ഇന്ന് ഗൂഗിളിന്റെ 22-ാം പിറന്നാള്‍

google

വിവര സാങ്കേതിക വിദ്യാ രംഗത്തിന്റെ ചരിത്രത്തിൽ ഒരു സുപ്രധാന സ്ഥാനം വഹിക്കുന്ന ഗൂഗിളിന് ഇന്ന് 22-ാം പിറന്നാൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻ‌ജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. പിറന്നാളിന്റെ ഭാഗമായി പ്രത്യേക ഡൂഡിളും ഗൂഗിൾ തയ്യാറാക്കിയിട്ടുണ്ട്. 21 വർഷങ്ങൾക്ക് മുമ്പാണ് ഗൂഗിൾ സ്ഥാപകരായ സെർഗേ ബ്രിനും ലാരി പേജും ചേർന്ന് ദി അനാട്ടമി ഓഫ് എ ലാർജ് സ്കേൽ ഹൈപ്പർ ടെക്സ്റ്റ്വൽ വെബ് സെർച്ച് എഞ്ചിൻ എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇതിലാണ് ഗൂഗിളിന്റെ ആദ്യ രൂപമായ ലാർജ് സ്കേൽ സെർച്ച് എഞ്ചിൻ എന്ന ആശയം വിശദമാക്കുന്നത്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ (googol) എന്ന പദം സെർച്ച് എൻജിന്റെ പേരാക്കാനായിരുന്നു സ്ഥാപകർ ലക്ഷ്യമിട്ടിരുന്നത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻജിനു പേരായി നൽകാം എന്നായിരുന്നു സ്ഥാപകരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ ഗൂഗൾ (googol) എന്ന് എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ (google) എന്ന പേരുവന്നു. പിന്നീട് അത് തിരുത്തിയതുമില്ല. സ്ഥാപകർക്ക് തെറ്റു പറ്റിയെങ്കിൽ ഗൂഗിളിനായി ഇന്റർനെറ്റിൽ തിരയുന്നവർക്കും തെറ്റു പറ്റാം എന്ന ചിന്തയിൽ ഗൂഗിൾ എന്ന വാക്കിനോട് സമാനമായ സകല പദങ്ങളുടേയും ഡൊമൈൻ ഗൂഗിൾ സ്വന്തമാക്കിയിട്ടുണ്ട്. 22 വർഷം കൊണ്ട് നാടകീയമായ വളർച്ചയാണ് ഗൂഗിളിനുണ്ടായിട്ടുള്ളത്. ശതകോടിക്കണക്കിന് വെബ് പേജുകൾ ഇന്ന് ഗൂഗിളിലുണ്ട്. സെർച്ച് എഞ്ചിൻ എന്നതിലുപരി പരസ്യവിതരണ രംഗത്തും ശക്തമാണ് ഗൂഗിൾ. ആൽഫബെറ്റ് എന്ന മാതൃസ്ഥാപനത്തിന് കീഴിലാണ് ഇപ്പോൾ ഗൂഗിളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും. സെൽഫ് ഡ്രൈവിങ് കാറുകൾ മുതൽ ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ വരെ ഇന്ന് ഗൂഗിൾ വ്യാപിച്ചുകിടക്കുന്നു. ഗൂഗിളിന് 22 വയസ് പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ വര്‍ഷങ്ങളോളം ടെക് ലോകത്തെ ഈ ഭീമന്‍ കമ്പനിയുടെ ജന്മദിനത്തെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായിരുന്നു എന്നതാണ് സത്യം. 2006 മുതലാണ് സെപ്റ്റംബര്‍ 27 ഗൂഗിള്‍ ജന്മദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2006ന് മുന്‍പ് മറ്റ് പല തീയതികളിലുമാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചത്. വ്യത്യസ്ത തീയതികളിലെ ജന്മദിനാഘോഷമാണ് സോഷ്യല്‍ മീഡിയയെ ആശയക്കുഴപ്പത്തിലാക്കിയത്. 1998 സെപ്റ്റംബറിലാണ് ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് ഗൂഗിള്‍ ആരംഭിച്ചത്. 2004ല്‍ ഗൂഗിള്‍ ആറാം പിറന്നാള്‍ ആഘോഷിച്ചത് സെപ്റ്റംബര്‍ 7ന് ആയിരുന്നു. 2003ല്‍ സെപ്റ്റംബര്‍ എട്ടിനാണ് പിറന്നാള്‍ ആഘോഷിച്ചത്. ഗൂഗിളിന്റെ തന്നെ ഹിസ്റ്ററി പേജില്‍ കമ്പനി ഇന്‍കോര്‍പ്പറേറ്റ് ചെയ്തത് 1998 സെപ്റ്റംബര്‍ നാലിനാണെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ വ്യത്യസ്തമായ തീയതികളിലെ ജന്മദിനാഘോഷത്തിന് ഗൂഗിള്‍ പ്രത്യേക കാരണമെന്നും വ്യക്തമാക്കുന്നില്ല. ജന്മദിന തീയതിയുടെ പേരില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് ഗൂഗിള്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ജന്മദിന ഡൂഡില്‍ നിലവില്‍ വന്നത് മുതലാണ് സെപ്റ്റംബര്‍ 27 ഗൂഗിള്‍ സ്ഥിര തീയതിയായി ഗൂഗിള്‍ തെരഞ്ഞെടുത്തത്.