Entertainment (Page 33)

ചെന്നൈ : തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള നടനാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. അടുത്തിടെ താരത്തിന്റെ സിനിമയായ ജയിലറിലെ ഗാനം ‘കാവാല’ വളരെ ഹിറ്റായിരുന്നു. എന്നാൽ തന്റെ പുതിയ ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ വലിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു മദ്യപാനം എന്നാണ് രജനി കാന്ത് പറഞ്ഞിരിക്കുന്നത്.

മദ്യമില്ലായിരുന്നുവെങ്കിൽ താൻ ഇതിലും വലിയ ഉയരങ്ങളിൽ എത്തിയേനെയെന്നും താൻ സമൂഹത്തെ സേവിച്ചേനെയെന്നുമാണ് താരം തുറന്നു പറഞ്ഞത്. എന്നാൽ താരം ഇതാദ്യമായല്ല മദ്യപാനത്തെ പറ്റി സംസാരിക്കുന്നത്. രജനി കാന്ത് മുഖ്യവേഷം ചെയ്ത കാല എന്ന സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഭാര്യയെ നഷ്ടപ്പെടുന്നത് മദ്യപാനം മൂലമാണ്. ആ സിനിമക്ക് മുൻപ് വരെ മദ്യവും സിഗററ്റുമെല്ലാം സ്റ്റൈലിന്റെ ഭാഗമായാണ് താരം ഉപയോഗിച്ചിരുന്നതെങ്കിലും ആ സിനിമ തികച്ചും മദ്യത്തിനെതിരെയുള്ള സന്ദേശമാണ് തന്നത്. രജനികാന്തിന്റെ 169 മത്തെ ചിത്രമായ ജയിലർ ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യും.

ചെന്നൈ : പല മേഖലകളിലും ഇന്ന് എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. സംവിധായകരും നിർമാതാക്കളും ഫല പ്രദമായി ഇവയെല്ലാം സിനിമയിലും ഉപയോഗിച്ച് വരുന്നതിനെപറ്റി ആലോചിച്ച് വരികയാണ്. എന്നാൽ തമിഴ് സിനിമ ഇൻഡസ്ട്രിയിൽ ചിത്രീകരണം പുരോഗമിക്കുന്ന വെപ്പൺ എന്ന ചിത്രത്തിൽ നിർമിത ബുദ്ധി ഉപയോഗിക്കാൻ പോകുന്നുവെന്ന വാർത്തയാണ് സിനിമ മേഖലയിൽ ഇപ്പോൾ ചർച്ചയാവുന്നത്. ബാഹുബലിയിലെ കട്ടപ്പയായി തിളങ്ങിയ സത്യരാജ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ നടന്റെ കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങളിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.

അതി മാനുഷിക ശക്തിയുള്ള കഥാപാത്രമായി സത്യരാജ് എത്തുന്ന ചിത്രം സംവിധാനം ചെയ്തത് ഗുഹൻ സെന്നിയപ്പയാണ്. മിത്രൻ എന്ന കഥാപാത്രത്തിൽ നടനെത്തുമ്പോൾ എങ്ങനെയാണ് നടന് അതിമാനുഷിക ശക്തി ലഭിച്ചുവെന്നതിന്റെ വിവരണത്തിനായി കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങളിലാണ് എ ഐ കടന്നു വന്നിരിക്കുന്നത്.ഇന്ത്യൻ സിനിമയിൽ തന്നെ ഈ ചിത്രമാണ് എ ഐ സാങ്കേതിക വിദ്യയിൽ ആദ്യമായി ചിത്രീകരിച്ചതെന്ന് സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈ : രജനി കാന്ത് ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ജയിലർ. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻ ലാലുമുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയുന്ന ചിത്രം ഓഗസ്റ്റ് 10 ന് തീയറ്ററിലെത്തും. ചിത്രത്തെപ്പറ്റി തമന്ന അടുത്തിടെ പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിത്രം പാൻ ഇന്ത്യൻ അല്ലെന്നും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ്സ് എന്റെർറ്റൈനറാണെന്നുമാണ് തമന്ന പറഞ്ഞത്.

പേര് പറയുന്നത് പോലെ തന്റെ കരിയറിലെ 169 മത്തെ ചിത്രമായ ജയിലറിൽ ഒരു തടവ് കാരന്റെ വേഷത്തിലാണ് രജനി എത്തുന്നത്. നടന്റെ കഥാപാത്രത്തിന്റെ പേര് മുത്തു വേൽ പാണ്ഢ്യനെന്നാണ്. സ്‌റ്റൻഡ് ശിവ ആക്ഷൻ കൊറിയോഗ്രാഫറായ ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് വിജയ് കാർത്തിക് കണ്ണനാണ്. ചിത്രത്തിന്റെ സെൻസറിങിൽ 11 മാറ്റങ്ങളാണ് ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.

ന്യൂ ഡൽഹി : മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു ഇറങ്ങിപോയതിന് പിന്നാലെ ഭരണകക്ഷി അംഗങ്ങളുടെ ചർച്ചയ്ക്ക് ശേഷം സിനിമാട്ടോഗ്രഫി ആക്ട് ഭേദഗതി ചെയ്തു. സെൻസർ ബോർഡ് അംഗീകാരവുമായി ബന്ധപ്പെട്ടാണ് പുതിയ ഭേദഗതി. സിനിമയ്ക്ക് പൂർണമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്‌തമാകുന്ന ചട്ടങ്ങൾ ആക്ടിന്റെ ഭേദഗതിയിൽ വരും. ഈ ചട്ടം നേരത്തെയും ഉണ്ടായിരുന്നെങ്കിലും 1990 ൽ ശങ്കരപ്പ കേസ് പരിഗണിക്കുമ്പോൾ ഇത് പാടില്ലായെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

സിനിമാ പകർത്തി പ്രദർശിപ്പിച്ചാൽ 3 വര്ഷം തടവും നിർമാണചിലവിന്റെ 5 % പിഴയും ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ടാക്കി. തീയേറ്ററിൽ സിനിമ പകർത്തുന്നവർക്ക് വരെ ഈ നിയമം ബാധകമാവും.പ്രായപൂർത്തിയതിയാവുന്നവർക്ക് നൽകുന്ന എ സർട്ടിഫിക്കറ്റ്, എല്ലാവർക്കും കാണാവുന്ന യു സർട്ടിഫിക്കറ്റ്, അതിനോടൊപ്പം യു എ കാറ്റഗറിയിൽ 7+, 13+, 16+എന്നിങ്ങനെ വിവിധ പ്രായക്കാർക്ക് സർട്ടിഫിക്കറ്റ് നൽകാനും തീരുമാനമായി. സെൻസർ സർട്ടിഫിക്കറ്റിന്റെ കാലാവധി 10 വർഷം എന്നതിന് പകരം എന്നത്തേക്കുമാക്കുന്നുവെന്നതാണ് മറ്റൊരു ഭേദഗതി.

സിനിമ ലൈസൻസിലെ നിയമങ്ങൾ ലഘൂകരിക്കാനും പകർപ്പുകൾ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് ബില്ലവതരിപ്പിക്കുമ്പോൾ അനുരാഗ് ഠാക്കൂർ പറഞ്ഞു. പകർപ്പവകാശ ലംഘനത്തിലൂടെ സിനിമ മേഖലയ്ക്ക് 20000 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. സി ബി എഫ് സി സ്വയംഭരണ സ്ഥാപനമായി തുടരുമെന്നും സെൻസർ ബോർഡ് അനുമതി നിഷേധിച്ച സിനിമ ട്രിബ്യുണൽ നിർത്തലാക്കിയ സാഹചര്യത്തിൽ അനുമതി കിട്ടാൻ വീണ്ടും സെൻസർ ബോർഡിൻറെ മറ്റൊരു ടീമിനെ കാണിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റൻ മില്ലറിന്റെ ടീസർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ ഇറങ്ങിയത്.ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ഡിസംബർ 15 ന് റിലീസ് ആവുന്ന ചിത്രത്തിന്റെ ടീസറിന് വമ്പിച്ച ജന സ്വീകാര്യതയാണ് ലഭിക്കുന്നത്.

അരുൺ മാതേശ്വരൻ തിരക്കഥയും സംവിധാവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. താരത്തിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ രാജ് കുമാർ, സുന്ദിപ് കിഷൻ ജോൺ കൊക്കെൻ, നിവേദിത സതീഷ് തുടങ്ങിയവർ പ്രധാന വേഷമിടുന്നു.

താൻ ഡയറക്ടർമാർ പറയുന്നതിനനുസരിച്ച് അഭിനയിക്കുന്ന നടനാണെന്ന് ദുൽഖർ സൽമാൻ. ഓരോ സെറ്റുകളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ വേറിട്ടതാണെന്നും ഇവയെല്ലാം ആസ്വദിക്കുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു. ബോളിവുഡ് ഹങ്കാമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം . പല ഇൻഡസ്ട്രിയിലുള്ള സംവിധായകരുടെ കൂടെ അഭിനയിച്ചതിൽ നിന്നും എന്തൊക്കെയാണ് പഠിച്ചതെന്ന ചോദ്യത്തിന് മറുപടിയായാണ് നടൻ ഇങ്ങനെ പറഞ്ഞത്. താൻ അഭിനയിക്കുന്ന ടീമിൽ ചേർന്ന് നിന്ന് തന്റേതായ സംഭാവന സിനിമക്ക് നൽകുമെന്നും വ്യത്യസ്‍ത ഭാഷയിൽ വ്യത്യസ്ത ആശയവും എഴുത്തുമുള്ള ഇൻഡസ്ട്രിയിൽ അഭിനയിച്ചത് ഓരോ ദിവസവും തന്റെ ജീവിതം വ്യത്യസ്തമാക്കുന്നുവെന്ന് നടൻ അഭിപ്രായപ്പെട്ടു.ദുൽഖർ സൽമാനും ഗായികയും നടിയുമായ ജസ്‌ലീൻ റോയാലും ഒന്നിച്ച ആൽബമാണ് നടന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആൽബം. കിംഗ് ഓഫ് കൊത്തയാണ് ഇനി റിലീസിനൊരുങ്ങുന്ന നടന്റെ ചിത്രം. ഓണത്തിനാണ് ചിത്രം റിലീസ് ആകുന്നത്.

മുംബൈ : ബോളിവുഡിലെ മുൻനിര നടിയായ ആലിയ ഭട്ട് സിനിമയിൽ മാത്രമല്ല ബിസ്സിനസ്സിലും മുന്നിലായുണ്ട്. കുട്ടികൾക്കായി ഡിസൈനർ വസ്ത്രം നൽകുന്ന ആലിയയുടെ സ്വന്തം കമ്പനിയാണ് എഡ് -എ -മമ്മ. വലിയ വിലയില്ലാതെ കുട്ടികൾക്ക് മികച്ച നിലവാരം പുലർത്തുന്ന വസ്ത്രങ്ങൾ നൽകുക എന്നാണ് ഈ സംരംഭത്തിലൂടെ ആലിയ ആഗ്രഹിച്ചത്. 2020 ൽ ആരംഭിച്ച ഈ ബ്രാൻഡിലെ വസ്ത്രങ്ങൾ ഇ -കോമേഴ്‌സ് വഴിയും അജിയോ, മിന്ത്ര, ആമസോൺ, ടാറ്റ ക്ലിക്ക് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ് ഫോം വഴിയാണ് വിറ്റഴിക്കുന്നത്. എന്നാൽ എഡ് -എ -മമ്മ എന്ന ബ്രാൻഡിനെ 350 കോടി രൂപയ്ക്ക് വാങ്ങാനൊരുങ്ങുകയാണ് റീലയൻസ്.

ഈ ബ്രാൻഡ് ഏറ്റെടുക്കുന്നത് വഴി കുട്ടികളുടെ വസ്ത്ര ശേഖരത്തെ വിപുലീകരിക്കാനാണ് അംബാനി ലക്ഷ്യമിടുന്നത്. ഭൂമിക്ക് ദോഷം വരാത്ത എല്ലാ ബിസിനസ്സുകളിലും താരം നിക്ഷേപം നടത്താറുണ്ട്. ഭൂൽ കോ എന്ന ഐ ഐ ടി കാൺപൂരിന്റെ പിന്തുണയുള്ള ബ്രാൻഡിലും 2022 ൽ താരം നിക്ഷേപം നടത്തിയിരുന്നു. വനിതാ സംരംഭങ്ങളായ നൈക, ക്രക്കർ തുടങ്ങിയ ബ്രാൻഡുകളിലും നടിക്ക് നിക്ഷേപമുണ്ട്. എറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ ഹൗസും സ്വന്തമാക്കിയുള്ള നടിയുടെ ആസ്തി 300 കോടി രൂപയാണ്.

തെലുങ്ക് നടനാണെങ്കിലും മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട ഇന്ത്യയിൽ തന്നെ ഹേറ്റേഴ്‌സ് കുറവായിട്ടുള്ള ഒരു നടനാണ് അല്ലു അർജുൻ. ആരാധകരുമായി ഒരു പ്രത്യേക ബന്ധം സൂക്ഷിക്കുന്ന നടനാണ് ഇദ്ദേഹം. അടുത്തിടെ മീറ്റയുടെ സഹ സ്ഥാപനമായ ത്രെഡ്സ് എന്ന ആപ്ലിക്കേഷൻ ഇറങ്ങിയിരുന്നു. ഒട്ടേറെ നടന്മാരും സാംസ്കാരിക രാഷ്ട്രീയ പ്രമുഖരും ജനങ്ങളും ആപ്പിനെ ഏറ്റെടുത്തിരുന്നു. എന്നാൽ ത്രെഡ്സ് ആപ്ലിക്കേഷനിൽ വൺ മില്യൺ ഫോളോവെർസ് എന്ന നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ സിനിമ താരമെന്ന റെക്കോർഡ് നേടിയിരിക്കുകയാണ് അല്ലു അർജുൻ.

ത്രെഡ്സ്ആപ്പ് ലോഞ്ച് ആയി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ വൺ മില്യൺ ഫോളോവെഴ്‌സുമായി മുന്നേറുകയാണ് നടൻ. 2021 ൽ ഇറങ്ങിയ പുഷ്പ എന്ന ഹിറ്റ് ചിത്രമാണ് അല്ലു അർജുന്റെ അടുത്ത കാലത്ത് റിലീസായ ചിത്രം. ഈ ചിത്രത്തിന്റെ തന്നെ രണ്ടാംപതിപ്പാണ് നടന്റെ അടുത്ത റിലീസാകാനുള്ള ചിത്രം.

ചെന്നൈ : തമിഴ് സിനിമയിൽ തമിഴ് കാലാകാരന്മാർ മാത്രം മതിയെന്ന ഫെഫ്‌സിയുടെ പരാമർശം അടുത്തിടെ വൻ വിവാദമായിരുന്നു. എന്നാൽ തങ്ങൾ ഉദേശിച്ചത് താരങ്ങളുടെ കാര്യമല്ലെന്നും ദിവസ വേതനക്കാരുടെ കാര്യമാണ് പറഞ്ഞതെന്നും വെളിപ്പെടുത്തി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ. താരങ്ങളെ വിലക്കാൻ തങ്ങളുടെ സംഘടനയ്ക്ക് ഒരു അധികാരവുമില്ലെന്ന് ഫെഫ്സിയുടെ ജനറൽ സെക്രട്ടറി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മലയാളത്തിൽ നിന്ന് അടക്കമുള്ള താരങ്ങളെ ഫെഫ്‍സി അഭിനയിപ്പിക്കരുതെന്ന് പറഞ്ഞത് വൻ വിവാദമായതോടെ സംവിധായകൻ വിനയൻ, നടൻ റിയാസ് ഖാൻ തുടങ്ങിയവർ ഫെഫ്സിക്കെതിരെ രംഗത്ത് വന്നിരുന്നു.

തെലുങ്ക് മേഖലയിൽ നിന്ന് കൂടി പ്രതിഷേധം വര്ധിച്ചതോടെയായിരുന്നു ഫെഫ്സിയുടെ പ്രതികരണം. അടിസ്ഥാന രഹിതമായ പ്രചാരണമാണ് നടക്കുന്നതെന്നും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ആൻഡ് ലൈറ്റ് കമ്പനിയുമായി ദിവസ വേതനക്കാരുടെ കാര്യം സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായതാണ് ഇങ്ങനെ പരാമർശം നടത്തിയതിന് പിന്നിലെന്നും ഫെഫ്‍സി ജനറൽ സെക്രട്ടറി കൂട്ടി ചേർത്തു.

താര രാജാവ് മോഹൻലാൽ നായകനാകുന്ന തെലുങ്ക് – മലയാളം ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. വൃഷഭ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടന്റെ മകനായി റോഷൻ മെകയാണ് എത്തുന്നുത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാലിനൊപ്പം ഷനായ കപൂറും സാറ എസ് ഖാനും എത്തുന്ന വൃഷഭയുടെ ഷൂട്ടിങ് ജൂലൈ 22 നാണ് ആരംഭിച്ചത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരം പുറത്ത് വിട്ടിട്ടില്ല. സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ചിത്രത്തിൽ നായികയായെത്തുന്നത് ഷനായയാണ്.

2024 ലെ ഏറ്റവും വലിയ ചിത്രമായ വൃഷഭയിൽ പ്രതിപാദിക്കുന്നത് അച്ഛന്റെയും മകന്റെയും നാടകീയമായ കഥയാണ്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തുന്നുണ്ട്. എ വി എസ് സ്‌റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത തുടങ്ങിയവരും ടെലി ഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ തുടങ്ങിയവരാണ് ചിത്രം നിർമിക്കുന്നത്.