നവംബർ 23 : സത്യ സായി ബാബ ജന്മദിനം

sai baba

ഒരു ഇന്ത്യൻ ആദ്ധ്യാത്മിക ഗുരുവും കാരുണ്യ പ്രവർത്തകനുമായിരുന്നു സത്യസായിബാബ (ജനനം സത്യനാരായണ രാജു നവംബർ 23, 1926: മരണം ഏപ്രിൽ 24, 2011)

സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് 126 രാജ്യങ്ങളിലായി ഏതാണ്ട് 1200-ഓളം സായി സംഘടനകൾ ലോകമെമ്പാടുമുണ്ട്. ശ്രീ സത്യ സായി ബാബ താൻ ഷിർദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്നാണ് അവകാശപ്പെട്ടിരുന്നത്. 1926 നവംബർ 23-ന് ഇന്നത്തെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ (അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന) അനന്തപൂർ ജില്ലയിലെ പുട്ടപർത്തി എന്ന ഗ്രാമത്തിൽ പെദ്ദവേങ്കമ്മ രാജുവിന്റെയും ഈശ്വരമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായാണ് സത്യസായിബാബ എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായ സത്യനാരായണരാജു ജനിച്ചത്. ശേഷം രാജു, വെങ്കമ്മ, പർവ്വതമ്മ, ജാനകീരാമയ്യ എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. സായിഭക്തർ അദ്ദേഹത്തിന്റെ ജനനത്തിന് ദിവ്യത്വം കല്പിച്ചുകൊടുക്കുന്നു. പുട്ടപർത്തിക്കടുത്തുള്ള ബുക്കപട്ടണത്തെ ഗവ. ഹൈസ്കൂളിലാണ് സത്യൻ പഠിച്ചത്. ജ്യേഷ്ഠനായ ശേഷം രാജുവിനോടൊപ്പം കിലോമീറ്ററുകൾ നടന്നാണ് അദ്ദേഹം പോയിരുന്നത്. ദരിദ്രകുടുംബാംഗമായിരുന്ന സത്യന് വൻ അളവിൽ ഫീസടയ്ക്കേണ്ടിവന്നിരുന്നു. വിദ്യാഭ്യാസകാര്യങ്ങളിൽ ശ്രദ്ധ കുറവായിരുന്നെങ്കിലും അസാമാന്യ ബുദ്ധിശക്തിയുടെ ഉടമയായിരുന്നു സത്യനെന്ന് പറയപ്പെടുന്നു. സത്യൻ ചെറുപ്പത്തിൽതന്നെ സസ്യാഹാരി ആയിരുന്നു. അശരണരോടും പാവപ്പെട്ടവരോടും സത്യന് എന്നും സഹതാപമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സത്യൻ സ്വന്തമായി ഭജന രചിച്ചു പാടിയിരുന്നു. ‘മനസ ഭജരേ ഗുരു ചരണം’ എന്ന് തുടങ്ങുന്ന ഭജന ഗ്രാമീണരെ ആനന്ദിപ്പിച്ചു. സത്യന് 14 വയസ്സുള്ളപ്പോഴായിരുന്നു കരിന്തേൾ ദംശനം. കരിന്തേളിന്റെ കടിയേറ്റ് മണിക്കൂറുകളോളം അബോധാവസ്ഥയിലെക്കു പോയ സത്യൻ പിന്നെ വളരെ അസ്വാഭാവികമായിട്ടാണ് വീട്ടുകാരോട് പ്രതികരിച്ചത്. ഭ്രാന്താണെന്ന് സംശയിച്ച് പല രീതിയിലുള്ള ചികിത്സകളും സത്യന്റെ മാതാപിതാക്കൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, 1940 ഒക്ടോബർ 20-ന് താൻ ഷിർദ്ദി സായിബാബയുടെ പുനർജന്മമാണെന്ന് സത്യൻ പ്രഖ്യാപിച്ചു. തുടർന്നാണ് അദ്ദേഹം ‘സത്യസായിബാബ’ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്. 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവുമായി ഇന്നത്തെ മഹാരാഷ്ട്രയിലെ അഹമദ്നഗർ ജില്ലയിലെ ഷിർദ്ദിയിൽ ജീവിച്ചിരുന്ന ഷിർദ്ദി സായിബാബ സമാധിയായി എട്ടുവർഷം കഴിഞ്ഞായിരുന്നു സത്യസായിബാബയുടെ ജനനം. ഷിർദ്ദി സായിബാബയുടെ പുനർജന്മമായി സ്വയം പ്രഖ്യാപിച്ച സത്യസായിബാബയെ കാണാൻ തുടർന്ന് ഭക്തജനങ്ങളുടെ ഒരു പ്രവാഹമായി. അവർക്കായി 1944-ൽ അദ്ദേഹം ഒരു ക്ഷേത്രം പണിതുകൊടുത്തു. ഇന്നിത്, ‘പഴയ ക്ഷേത്രം’ എന്നറിയപ്പെടുന്നു. 1948-ലാണ് അദ്ദേഹത്തിന്റെ പ്രധാന ആശ്രമമായ ‘പ്രശാന്തി നിലയ’ത്തിന്റെ പണി തുടങ്ങിയത്. തന്റെ 25-ആം ജന്മദിനമായിരുന്ന 1950 നവംബർ 23-ന് അദ്ദേഹം ഇത് ഭക്തർക്കായി തുറന്നുകൊടുത്തു. 1954-ൽ പുട്ടപർത്തിയിൽ ദരിദ്രർക്കായി ഒരു സൗജന്യ ജനറൽ ആശുപത്രി അദ്ദേഹം നിർമ്മിച്ചു. അത്ഭുതരോഗശാന്തിയിലൂടെയും മറ്റും അദ്ദേഹം പെട്ടെന്നുതന്നെ ലോകപ്രസിദ്ധനായി. 1957-ൽ ഉത്തരേന്ത്യൻ സന്ദർശനം നടത്തിയ ബാബ ഉത്തരേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തി.

2011 ഏപ്രിൽ 24 ഞായറാഴ്ച രാവിലെ 7.30-ന് താൻ നിർമ്മിച്ചതും തന്റെ പേരിലുള്ളതുമായ പുട്ടപ്പർത്തി സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസിൽ വെച്ച് 85-ആം വയസ്സിൽ സായിബാബ സമാധിയായി.രാവിലെ 10.30-നാണ് ആശുപത്രി അധികൃതർ മരണസ്ഥിരീകരണം പുറത്തറിയിച്ചത്. ബാബയെ ശ്വാസകോശസംബന്ധമായ അസുഖം മൂലം മാർച്ച് 28-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ നേരിയ തോതിൽ പുരോഗതിയുണ്ടായെങ്കിലും പിന്നീട് രോഗം വീണ്ടും വഷളായി. തുടർന്ന് വൃക്കകളുടെ പ്രവർത്തനത്തെയും അസുഖം ബാധിച്ചു. ബാബയുടെ ഭൗതികശരീരം അദ്ദേഹം ഭക്തർക്ക് ദർശനം നൽകിയിരുന്ന പ്രശാന്തിനിലയത്തിലെ സായ് കുൽവന്ത് ഹാളിൽ മൂന്നുദിവസം പൊതുദർശനത്തിന് വച്ചശേഷം ഏപ്രിൽ 27-ന് ഹാളിന്റെ ഒരു വശത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സമാധിയിരുത്തി. ഭക്തരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികരംഗങ്ങളിലെ പ്രമുഖരും അദ്ദേഹത്തിന് അന്ത്യാഞ്ജലികളർപ്പിച്ചു. സമാധിയിരുത്തൽ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കാൻ എല്ലാ മതങ്ങളിൽ നിന്നും പുരോഹിതന്മാരുണ്ടായിരുന്നു