ഇന്ന് ശ്രീകൃഷ്ണ ജയന്തി

srikrishna jayanthy

ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ്‌ അഷ്ടമി രോഹിണി അഥവാ ശ്രീകൃഷ്ണജയന്തി. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. വിശ്വാസികൾ ഈ ദിവസത്തിൽ വ്രതമെടുത്ത് ഭഗവൽ മന്ത്രങ്ങൾ ജപിക്കും. ഇഷ്ടകാര്യ സിദ്ധിക്ക് കൃഷ്ണനാമം ജപിക്കുന്നത് അത്യുത്തമമാണ്. അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്. (‘ഓം നമോ നാരായണായ’ എന്ന അഷ്‌ടാക്ഷരമന്ത്രവും ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷര മന്ത്രവുമാണ് മൂലമന്ത്രങ്ങള്‍). ഈ ദിവസം വിഷ്ണു സഹസ്രനാമം , ഹരിനാമകീർത്തനം , ഭഗവദ്ഗീത, നാരായണീയം എന്നിവ പാരായണം ചെയ്യുന്നതും നല്ലതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വർണശഭളമായ ഘോഷയാത്രകൾ​​ ഒന്നുമില്ലാതെയാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ.