ഇന്ന് ഒക്ടോബർ 2 : മഹാത്മാ ഗാന്ധി ജന്മദിനം

മഹാത്മാ ഗാന്ധി ജന്മദിനം

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 – 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വഴികാട്ടിയുമായിരുന്നു.
ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി. ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂ ചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും(2007 മുതൽ) പ്രഖ്യാപിച്ചിട്ടുണ്ട്

കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന്‌ ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ചു. ഒരു സഹോദരിയും
(റലിയത്ത് ബഹൻ‍) അദ്ദേഹത്തിനുണ്ടായിരുന്നു. വൈശ്യകുലത്തിലെ ബനിയ ജാതിക്കാരായ ആ കുടുംബം വൈഷ്ണവവിശ്വാസികളായിരുന്നു. കരംചന്ദ് നാലു വിവാഹങ്ങൾ ചെയ്തിരുന്നു അവസാനത്തെ ഭാര്യയായിരുന്നു പുത്‍ലിബായി. മുത്തച്ഛൻ പോർബന്ദറിൽ ദിവാൻ ആയിരുന്നു. അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു. അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല. അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. അമ്മ അന്നത്തെ രാജാവായിരുന്ന ഠാക്കൂറിന്റെ വിധവയായ അമ്മയുമായി നല്ല ബന്ധത്തിലായിരുന്നു. മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്‌കോട്ടിൽ ജോലി സ്വീകരിച്ചു. അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ (1881) പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻ‍ജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു. നിര‍ക്ഷരയായ കസ്തൂർ‍ബായെ മോഹൻ‍ദാസ് പഠിപ്പിച്ചു. വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടർന്നു. ചെറുപ്പകാലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാർത്ഥിയായിരുന്നില്ല മോഹൻ‍ദാസ്. മെട്രിക്കുലേഷൻ വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. ബാരിസ്റ്റർ ആവാനായി കുടുംബാംഗങ്ങൾ നിർബന്ധിച്ചതിനാലാണ് വിദ്യാഭ്യാസം തുടർന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ 1885-ൽ അന്തരിച്ചു. 1887-ലായിരുന്നു‍ മോഹൻ‍ദാസ് മെട്രിക്കുലേഷൻ പൂർത്തിയാക്കിയത്. പിന്നീട് ഭവനഗറിലെ സമൽദാസ് കോളേജിൽ പഠനം തുടർന്നു. ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബർ മാസത്തിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു, ഹരിലാൽ ഗാന്ധി. ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത്. ഇംഗ്ലണ്ടിൽ വച്ചാണ് അദ്ദേഹം ആദ്യമായി ഭഗവദ് ഗീത വായിക്കുന്നത്. ഗാന്ധിയുടെ ആത്മീയ ജിവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു ഗ്രന്ഥമായിരുന്നു അത്.

ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധി 1915 ജനുവരി 9 ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി. കാര്യങ്ങൾ നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിൽ നിന്നും വന്ന വിദ്യാർത്ഥികളെ അക്കാലത്ത് രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത്. മരിക്കുവോളം നീണ്ട ഒരു സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അഹമ്മദാബാദിലെ കൊച്ച്റാബിൽ 1915 മേയ് 25-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു. സ്വയം നൂൽ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. 1917 ഏപ്രിൽ 16-ന് ചമ്പാരൻ ജില്ലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി നടത്തിയ സമരത്തിൽ ഗാന്ധി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. പിന്നീട് 1917-1918 കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ ഘേഡ കർഷക സമരം, അഹമ്മദാബാദിലെ തൊഴിൽ പ്രശ്നം തുടങ്ങിയവ ഒത്തു തീർപ്പാക്കി.
1917 ജൂണിൽ സത്യാഗ്രഹാശ്രമം സബർമതി യിലേക്ക് മാറ്റി. പിന്നീട് ഇത് സബർമതി ആശ്രമം എന്ന് അറിയപ്പെടാൻ തുടങ്ങി. അക്കാലത്ത് ടാഗോർ ആയിരുന്നു ഗാന്ധിജിയെ ​​​ആദ്യമായി മഹാത്മാ എന്ന് വിശേഷിപ്പിച്ചത്. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തിനു ശേഷമെങ്കിലും ബ്രിട്ടിഷുകാരുടെ നയത്തിന് മാറ്റമുണ്ടാവുമെന്ന് എല്ലാവരും കരുതിയെങ്കിലും ആ പ്രതീക്ഷ സഫലമായില്ല. ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധസമരങ്ങൾ ശക്തമായിത്തീർന്നു. ഇതിനകം ഗാന്ധിജിയെ നേതാവായി മറ്റു നേതാക്കൾ അംഗീകരിച്ചു തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം നടത്തിയ സമരങ്ങളും അതിന് കാരണമായിരുന്നു.ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി അഭിഭാഷകനായി സേവനം അനുഷ്ഠിക്കുന്ന കാലത്താണ് സത്യാഗ്രഹം എന്ന സമരമാർഗ്ഗം വികസിപ്പിച്ചെടുക്കുന്നത്. അതിനാലാണ് ദക്ഷിണാഫ്രിക്കയെ ‘ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല’ എന്നു വിശേഷിപ്പിക്കുന്നത്. ഗാന്ധി പറയുന്നു. “ഏതു തരത്തിലുള്ള പീഡനത്തേയും അടിച്ചമർത്തലിനേയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കേണ്ടിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്”. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിത്തീർന്ന ഗാന്ധിജി 30 കൊല്ലക്കാലം ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സമര യത്നങ്ങൾക്ക് ചുക്കാൻ പിടിച്ചു. അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്.

ഗാന്ധിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ ദുഃഖഭരിതമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന ഇന്ത്യാവിഭജനം അതിന്റെ പ്രധാന കാരണവുമായിരുന്നു. കസ്തൂർബായുടെ വിയോഗവും അദ്ദേഹത്തെ ദുഃഖിതനാക്കി. വിഷ്ണുഭജനമായിരുന്നു ആശ്വാസം. അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു. 1947 ഓഗസ്റ്റ്‌ 15-ന്‌ ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ ഗാന്ധിജി കൽക്കത്തയിൽ ഭാരതവിഭജനത്തിൽ ദുഃഖിതനായി കഴിഞ്ഞു. പശ്ചിമപാകിസ്താനിൽ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാർത്ഥികളായെത്തി. സെപ്റ്റംബർ 4 ന് ഡൽഹിയിലും വർഗീയലഹള ആരംഭിച്ചു.
1948 ജനുവരിയിലും ഇതേ പോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡൽഹിയിൽ ജനുവരി 13 ന് നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീർപ്പിന് തയ്യാറായപ്പോൾ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു.

1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു. 1949 നവംബർ 15-ന് നാഥുറാം ഗോഡ്സേയും കുറ്റവാളികളെയും തൂക്കിലേറ്റി.

രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് നേതാജി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. ഇന്ത്യക്ക് യഥാർത്ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കിൽ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് എന്നു ഗാന്ധി വിശ്വസിച്ചിരുന്നു.