Entertainment (Page 35)

കിംഗ് ഓഫ് കൊത്തയുടെ റിലീസിന് ശേഷം ആരാധകരോടും പ്രേക്ഷകരോടും നന്ദി പറഞ്ഞു ദുൽഖർ സൽമാൻ. ‘ ഞാൻ പ്രതീക്ഷിച്ചതിലും അധികം സ്നേഹവും പിന്തുണയും നിങ്ങൾ എനിക്ക് തന്നു. ഞാനിവിടെ എത്താനുള്ള കാരണം തന്നെ നിങ്ങൾ ഓരോരുത്തരുമാണ്. വീണു പോയപ്പോഴെല്ലാം എന്നെ പിടിച്ചുയർത്തി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചത് നിങ്ങളുടെ പിന്തുണയാണ് ‘എന്നായിരുന്നു ദുൽഖർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ‘കിംഗ് ഓഫ് കൊത്തയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിൽ ഞൻ വിനീതനാണ്. നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്ക് സാധിച്ചതിൽ സന്തോഷം. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു’ എന്നും ദുൽഖർ കൂട്ടിച്ചേർത്തു.

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത എന്ന സിനിമ ഓഗസ്റ്റ് 24 നാണ് റിലീസായത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ ലഭിക്കുന്നത്. ഒരു ഗ്യാങ്സ്റ്റർ വേഷത്തിലെത്തുന്ന ദുൽഖറിന്റെ പ്രകടനത്തിന് മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുൽസുരേഷ്, ഷബീർ കല്ലറക്കൽ, പ്രസന്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ന്യൂ ഡൽഹി : ബിജെപി എംപി അഭിനയിച്ച ചിത്രമായ ഗദാർ -2 പാർലമെന്റിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പുതിയ പാർലമെന്റ് മന്ദിരത്തിൽ സിനിമ പ്രദർശിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെയാണ് കോൺഗ്രസ് എതിർത്തത്. ഇന്ത്യൻ ജനാധിപത്യത്തെ വിശ്വ ഗുരു അസംബന്ധത്തിന്റെ തിയേറ്റർ ആക്കി മാറ്റിയെന്നാണ് കോൺഗ്രസ് ആരോപിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് വിമർശനം രേഖപ്പെടുത്തിയത്.

ബാങ്ക് ഓഫ് ബറോഡയ്ക്ക് 56 കോടി രൂപ നൽകാനുള്ള ബിജെപി എംപിയാണ് ഗദാർ -2 നായകൻ. സിനിമയിറങ്ങി 24 മണിക്കൂറിനുള്ളിൽ എംപി ക്കെതിരെയുള്ള നടപടി ബാങ്ക് ഓഫ് ബറോഡ പിൻവലിച്ചെന്നും ജയറാം രമേശ് ട്വിറ്ററിൽ പ്രതികരിച്ചു. പാർലമെന്റിൽ വരാത്തതിന് റെക്കോർഡുള്ള എംപിയുടെ ചിത്രമാണ് ഇപ്പോൾ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. നശിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിന് കടുത്ത നാണക്കേട് ഉണ്ടാക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

മരണമടഞ്ഞ് മൂന്നുവർഷം കഴിയുമ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാവുകയാണ് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുട്ട്. ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരമായി സേഫ് ലാൻഡ് ചെയ്തപ്പോൾ ആരാധകർ ഏറ്റവും ഓർത്തത് സുശാന്തിനെയാകും. ചന്ദ്രനിൽ സ്വന്തമായി ഭൂമിയുള്ള ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം സ്ഥിരമായി ചെയ്തിരുന്ന അതിലുപരി ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിച്ച നടനായിരുന്നു സുശാന്ത്. ബോളിവുഡിൽ നടനായി തിളങ്ങിയപ്പോഴും തന്റെ ഭൗതികശാസ്ത്രത്തിലെ പ്രാവീണ്യം കൊണ്ട് ഭൂമിയെയും ബഹിരാകാശത്തെയും ചന്ദ്രനെയും പറ്റി പഠിക്കാൻ താരം കുറെ ശ്രമിച്ചിരുന്നു.

2018 ൽ ചന്ദ്രനിലേക്ക് പോകുന്ന കഥ പറയുന്ന ‘ചന്ദാ മാമാ ദൂർ കെ’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി താരം തീരുമാനിച്ചിരുന്നു. ആ ചിത്രത്തിൽ ഒരു ബഹിരാകാശ സഞ്ചാരിയുടെ വേഷമായിരുന്നു സുശാന്തിന് നൽകാൻ സംവിധായകൻ തീരുമാനിച്ചിരുന്നത്. സിനിമയുടെ പ്രൊഡക്ഷൻ വർക്കുകൾക്ക് മാത്രം 67 കോടി വേണ്ടി വരുമെന്ന കാരണത്താലാണ് ചിത്രം എടുക്കാനുള്ള തീരുമാനം തന്നെ നിന്നു പോയത് . ഈ സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി ആസ്‌ട്രോണട്ട് ആവാനുള്ള നാസയുടെ 2 വർഷത്തെ പ്രത്യേക ട്രെയിനിങ് നടൻ സ്വീകരിച്ചിരുന്നു. ‘ഞാൻ കുറച്ചു നാൾ കൂടി നാസയിൽ ട്രെയിനിങ് സ്വീകരിച്ചിരുന്നെങ്കിൽ എനിക്ക് ഇൻസ്ട്രക്ടർ ആകാം’ എന്നായിരുന്നു സുശാന്ത് അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കൊച്ചി അഞ്ചുമന ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിൽ 50 അടി നീളവും 25 അടി വീതിയും ഉള്ള പൂക്കളം തീർത്തിരിക്കുകയാണ് നിവിൻ പോളി ഫാൻസ് അസോസിയേഷൻ. നിവിൻ പോളിയുടെ ചിത്രമാണ് ആരാധകർ ഈ പൂക്കളത്തിൽ ഒരുക്കിയിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ രാമചന്ദ്രബോസ് ആൻഡ് കോ യുടെ പ്രമോഷൻ പരിപാടിയോട് അനുബന്ധിച്ചായിരുന്നു ഭീമാകാരമായ പൂക്കളം നിർമിച്ചത്. പൂക്കളം നേരിട്ട് കാണാനായി നിവിൻ പോളിയും അവിടെയുണ്ടായിരുന്നു.

ഓണ റിലീസായി തിയേറ്ററിൽ എത്തുന്ന രാമചന്ദ്രബോസ് ആൻഡ് കോ സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. ഒരു നല്ലവനായ കൊള്ളക്കാരന്റെയും അദ്ദേഹത്തിന്റെ കൊള്ളയുടെയും കഥയാണ് ഹാസ്യാത്മകമായി ചിത്രത്തിൽ പറയുന്നത്. യുഎഇയിലും കേരളത്തിലുമായി ഷൂട്ടിംഗ് ചെയ്ത ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ്.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ഉണ്ണി മുകുന്ദൻ നായകനാകും. ‘ജയ് ഗണേശ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രഞ്ജിത് ശങ്കർ തന്നെയാണ് നിർവഹിക്കുന്നത്. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ ഉണ്ണിമുകുന്ദൻ ഫിലിംസും രഞ്ജിത് ശങ്കറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ഡ്രീം ആൻഡ് ബിയോണ്ട് ഫിലിംസും ചേർന്നാണ് ‘ജയ് ഗണേശ് ‘ നിർമ്മിക്കുന്നത്. ഗണേശോത്സവത്തോടനുബന്ധിച്ച് ഒറ്റപ്പാലത്ത് നടന്ന ചടങ്ങിൽ ആയിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ രഞ്ജിത് ശങ്കർ ഔദ്യോഗികമായി ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പങ്കുവെച്ചിരുന്നു.

‘ജയ് ഗണേശ് സിനിമയിലേക്ക് ഞാൻ നടനെ തിരയുകയായിരുന്നു. മാളികപ്പുറത്തിനുശേഷം കഴിഞ്ഞ ഏഴുമാസമായി ഉണ്ണി മുകുന്ദനും ഒരു സിനിമയിലും അഭിനയിച്ചിരുന്നില്ല. നല്ല തിരക്കഥയ്ക്കായി ആ സമയം കാത്തിരിക്കുകയായിരുന്നു ഉണ്ണി. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ഉണ്ണി അന്വേഷിച്ച തിരക്കഥയും ഞാൻ ഉദ്ദേശിച്ച നടനെയുമാണ് കണ്ടെത്താൻ കഴിഞ്ഞത്. തുടർന്നാണ് ഈ പ്രൊജക്റ്റ് ഒരുമിച്ച് നിർമ്മിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇത് ആവേശവും വെല്ലുവിളിയും നിറഞ്ഞ യാത്രയാണെങ്കിലും ഇതിലെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കും’ എന്നാണ് രഞ്ജിത്ത് ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജയ് ഗണേശ് സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്. വിനയൻ സംവിധാനം ചെയ്യുന്ന അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗത്തിൽ ഉണ്ണി മുകുന്ദനാണ് നായകൻ.

അക്ഷയ് കുമാർ ചിത്രം ഒ എം ജി 2 പരാജയമാണെന്ന് പ്രചരിക്കുന്നതിനിടെ സിനിമയുടെ കളക്‌ഷൻ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. അക്ഷയ് കുമാർ ഒരു രൂപ പോലും പ്രതിഫലം വാങ്ങാത്ത ചിത്രത്തിൻറെ കളക്ഷൻ 114 കോടി കടന്നതായാണ് പുറത്ത് നിന്ന് വരുന്ന വിവരങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.

ഗഡാർ -2 വെന്ന സണ്ണി ഡിയോൾ ചിത്രം തീയറ്ററിൽ തകർത്തോടുന്നതിനിടയിൽ ഒ എം ജി 2 100 കോടി ക്ലബ്ബിൽ കയറിയത് നിർമാതാക്കൾക്ക് ആശ്വാസ്യകരമായ വാർത്തയാണ്. ചിത്രം ഉടൻ 125 കോടി കടക്കുമെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് വ്യക്തമാക്കുന്നു. ഒ എം ജി 2 പ്രൈം ഷോകളിൽ ഹൗസ് ഫുൾ സ്റ്റാറ്റസിലെത്തിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അക്ഷയ് കുമാർ നായകനായ ചിത്രത്തിൽ യാമിഗൗതം, പങ്കജ് ത്രിപാഠി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ കാലിൽ തൊട്ട് വന്ദിച്ചത് വിവാദമായതിന് പിന്നാലെ അതിന് മറുപടിയുമായി രജനികാന്ത് രംഗത്തെത്തി. പ്രായമല്ല ബഹുമാനം നൽകാൻ താൻ സ്വീകരിക്കുന്ന മാനദണ്ഡമെന്നും തന്നെക്കാൾ പ്രായം കുറഞ്ഞ യോഗിയെയോ സന്യാസിയെയോ കണ്ടാൽ കാൽ തൊട്ട് വണങ്ങുമെന്നും രജനി പ്രതികരിച്ചു. യോഗിയുടെ കാൽ തൊട്ട് വന്ദിച്ച സംഭവത്തിൽ രാജ്യത്തിന്റെ പലയിടത്ത് നിന്നും രജനിയെ വിമർശിച്ച് ആളുകൾ രംഗത്തെത്തിയിരുന്നു.

ഉത്തർപ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങൾ രജനി ഓർക്കാത്തതെന്താണെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ യോഗിയെ എന്തിന് തൊട്ടു വണങ്ങിയെന്നുമൊക്കെയായിരുന്നു രജനിക്കെതിരെയുള്ള പരസ്യ വിമർശനങ്ങൾ. എന്നാൽ ഒരു കൂട്ടം ആളുകൾ രജനിയെ അനുകൂലിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇതോടെയായിരുന്നു യോഗിയെ കാൽ തൊട്ട് വണങ്ങിയ സംഭവത്തിൽ രജനി മാധ്യമങ്ങളോട് പ്രതികരണം നടത്തിയത്. അതെ സമയം രജനികാന്തിന്റെ ജയിലർ സിനിമ 500 കോടി ക്ലബ് കടന്നിരിക്കുകയാണ്. ഈ സമയം രജനി ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആത്മീയ പാതയിലാണ്.

അമ്മയായതിന് ശേഷമുണ്ടായ ശരീര ഭാരം കാരണം താൻ നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെ പറ്റി വ്യക്തമാക്കി നടി സമീറ റെഡ്‌ഡി. ഇന്നും തടിച്ചതിന്റെ പേരിൽ കളിയാക്കപ്പെടുന്നുണ്ടെന്നും ഇത്തരത്തിലുള്ള കമന്റുകളിൽ പിടിച്ചു നിൽക്കുന്ന സ്ത്രീകൾ അഭിനന്ദനമർഹിക്കുന്നുണ്ടെന്നും സമീറ പ്രതികരിച്ചു. ഓരോ ശരീരവും വ്യത്യസ്തമായതിനാൽ സ്ത്രീ അമ്മയാകുന്ന സമയത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ സാധാരണമായി കാണണം.

വൈകാരികമായും ശാരീരികമായും സുഖം പ്രാപിക്കാൻ സമയം വേണ്ടതായുണ്ട്. പ്രസവ ശേഷം ശരീരം പഴയപോലെയാകണമെന്ന് നിയമമില്ലെന്നും നടി അഭിപ്രായപ്പെട്ടു. പല സ്ഥലത്ത് നിന്നുണ്ടാകുന്ന ബോഡി ഷെയ്മിങ് തളർത്തിയിരുന്നെന്നും എന്നാൽ ഭർത്താവിന്റെ ആ സമയത്തെ പിന്തുണ എന്നെ ശക്തയാക്കിയെന്നും നടി വിശദീകരിച്ചു. അക്ഷയ് വർദയാണ് നടിയുടെ ഭർത്താവ്. ദമ്പതികൾക്ക് ഹൻസ്, നൈറ എന്നീ രണ്ടു കുട്ടികളുണ്ട്.

ഓണത്തിന് തീയറ്ററിലെത്തുന്ന ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രമാണ് കിങ് ഓഫ് കൊത്ത. ഓഗസ്റ്റ് 24 ന് റിലീസാകുന്ന ചിത്രത്തിന് വലിയ രീതിയിലുള്ള പ്രൊമോഷനാണ് അണിയറ പ്രവർത്തകർ നൽകി വരുന്നത്. ഇപ്പോഴിതാ പ്രൊമോഷന്റെ ഭാഗമായി ന്യൂ യോർക്കിലെ ടൈം സ്ക്വയറിൽ വരെ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം.

ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത ഹൈപ്പും പ്രൊമോഷനുമാണ് കിംഗ് ഓഫ് കൊത്തയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ‘കലാപകാര’ എന്ന ഗാനവും ‘ഈ ഉലകിൻ രാപ്പകൽ’ എന്ന ഗാനവും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് മുതൽ ബുക്ക് മൈ ഷോയിലും ചിത്രം ട്രെൻഡിങ്ങാണ്. 50 കോടി രൂപ ബഡ്ജറ്റിൽ നിർമിച്ചിരിക്കുന്ന ചിത്രം അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത് . ഐശ്വര്യ ലക്ഷ്മി നടിയായെത്തുന്ന ചിത്രത്തിൽ രണ്ട് കാല ഘട്ടത്തിലെ കഥയാണ് പറയുന്നത്.

നടൻ പ്രഭാസ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ടുകൾ. കാൽമുട്ടിന്റെ സർജറിക്ക് വേണ്ടിയാണ് നടൻ കുറച്ചു കാലത്തേക്ക് സിനിമയിൽ നിന്നും വിട്ട് നിൽക്കുന്നത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് പെട്ടെന്നാണ് സർജറി തീരുമാനിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. നടന്റെ സർജറി വിവരം പുറത്തുവന്നതോടെ പ്രഭാസിന് വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെ എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.

അതേസമയം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ നടന് ചെയ്യേണ്ടതായുള്ളതിനാൽ അധികം കാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കാനും കഴിയില്ല. കൽക്കി 2898ആണ് പ്രഭാസിന്റെ പ്രദർശനത്തിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കൽക്കിയിൽ നടനൊപ്പം കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി, പശുപതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 600 കോടി ബജറ്റിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്.