Entertainment (Page 34)

ജയിലർ സിനിമ കോടികൾ കൊയ്യുമ്പോൾ രജനീകാന്ത് ബാബാജിയുടെ ഗുഹയിൽ ധ്യാനത്തിലാണ്. കഴിഞ്ഞദിവസം സ്വാതന്ത്ര്യ ദിനത്തിൽ ഉത്തരാഖണ്ഡിൽ വച്ചാണ് താരം പതാക ഉയർത്തിയത്. അതിനുശേഷം അദ്ദേഹം മഹാ അവതാർ ബാബാജിയുടെ ഗുഹയിൽ ധ്യാനത്തിന് പോകുന്നതിന്റെയും ട്രക്കിംഗ് നടത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

കേദാർനാഥ്, ബദരി നാഥ്‌ എന്നീ ക്ഷേത്രങ്ങളും താരം സന്ദർശിച്ചിരുന്നു. രണ്ടിടത്തും രജനീകാന്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. ജയിലർ സിനിമ എല്ലാ ഭാഷയിലും വൻ ഹിറ്റായിരിക്കുകയാണ്. രജനികാന്തിന്റെ കരിയറിലെ തന്നെ ചരിത്രമാകാൻ പോകുന്ന സിനിമ തന്നെയാകും ഇതെന്നാണ് ആരാധകർ പറയുന്നത്.

നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ ബോസ് ആൻഡ് കോയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സിനിമയിലെ യല്ല ഹബീബി എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മിഥുൻ മുകുന്ദൻ, വിദ്യ പ്രകാശ്, സിയ ഉൾ ഹഖ് എന്നിവരാണ്. ബോസ് ആൻഡ് കോ നിർമിക്കുന്നത് നിവിൻപോളിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്.

ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് റിലീസാകും. നല്ലവനായ ഒരു കൊള്ളക്കാരന്റെയും കൊള്ളയുടെയും തമാശ നിറഞ്ഞ കഥയാണ് ചിത്രത്തിൽ പറയുന്നത്. യു എ ഇ യിലും കേരളത്തിലുമായായിരുന്നു ചിത്രത്തിൻറെ ഷൂട്ടിംഗ് നടന്നത്. നിവിൻ പോളിക്കൊപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട് , മമിത ബൈജു ,ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തമിഴ് സിനിമ ജയിലറുമായി ബന്ധപ്പെട്ട വിവാദം കാരണം തങ്ങളുടെ സിനിമയ്ക്ക് ഗുണം മാത്രമാണ് ഉണ്ടായതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. വിവാദം കത്തിയപ്പോൾ തങ്ങളുടെ സിനിമ ജയിലർ കൂടുതൽ ആളുകൾ അറിഞ്ഞെന്നും അതിനാൽ വിവാദത്തെ പോസിറ്റീവ് സെൻസിലാണ് നോക്കികാണുന്നതെന്നും നടൻ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

പേരിനെ സംബന്ധിച്ച് വിവാദമുണ്ടായപ്പോൾ അവർ പേര് മാറ്റാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. അത് മീഡിയയിൽ അഡ്രസ് ചെയ്യേണ്ട വിഷയമായി തോന്നിയതിനാൽ വെളിപ്പെടുത്തി. ജയിലർ എന്ന പേര് ആദ്യം രജിസ്റ്റർ ചെയ്തതിനാൽ കൂടുതൽ പരിഗണന ഞങ്ങൾക്കാണ് എന്നായിരുന്നു നടൻ പ്രതികരിച്ചത്. വിവാദം മൂലം പ്രൊമോഷനില്ലാതെ ഞങ്ങളുടെ ചിത്രത്തിന് പബ്ലിസിറ്റി ലഭിച്ചെന്നും നടൻ പ്രതികരിച്ചു.

11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഋതു എന്ന സിനിമയിലെ നായികരായ ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു. കിഷ് കിന്താകാണ്ഡം എന്ന ചിത്രത്തിലാണ് ഇരു നടന്മാരും വീണ്ടും ഒന്നിക്കുന്നത്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് നിഷാന്റേത്. താരം വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഈ സിനിമ കാരണമാകുമെന്ന് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നു. ചെർപ്പുളശ്ശേരിയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണ മനയിൽ ആയിരുന്നു നിഷാനും ആസിഫലിയും ഒരുമിച്ചുള്ള രംഗങ്ങൾ ചിത്രീകരിച്ചത്.

ഇരുവരും പരസ്പരം ആലിംഗനം ചെയ്ത ശേഷമായിരുന്നു വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിന്റെ സന്തോഷം പങ്കുവെച്ചത്. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ ആസിഫ് അലി മലയാള സിനിമയിലേക്ക് നായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ സഹനടനായി ഒപ്പം നിഷാനുമുണ്ടായിരുന്നു. ആസിഫ് അലി മലയാള സിനിമയിൽ മുൻനിരയിൽ എത്തിയപ്പോൾ അന്യഭാഷക്കാരനായ നിഷാൻ മറ്റു ഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

അക്ഷയ് കുമാർ നായകനായ ഓ മൈ ഗോഡ് 2 റിലീസായതിന് പിന്നാലെ വിവാദങ്ങൾ കത്തി പടരുകയാണ്. ചിത്രം ഹിന്ദു ദൈവങ്ങൾക്കെതിരെയുള്ള അധിക്ഷേപമാണെന്ന് അഭിപ്രായപ്പെട്ട് നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നു. എന്നാൽ അക്ഷയ് കുമാറിനെ തല്ലുന്നവർക്ക് ഇനാമായി 10 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞിരിക്കുകയാണ് ഹിന്ദു സംഘടനയായ ബജ്‌രംഗ് ദൾ. നായകനെ തല്ലുകയോ മുഖത്ത് കരി ഓയിൽ ഒഴിക്കുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്നാണ് രാഷ്ട്രീയ ബജ് രംഗ് ദൾ നേതാവ് ഗോവിന്ദ് പരാസർ പറഞ്ഞിരിക്കുന്നത്.

സിനിമ റിലീസായ ദിവസം മുതൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നടൻ അക്ഷയ് കുമാറിന്റെ കോലം വരെ കത്തിച്ചിരുന്നു. ആത്മീയ നേതാവായ സാധ്വി ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണെന്നും ബോളിവുഡ് സിനിമ ഇങ്ങനെ തുടർന്നാൽ റോഡിൽ ഇറങ്ങി പ്രതിഷേധിക്കുമെന്നും വിമർശിച്ചു.

തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടേറെ മലയാളി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സജീവമായി അന്യ ഭാഷ ചിത്രങ്ങൾ അഭിനയിക്കുന്ന താരങ്ങൾ മോളിവുഡിലില്ല. മലയാളത്തിലിപ്പോൾ അങ്ങനെയൊരു താരം ഉണ്ടെങ്കിൽ അത് ദുൽഖർ മാത്രമായിരിക്കും . തന്റെ 11 വർഷത്തെ സിനിമ ജീവിതത്തിലെ കഠിനാധ്വാനമാണ് ദുൽഖറിനെ പാൻ ഇന്ത്യൻ താരമാക്കിയത്. അടുത്തിടെ തെലുങ്കു നടൻ നാനി ദുൽഖറിനെ പറ്റി പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തനിക്കറിയാവുന്ന ഏക പാൻ ഇന്ത്യൻ നടൻ ദുൽഖർ സൽമാനാണെന്ന് പറഞ്ഞിരിക്കുകയാണ് നാനി. ദുൽഖറിന്റെ ഓണചിത്രമായ കിംഗ് ഓഫ് കൊത്തയുടെ കഴിഞ്ഞ ദിവസം നടന്ന പ്രീ റീലീസ് ഇവന്റിലാണ് നാനി ഇക്കാര്യം പറഞ്ഞത്.

‘ഒരു ഹിന്ദി സംവിധായകൻ കഥ എഴുതുമ്പോൾ തമിഴ്, മലയാളം, തെലുങ്ക് സംവിധായകരും ദുൽഖറിന് വേണ്ടികഥ എഴുതുന്നു. പാൻ ഇന്ത്യൻ നടൻ എന്ന വാക്കിന്റെ അർഥം തന്നെ ഇതാണ്’ എന്നായിരുന്നു നാനിയുടെ വാക്കുകൾ. ഓഗസ്റ്റ് 24 നാണ് കിംഗ് ഓഫ് കൊത്ത റിലീസാവുന്നത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറയ്ക്കൽ, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , നൈല ഉഷ , പ്രസന്ന, ചെമ്പൻ വിനോദ് , ശാന്തി കൃഷ്ണ തുടങ്ങിയ താരങ്ങൾ അണി നിരക്കുന്നുണ്ട്.

ബെംഗളൂരു : നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായ കന്നഡ നടൻ അറസ്റ്റിലായി. യുവതി നൽകിയ പീഡന പരാതിയിലാണ് കഴിഞ്ഞ ദിവസം വീരേന്ദ്ര ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. . 2021 ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. സംവിധായകൻ വീട്ടിൽ വിളിച്ചു വരുത്തി ലഹരി മരുന്ന് നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ മൊഴി.

വീരേന്ദ്ര കുമാറിന്റെ സുഹൃത്തിനും കേസിൽ പങ്കുണ്ടെന്ന യുവതിയുടെ മൊഴിയെ തുടർന്ന് അയാൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മുപ്പത്തിയാറുകാരിയായ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും കേസിൽ പറയുന്നുണ്ട്.സംവിധായകന്റെ സുഹൃത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കന്നഡ സിനിമ രംഗത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഈ കേസ്. 2011 ൽ ആയിരുന്നു വീരേന്ദ്ര ബാബുവിന്റെ ഹിറ്റ് ചിത്രമായ സ്വയം ക്രഷിയിറങ്ങിയത്. ചിത്രത്തിലെ നായകനും തിരക്കഥാകൃത്തുമെല്ലാം ഇയാൾ തന്നെയായിരുന്നു.

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയതായി ഇറങ്ങാൻ പോകുന്ന സിനിമയാണ് ഖുശി. സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന റൊമാന്റിക് ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് സമയത്ത് മാധ്യമങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. ജീവിതത്തിലെ വിവാഹം എന്ന ആശയത്തോട് താനിപ്പോൾ യോജിക്കുന്നു എന്നാണ് വിജയ് പറഞ്ഞത്.

മുൻപ് താൻ വിവാഹം എന്ന വാക്ക് തന്നെ കേൾക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ആ വാക്കിന്റെ സാമീപ്യം ഇഷ്ടപ്പെടുന്നുണ്ടെന്നും സുഹൃത്തുക്കളുടെ വിവാഹം താൻ ആസ്വദിക്കുകയാണെന്നും നടൻ മാധ്യമങ്ങളോട് പറഞ്ഞു. പങ്കാളിയെ കണ്ടെത്തിയോ എന്നുള്ള ചോദ്യത്തിനും താരം മറുപടി നൽകി. താൻ പങ്കാളിയെ കണ്ടെത്തിയെന്നും ഉടൻ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞ ശേഷമേ വിവാഹം ഉണ്ടാകൂവെന്നുമാണ് നടൻ മാധ്യമങ്ങളോട് പറഞ്ഞത്.

ആരാധകർ ഏറെ കാത്തിരുന്ന കിംഗ് ഖാന്റെ ചിത്രമായിരുന്നു ജവാൻ. എന്നാലിപ്പോൾ സിനിമയുടെ ദൃശ്യങ്ങൾ ചോർന്നുവെന്നാണ് നിർമാതാക്കൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ പങ്ക് വച്ച 5 ട്വിറ്റർ അക്കൗണ്ടുകൾക്ക് റെഡ് ചില്ലീസ് എന്റർടെയിൻമെന്റിന്റെ പരാതിയിൽ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സിനിമയിലെ ചില സീനുകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ ചിത്രങ്ങൾ ചോർത്തിയവർക്കെതിരെ ഐ ടി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ചിത്രീകരണ വേളയിൽ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു.

ഇവയെല്ലാം മറികടന്നാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നത്. തമിഴ് സംവിധായകൻ അറ്റ്ലീയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നടനായി എത്തുന്ന സിനിമയാണ് ജവാൻ. നയൻ താരയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. സെപ്തംബർ 7 ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് സിനിമ റിലീസിനെത്തുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയും ദീപികയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാരൂഖ്‌ ഖാന്റെ ഭാര്യ ഗൗരി ഖാനാണ് റെഡ് ചില്ലീസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്.

മുംബൈ : താൻ മുംബൈയിൽ സ്ഥിരമായി താമസിക്കാത്തതിന്റെ കാരണം അധോലോക സംസ്കാരമാണെന്ന് വ്യക്തമാക്കി റഹ്മാൻ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഗീത സംവിധായകനായ റഹ്മാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. എപ്പോഴും സ്ഥിരമായി താമസിക്കാൻ ഇഷ്ടപ്പെടുന്നത് ചെന്നൈ തന്നെയാണെന്നാണ് താരം വെളിപ്പെടുത്തിയത്.

താൻ സിനിമയിൽ വളർന്നു വന്ന കാലം മുംബൈയിൽ സ്ഥിര താമസമാക്കിയാൽ നിരവധി ഓഫർ തരാമെന്ന് നിർമാതാക്കൾ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ മുംബൈയുടെ അന്നത്തെ അധോലോക ബന്ധം തന്നെ ചെന്നൈ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചെന്നുമാണ് റഹ്മാൻ പറഞ്ഞത്. ഇപ്പോൾ റഹ്‌മാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തമിഴ് ചിത്രങ്ങളിലാണ്. പൊന്നിയിൽ സെൽവനിലായിരുന്നു റഹ്മാൻ അവസാനമായി സംഗീത സംവിധാനം നിർവഹിച്ചത്.