പരീക്ഷാ തീയതികളിൽ മാറ്റമില്ല: വിദ്യഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഡി ഡി, ആർ ഡി ഡി, എ ഡി, ഡി ഇ ഒ തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഓൺലൈൻ യോഗമാണ് ചേർന്നത്.

ഫെബ്രുവരി 14 മുതൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ വീണ്ടും ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ തവണ സ്‌കൂൾ തുറക്കുമ്പോൾ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ചു തന്നെയാകും ഇത്തവണയും സ്‌കൂളുകൾ തുറക്കുക. നിശ്ചയിച്ച പാഠഭാഗങ്ങളിൽ എത്ര പഠിപ്പിച്ചു എന്ന കാര്യം യോഗം വിലയിരുത്തി. എസ് എസ് എൽ സിയിൽ ഏതാണ്ട് 90% വും ഹയർ സെക്കണ്ടറിയിൽ 75 % വും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചതായി ഉദ്യോഗസ്ഥർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പാഠങ്ങൾ പഠിപ്പിച്ചു തീർക്കണം. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള നടപടികൾ കൈക്കൊള്ളും. ബി ആർ സി റിസോർസ് അധ്യാപകരുടെയും എസ് എസ് കെ ,ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര – പിന്നാക്ക മേഖലകളിൽ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി ലഭ്യമാക്കും.

അധ്യാപകരിലെ കോവിഡ് ബാധ മൂലം പഠനം തടസപ്പെടുന്നുണ്ടെങ്കിൽ ദിവസവേതന നിരക്കിൽ താൽക്കാലിക അധ്യാപകരെ വെക്കാവുന്നതാണ്. ആഴ്ചയിലൊരിക്കൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിലും ജില്ലകൾ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും റിപ്പോർട്ട് നൽകണം. ഓഫ്‌ലൈൻ, ഓൺലൈൻ രൂപത്തിൽ ക്ലാസുകൾ ഉണ്ടാകും. പരീക്ഷാ തീയതികളിൽ മാറ്റമില്ല.

അതേസമയം തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്തെ അങ്കണവാടികൾ ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ ഗാർഡൻ ക്ലാസുകൾ തുടങ്ങിയവ തിങ്കളാഴ്ച മുതൽ ഓഫ് ലൈനായി പ്രവർത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. അങ്കണവാടികൾ തുടർച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികൾ തുറന്ന് കഴിഞ്ഞാൽ കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരങ്ങൾ കൃത്യമായി നൽകാനും സാധിക്കും. ചെറിയ കുട്ടികളായതിനാൽ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കർശനമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.