ദേശീയ ഹിന്ദി ദിനം (National Hindi Day)

hindi diwas

1949 സെപ്റ്റംബര്‍ 14 നാണ് ഇന്ത്യന്‍ ഭരണഘടന ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നത്. ഈ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ഹിന്ദി ദിവസായി ആചരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 പ്രകാരമാണ് ദേവനാഗിരി ലിപിയിലെഴുതപ്പെട്ട ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി രെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സ്വതന്ത്രമായതോടെ ഭാഷയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് ഔദ്യോഗിക ഭാഷയ്ക്ക് ഒരു രൂപമാകുന്നത്. ഹിന്ദിയും ഉറുദുവും കൂടിച്ചേര്‍ന്ന ഹിന്ദുസ്ഥാനി ഭാഷയില്‍ നിന്നും ഹിന്ദിയെ സ്വതന്ത്രമാക്കി ദേശീയ ഭാഷയാക്കുന്നതിന് പിന്നില്‍ നിരവധി പ്രമുഖരുടെ അക്ഷീണ പരിശ്രമമുണ്ട്. രാജ്യത്ത് ഏകദേശം 250 ദശലക്ഷത്തിലധികം ആളുകളാണ് ഹിന്ദി സംസാരിക്കുന്നത്.2011 ലെ കണക്കനുസരിച്ച ഇന്ത്യയിലെ ജനസംഖയുടെ 43.6 ശതമാനം ആളുകളും ഹിന്ദി സംസാരിക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം സംസാരിക്കുന്ന നാലാമത്തെ ഭാഷയും ഹിന്ദി തന്നെയാണ്. ഭാരതത്തിൽ ഏറ്റവും അധികം ജനങ്ങൾ സംസാരിക്കുന്ന ഭാഷ എന്ന നിലയിലും വിദേശഭാഷകളുടെ വാക്കുകൾ വളരെയധികം പ്രയോഗത്തിലുള്ളതുകൊണ്ടും ഹിന്ദി എളുപ്പത്തിൽ സംസാരിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു. ഹിന്ദിഭാഷയുടെ പ്രചാരണത്തിനായി രാജ്യത്ത് അനേകം ഹിന്ദി പ്രചാരസഭകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ പ്രധാനമായും രണ്ട് പ്രചാരസഭകളാണുള്ളത് കേരള ഹിന്ദി പ്രചാരസഭയും ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയും. കൂടാതെ അർപ്പണ മനോഭാവത്തോടെ ഹിന്ദിയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന ഒരുപാട് ഹിന്ദി പ്രചാരകരും. ഇന്ത്യൻ സാഹിത്യവും ചരിത്രവും മനസ്സിലാക്കാൻ ഹിന്ദി നമ്മൾ പഠിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിർത്തുന്നതിനും ഇന്ത്യയിലെ മുഴുവൻ ജനങ്ങളുമായി ആശയവിനിമയ പൂർണതയ്ക്കും ഹിന്ദി അനിവാര്യമാണ്. ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ വരവോടെ കേരളത്തിൽ ഇന്ന് മാതൃഭാഷ കഴിഞ്ഞാൽ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയായി ഹിന്ദി മാറിക്കൊണ്ടിരിക്കുകയാണ്. ലോകജനതയെ ഹിന്ദിയിലേക്ക് ആകർഷിക്കാനായി എല്ലാ വർഷവും ജനുവരി പത്തിന് വിശ്വഹിന്ദിദിനമായും ആചരിക്കുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് നമ്മുടെ രാജ്യത്തെ പ്രധാനനദികളിലൊന്നായ സിന്ധുനദിയുടെ തീരത്ത് ജനവാസമുണ്ടായിരുന്നു. സിന്ധുനദിയുടെ തീരത്ത് സംസാരിച്ചിരുന്ന ഭാഷയെ ഹിന്ദി എന്ന് വിളിച്ചിരുന്നു. ഹിന്ദ് എന്ന പേർഷ്യൻ വാക്കിൽനിന്നാണ് ഹിന്ദി എന്ന പേര് ഉണ്ടായത്. സിന്ധുനദിയുടെ പ്രദേശം എന്നാണ് ഈ വാക്കിനർഥം ഹിന്ദിഭാഷ ദേവനാഗരി ലിപിയിലാണ് എഴുതപ്പെടുന്നത്. ഹിന്ദിഭാഷ കൂടാതെ മറാഠി, നേപ്പാളി, സംസ്കൃതം, സിന്ധി, ബിഹാറി, കൊങ്കിണി, കശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു. ദേവനാഗരി ലിപി ഇന്ത്യയിലെ ഏറ്റവും പ്രാചീനലിപിയായ ബ്രാഹ്മിയിൽനിന്ന് വികസിച്ചതാണ്. ദേവഭാഷയായ സംസ്കൃതം എഴുതാൻ ഉപയോഗിച്ചതിനാൽ ഇതിനെ ദേവനാഗരി എന്ന് വിളിച്ചതായും പറയപ്പെടുന്നു. ഉത്തർപ്രദേശ്, ഉത്തരാഞ്ചൽ, ഛത്തീസ്ഗഢ്, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ബിഹാർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഹിന്ദി ഭരണഭാഷയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദി രണ്ടാംഭാഷയും.