ, സിംഗപ്പൂർ, ചൈന എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. ഗുജറാത്തിൽ പ്രത്യേക സാമ്പത്തിക മേഖലകൾ ആരംഭിക്കുന്നതിനെക്കുറിച്ചു പഠിക്കുവാനായി മോദി 2006 ൽ വീണ്ടും ചൈന സന്ദർശിച്ചു. 2007 സെപ്തംബറിലും, 2011 നവംബറിലും, മോദി ചൈന സന്ദർശിച്ചിരുന്നു. 2011 ലെ മോദിയുടെ ചൈനാ സന്ദർശനത്തിനുശേഷം, വജ്രകള്ളക്കടത്തിനു ജയിലിലായിരുന്ന 13 ഇന്ത്യൻ വജ്രവ്യാപാരികളെ മോചിപ്പിച്ചിരുന്നു. മോദിയുടെ നയന്ത്ര ബന്ധങ്ങളുടെ കരുത്തായി ഈ സംഭവത്തെ മാധ്യമങ്ങൾ വിലയിരുത്തുന്നു. പാകിസ്താനിലെ പ്രത്യേകിച്ച് സിന്ധ് മേഖലയിലെ വൈദ്യുത പ്രതിസന്ധി കുറക്കാനായി അവരെ സഹായിക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നു, ഗുജറാത്തിൽ നടപ്പിലാക്കിയ സൗരോർജ്ജ പദ്ധതി പോലൊന്ന് പിന്തുടരാൻ മോദി അവരോട് ശുപാർശ ചെയ്തിരുന്നു. അജ്മീർ ഷെറീഫിന്റെ ശവകുടീരം സന്ദർശിക്കുവാനായി പാകിസ്താൻ വിനോദസഞ്ചാരികൾക്കു വഴിയൊരുക്കുവാനായി വിസാ നിയമങ്ങളിൽ ഇളവു ചെയ്യാൻ മോദി യു.പി.എ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മോദി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവാനാണ് തങ്ങളിഷ്ടപ്പെടുന്നതെന്ന് പാകിസ്താന്റെ ഉന്നത നയതന്ത്ര പ്രതിനിധികൾ ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാകിസ്താനുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ പറ്റിയ നേതൃത്വ ഗുണങ്ങളുള്ള വ്യക്തിയാണ് മോദിയെന്നും അവർ കൂട്ടിച്ചേർത്തു. ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദിയുമായി എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചിരുന്ന ബ്രിട്ടൺ, ഒക്ടോബർ 2012 മുതൽ വിലക്കു നീക്കി മോദിയുമായി ബന്ധം പുലർത്തിത്തുടങ്ങി. ബ്രിട്ടീഷ് ഹൈകമ്മീഷണർ മോദിയെ ഗാന്ധിനഗറിൽ ചെന്നു കണ്ടു ചർച്ച നടത്തിയിരുന്നു.

hindi diwas

1949 സെപ്റ്റംബര്‍ 14 നാണ് ഇന്ത്യന്‍ ഭരണഘടന ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നത്. ഈ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ഹിന്ദി ദിവസായി ആചരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 പ്രകാരമാണ് ദേവനാഗിരി ലിപിയിലെഴുതപ്പെട്ട ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി രെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സ്വതന്ത്രമായതോടെ ഭാഷയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് ഔദ്യോഗിക ഭാഷയ്ക്ക് ഒരു രൂപമാകുന്നത്. ഹിന്ദിയും ഉറുദുവും കൂടിച്ചേര്‍ന്ന ഹിന്ദുസ്ഥാനി ഭാഷയില്‍ നിന്നും ഹിന്ദിയെ സ്വതന്ത്രമാക്കി ദേശീയ ഭാഷയാക്കുന്നതിന് പിന്നില്‍ നിരവധി പ്രമുഖരുടെ അക്ഷീണ പരിശ്രമമുണ്ട്. രാജ്യത്ത് ഏകദേശം 250 ദശലക്ഷത്തിലധികം ആളുകളാണ് ഹിന്ദി സംസാരിക്കുന്നത്.2011 ലെ കണക്കനുസരിച്ച ഇന്ത്യയിലെ ജനസംഖയുടെ 43.6 ശതമാനം ആളുകളും ഹിന്ദി സംസാരിക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം സംസാരിക്കുന്ന നാലാമത്തെ ഭാഷയും ഹിന്ദി തന്നെയാണ്. ഭാരതത്തിൽ ഏറ്റവും അധികം ജനങ്ങൾ സംസാരിക്കുന്ന ഭാഷ എന്ന നിലയിലും വിദേശഭാഷകളുടെ വാക്കുകൾ വളരെയധികം പ്രയോഗത്തിലുള്ളതുകൊണ്ടും ഹിന്ദി എളുപ്പത്തിൽ സംസാരിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു. ഹിന്ദിഭാഷയുടെ പ്രചാരണത്തിനായി രാജ്യത്ത് അനേകം ഹിന്ദി പ്രചാരസഭകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ പ്രധാനമായും രണ്ട് പ്രചാരസഭകളാണുള്ളത് കേരള ഹിന്ദി പ്രചാരസഭയും ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയും. കൂടാതെ അർപ്പണ മനോഭാവത്തോടെ ഹിന്ദിയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന ഒരുപാട് ഹിന്ദി പ്രചാരകരും. ഇന്ത്യൻ സാഹിത്യവും ചരിത്രവും മനസ്സിലാക്കാൻ ഹിന്ദി നമ്മൾ പഠിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിർത്തുന്നതിനും ഇന്ത്യയിലെ മുഴുവൻ ജനങ്ങളുമായി ആശയവിനിമയ പൂർണതയ്ക്കും ഹിന്ദി അനിവാര്യമാണ്. ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ വരവോടെ കേരളത്തിൽ ഇന്ന് മാതൃഭാഷ കഴിഞ്ഞാൽ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയായി ഹിന്ദി മാറിക്കൊണ്ടിരിക്കുകയാണ്. ലോകജനതയെ ഹിന്ദിയിലേക്ക് ആകർഷിക്കാനായി എല്ലാ വർഷവും ജനുവരി പത്തിന് വിശ്വഹിന്ദിദിനമായും ആചരിക്കുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് നമ്മുടെ രാജ്യത്തെ പ്രധാനനദികളിലൊന്നായ സിന്ധുനദിയുടെ തീരത്ത് ജനവാസമുണ്ടായിരുന്നു. സിന്ധുനദിയുടെ തീരത്ത് സംസാരിച്ചിരുന്ന ഭാഷയെ ഹിന്ദി എന്ന് വിളിച്ചിരുന്നു. ഹിന്ദ് എന്ന പേർഷ്യൻ വാക്കിൽനിന്നാണ് ഹിന്ദി എന്ന പേര് ഉണ്ടായത്. സിന്ധുനദിയുടെ പ്രദേശം എന്നാണ് ഈ വാക്കിനർഥം ഹിന്ദിഭാഷ ദേവനാഗരി ലിപിയിലാണ് എഴുതപ്പെടുന്നത്. ഹിന്ദിഭാഷ കൂടാതെ മറാഠി, നേപ്പാളി, സംസ്കൃതം, സിന്ധി, ബിഹാറി, കൊങ്കിണി, കശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു. ദേവനാഗരി ലിപി ഇന്ത്യയിലെ ഏറ്റവും പ്രാചീനലിപിയായ ബ്രാഹ്മിയിൽനിന്ന് വികസിച്ചതാണ്. ദേവഭാഷയായ സംസ്കൃതം എഴുതാൻ ഉപയോഗിച്ചതിനാൽ ഇതിനെ ദേവനാഗരി എന്ന് വിളിച്ചതായും പറയപ്പെടുന്നു. ഉത്തർപ്രദേശ്, ഉത്തരാഞ്ചൽ, ഛത്തീസ്ഗഢ്, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ബിഹാർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഹിന്ദി ഭരണഭാഷയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദി രണ്ടാംഭാഷയും.

srikrishna jayanthy

ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ്‌ അഷ്ടമി രോഹിണി അഥവാ ശ്രീകൃഷ്ണജയന്തി. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. വിശ്വാസികൾ ഈ ദിവസത്തിൽ വ്രതമെടുത്ത് ഭഗവൽ മന്ത്രങ്ങൾ ജപിക്കും. ഇഷ്ടകാര്യ സിദ്ധിക്ക് കൃഷ്ണനാമം ജപിക്കുന്നത് അത്യുത്തമമാണ്. അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്. (‘ഓം നമോ നാരായണായ’ എന്ന അഷ്‌ടാക്ഷരമന്ത്രവും ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷര മന്ത്രവുമാണ് മൂലമന്ത്രങ്ങള്‍). ഈ ദിവസം വിഷ്ണു സഹസ്രനാമം , ഹരിനാമകീർത്തനം , ഭഗവദ്ഗീത, നാരായണീയം എന്നിവ പാരായണം ചെയ്യുന്നതും നല്ലതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വർണശഭളമായ ഘോഷയാത്രകൾ​​ ഒന്നുമില്ലാതെയാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ.